
രഞ്ജി ട്രോഫി: ഫൈനൽ മത്സരത്തിലേക്കുള്ള കേരളത്തിന്റെ ചരിത്ര യാത്ര ഇങ്ങനെ..
-രഞ്ജിത്ത് ടി.ബി-
ചരിത്രത്തിൽ ആദ്യമായി രഞ്ജി ട്രോഫി ഫൈനലിലേക്കെത്തുന്ന കേരള ക്രിക്കറ്റ് ടീമിന്റെ ഈ ടൂർണമെന്റിൽ നേരിട്ട മത്സരങ്ങളുടെ ഒരു ചെറിയ അവലോകനം:
ഗ്രൂപ്പ് മത്സരങ്ങൾ
രഞ്ജി ക്രിക്കറ്റ് 2024-25 ടൂർണമെന്റിൽ ഗ്രൂപ്പ് സി യിൽ ഉൾപ്പെട്ട 8 ടീമുകളിൽ ഒന്നായിരുന്നു കേരളം. 2024 ഒക്ടോബർ 11 മുതൽ 14 വരെ തിരുവനന്തപുരം സെന്റ് സേവിയേഴ്സ് കോളേജ് ഗ്രൗണ്ടിൽ പഞ്ചാബിന് എതിരേ ആയിരുന്നു ആദ്യമത്സരം. ഒന്നാം ഇന്നിങ്‌സിൽ ചെറിയ ലീഡ് വഴങ്ങേണ്ടി വന്നെങ്കിലും 8 വിക്കറ്റ് വിജയം നേടാനായി. ഒക്ടോബർ 18 മുതൽ 21 വരെ കർണാടകയുമായുള്ള രണ്ടാം മത്സരം സമനിലയിൽ പിരിഞ്ഞു.
കൊൽക്കത്തയിൽ ബംഗാൾ ക്രിക്കറ്റ് ടീമിനെതിരെ സമനില നേടിയ മൂന്നാം മത്സരം ഓക്ടോബർ 26 മുതൽ 29 വരെയായിരുന്നു. തിരുവനന്തപുരം തുമ്പയിൽ നടന്ന നാലാം മത്സരത്തിൽ ഉത്തർപ്രദേശിനെതിരെ ഇന്നിങ്സിനും 117 റൺസിന്റെയും മികച്ച വിജയം നേടാനായി. ബൗളിംഗിൽ രണ്ടിന്നിംഗ്‌സുലും കൂടി 11 വിക്കറ്റും ബാറ്റിങിൽ 35 റൺസും നെടിയ ജലജ്ജ് സക്സേന മാൻ ഓഫ് ദി മാച്ച് നേടി.
നവംബർ 13 നു ആരംഭിച്ച ഹരിയാനിക്കെതിരെയുള്ള അഞ്ചാമത്തെ മത്സരവും ജനുവരി 23 -26 വരെ നടന്ന മധ്യപ്രദേശിനെതിരെയുള്ള ആറാം മത്സരവും സമനിലയിൽ പിരിഞ്ഞു. ഗ്രൂപ്പ് സിയിലെ കേരളത്തിന്റ അവസാന മത്സരത്തിൽ ബിഹാറിനെയായിരുന്നു നേരിട്ടതു. ഒരു ഇന്നിങ്‌സിനും 169 റൺസിനും വിജയിച്ച ഈ മത്സരത്തിൽ സൽമാൻ നിസ്സാർ മാൻ ഓഫ് ദി മാച്ച് അവാർഡ് നേടി 150 റൺസായിരുന്നു അദ്ദേഹത്തിന്റെ സംഭാവന. ഏഴു മത്സരങ്ങളിൽ മൂന്നു വിജയവും നാല് സമനിലയും നേടിയ കേരളം 28 പോയിന്റുകളുമാ്യി ഗ്രൂപ്പ് സി യിൽ രണ്ടാം സ്ഥാനത്തു ഫിനിഷ് ചെയ്തു ക്വാർട്ടർ ഫൈനലിലേയ്ക് യോഗ്യത നേടി.
ക്വാർട്ടർ ഫൈനൽ
ഗ്രൂപ്പ് മത്സരങ്ങൾ നാല് ദിവസമായിരുന്നത് ക്വാർട്ടർ ഫൈനൽ മുതൽ അഞ്ചു ദിവസത്തെ കളിയായിട്ടു മാറും. പൂനെയിൽ ഫെബ്രുവരി എട്ടിന് ആരംഭിച്ച മത്സരത്തിൽ ജമ്മു കാശ്മീർ ആയിരുന്നു കേരളത്തിന്റെ എതിരാളി. ടോസ് നേടിയ കേരള ക്യാപ്റ്റൻ സച്ചിൻ ബേബി ജമ്മു കാശ്മീരിനെ ബാറ്റിങിനയച്ചു. പതിനൊന്നിൽ പത്തു ബാറ്റർമാർക്കും രണ്ടക്കം കടക്കാനായെങ്കിലും 280 റൺസിനു എല്ലാപേരും പുറത്തായി. എം.ഡി നിധീഷ് കേരളത്തിനുവേണ്ടി 6 വിക്കറ്റ് നേടിയപ്പോൾ ആദിത്യ സർവാതെ രണ്ടും നെടുമൺകുഴി ബേസിൽ, ബേസിൽ തമ്പി എന്നിവർ ഓരോ വിക്കറ്റും നേടി. മറുപടി ബാറ്റിങിൽ ഒട്ടും ശുഭകരമല്ലാത്ത തുടക്കമായിരുന്നു കേരളത്തിന്റേത്, ആദ്യ മൂന്നു വിക്കറ്റുകൾ 11 റൺസിനുള്ളിൽ നഷ്ടപെട്ടു.
സ്‌കോർബോർഡ് 105 ൽ എത്തിയപ്പോൾ 36.4 ആം ഓവേറിൽ 67 റൺസ് (78 ബോളിൽ) നേടിയ ജലജ് സക്‌സേനയും 37.4 ആം ഓവേറിൽ ഓപ്പണർ അക്ഷയ് ചന്ദ്രനും (124 ബോളിൽ 26 റൺസ്) പുറത്തായത് കേരളത്തിനു തിരിച്ചടിയായി, തുടർന്നു ക്രീസിലെത്തിയ മുഹമ്മദ് അസ്ഹറുദീൻ മധ്യനിരയെയും വാലറ്റത്തെയും കൂട്ടുപിടിച്ചു പുറത്താകാതെ നേടിയ 112 റൺസുകൾ ജമ്മു കശ്മീരിനെതിരെ ആദ്യ ഇന്നിങ്സിലെ നിർണായകമായ 1 റൺസ് ലീഡ് നേടുന്നതിന് സഹായിച്ചു, 172 പന്തുകൾ നേരിട്ട അസറുദീൻ 12 ഫോറിന്റെയും 4 സിക്‌സറുകളുടേയും ബലത്തിലാണ് 112 റൺസ് കൈവരിച്ചത്. അക്വിബ് നബി 6 ഉം യുദ്വിർ സിംഗ്, സാഹിൽ ലോത്ര എന്നിവർ 2 വിക്കറ്റ് വീതവും കാശ്മീരിനു വേണ്ടി നേടി.
ഒന്നാം ഇന്നിംഗ്‌സ് സ്‌കോർ JK- 280/10, Kerala-281/10.
രണ്ടാം ഇന്നിംഗ്സിൽ ജമ്മു കാശ്മീർ 9 വിക്കറ്റ് നഷ്ടത്തിൽ 399 റൺസ് എന്ന മികച്ച സ്‌കോറിൽ ഡിക്ലയർഡ് ചെയ്തു ഏങ്കിലും കേരളത്തിനെ ഓൾ ഔട്ട് ആക്കുന്നതിൽ പരാജയപ്പെട്ടതു മൽസരം സമനിലയിലായാക്കി . രഞ്ജി ട്രോഫി നിയമപ്രകാരം ആദ്യ ഇന്നിഗ്സിൽ ലീഡ് നേടിയ കേരളത്തിനു സെമിയിലേക്കുള്ള വഴി തുറന്നു. ഒരു റൺസിന്റെ വില ക്രിക്കറ്റ് ലോകത്തിനു വീണ്ടും മനസിലാക്കിക്കൊടുത്ത മത്സരങ്ങളിൽ ഒന്നായിരുന്നു ഇത്. പറാസ് ദോഗ്ര 232 പന്തുകളില് 132 റൺസ് നേടി കശ്മീരിന്റെ രണ്ടാം ഇന്നിംഗ്‌സ് ടോപ് സ്‌കോറർ ആയി. എം.ഡി. നിധീഷ് 4 വിക്കറ്റും ആദിത്യ സർവാതെ, നെടുമൺകുഴി ബേസിൽ എന്നിവർ 2 വീതം വിക്കറ്റ് നേടി. മറുപടി ബാറ്റിങ്ങിൽ വിജയത്തിനപ്പുറം സമനില എന്ന ലക്ഷ്യവുമായിറങ്ങിയ കേരള ബാറ്റർമാർ വളരെ ശ്രദ്ധപൂർവ്വമായിട്ടാണ് തുടങ്ങിയത് ഏങ്കിലും നാലാംദിനം കളി അവസാനിക്കുമ്പോൾ 100/2 എന്നതായിരുന്നു കേരളത്തിന്റെ സ്‌കോർബോർഡ്.
നിർണയാകമായ അഞ്ചാം ദിനത്തിൽ ജമ്മു കശ്മീരിനു കേരളത്തിന്റെ അവശേഷിക്കുന്നു എട്ടു വിക്കറ്റുകൾ നേടി വിജയത്തിലേക്ക് എത്തുക എന്നതു മാത്രമായിരുന്നു ലഷ്യം. 100 നു 2 വിക്കറ്റിൽ നിന്ന് സ്‌കോർബോർഡ് 180 ലേക്ക് എത്തിയപ്പോൾ കേരളത്തിനു 6 വിക്കറ്റുകൾ നഷ്ടപെട്ടു എങ്കിലും തുടർ ബാറ്റർമാർ ആയ സൽമാൻ നിസാർ, മുഹമ്മദ് അസറുദ്ധീൻ കൂട്ടുകെട്ട് പൊളിക്കാൻ കശ്മീർ ബൗളേഴ്സ് പരാജയപെട്ടത്ത് മത്സരം സമനിലയിലാക്കി. 40 ഓവറിനു മുകളിൽ തുടരെ ബാറ്റ് ചെയ്ത ഈ സഖ്യം പുറത്താകാതെ 115 റൺസ് നേടി കേരള ഇന്നിംഗ്‌സിൽ സുപ്രധാന പങ്കു വഹിച്ചു. രണ്ടിന്നിംസിലും മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ചവച്ച സൽമാൻ നിസാർ പ്ലയെർ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു.
രണ്ടാം ഇന്നിംഗ്‌സ് സ്‌കോർ JK- 399/9d, Kerala-295/6
സെമിഫൈനൽ
രാജ്‌കോട്ടിലിൽ വെച്ചുനടന്ന ക്വാർട്ടർ ഫൈനലിൽ സൗരാഷ്ട്ര ക്രിക്കറ്റ് ടീമിനെതിരെ ഒരു ഇന്നിംഗ്സിനും 98 റൺസിനും വിജയംനേടിയാണ് ഗുജറാത്ത് കേരളത്തിനെതിരെ സെമിഫൈനലിലേക്കു പ്രവേശിച്ചത്.
അഹമ്മദാബാദിൽ ഫെബ്രുവരി 17നു ആരംഭിച്ച സെമിഫൈനൽ മൽസരത്തിൽ ടോസ്സ് നേടിയ കേരളം ബാറ്റിങ് തിരഞ്ഞെടുക്കുമ്പോൾ കൃത്യമായ ലക്ഷ്യം ആദ്യ ഇന്നിങ്‌സിൽ മാക്‌സിമം റൺസ് നേടിയെടുക്കുക എന്നുള്ളതായിരുന്നു. മികച്ച പ്രതിരോധത്തിൽ തുടങ്ങിയ കേരളംത്തിന്റെ ഓപ്പണിങ് സഖ്യം 60 റൺസ് വരെ നേടിയെങ്കിലും അടുത്ത 26 റൺസുകൾ നേടുന്നതിനിടയിൽ 3 വിക്കറ്റുകൾ നഷ്ടമായി 86/3 എന്ന സ്ഥിതിയിലേക്കായി, അപ്പോൾ ക്രീസിൽ എത്തിയ കേരള ബാറ്റർ മുഹമ്മദ് അസറുദീൻ മദ്ധ്യനിരയുടെയും വാലറ്റത്തിന്റെയും സപ്പോർട്ടോടുകൂടി 457 എന്ന ടീം ടോട്ടൽ കെട്ടിപ്പടുക്കി.
311 പന്തുകൾ നേരിട്ട അസറുദീൻ പുറത്താക്കാതെ 177 റൺസുകൾ നേടി, 20 ബൗണ്ടറികളും ഒരു സിക്‌സും ഉൾപ്പെട്ടതായിരുന്നു ഈ ഇന്നിംഗ്‌സ്. കൂടാതെ സച്ചിൻ ബേബി, സൽമാൻ നിസാർ എന്നിവരുടെ അർദ്ധ സെഞ്ചുറികളും സുപ്രധാന പങ്കുവഹിച്ചു. കളിയുടെ മൂന്നാം ദിനം മോർണിംഗ് സെഷൻ വരെ തുടർന്ന കേരളത്തിന്റെ ഒന്നാം ഇന്നിംഗ്‌സിൽ ആദ്യദിനം 4 വിക്കറ്റ്‌റ് നഷ്ടത്തിൽ 206 റൺസും രണ്ടാം ദിനത്തിൽ 3 വിക്കറ്റുകൾകൂടി നഷ്ടപ്പെടുത്തി 418/7 എന്ന നിലയിൽ അവസാനിക്കുകയും മൂന്നാം ദിനത്തിന്റെ ആദ്യ സെഷനിൽ 457 എന്ന സ്‌കോറിൽ എല്ലാപേരും പുറത്താകുകയും ചെയ്തു .
ആദ്യഇന്നിംഗ്‌സ് ലീഡ് നേടുക എന്നുള്ള കേരളത്തിന്റെ ലക്ഷ്യത്തെ തടയിടുക എന്ന പ്ലാനോടുകൂടിയ തുടങ്ങിയ ഗുജറാത്ത് ഓപ്പണിങ് കൂട്ടുകെട്ടിൽ 131 റൺസും മൂന്നാം ദിനം സ്റ്റമ്പ് എടുക്കുമ്പോൾ 222/1എന്ന സ്‌കോറിലേയ്ക് എത്തിയ്ക്കുവാനും കഴിഞ്ഞു. മൂന്നാം ദിനം 86ആം ഓവറിൽ ജലജ്ജ് സക്‌സേന പ്രിയങ്ക് പഞ്ചൽ നെ പുറത്താകുമ്പോള് ടീം സ്‌കോർ 277 ആയിരുന്നു അതിൽ 148 (237 ബോൾസിൽ നിന്നും) റൺസും നേടിയത് പ്രിയങ്ക് പഞ്ചലാണ്.
100ആം ഓവറിൽ ന്യൂ ബോൾ എടുത്ത കേരളത്തിനു 100.2 ഓവറിൽ ഹേമങ് പട്ടേലിനേയും 103.4 ഓവറിൽ ഗുജറാത്ത് ക്യാപ്റ്റൻ ചിന്തൻ ഗജ യേയും പുറത്താക്കാൻ കഴിഞ്ഞത് പ്രാധാന വഴിത്തിരുവുകളിൽ ഒന്നായി. സ്കോർബോർഡ് 375 ൽ 7ആം വിക്കറ്റ് നഷ്ടമായെങ്കിലും എട്ടാം വിക്കറ്റ് കൂട്ടുക്കെട്ട് നാലാംദിനവാസാനംവരെ ബാറ്റ്ചെയ്തു 429/7 എന്ന സ്കോറിൽ എത്തിചു.
മത്സരം സമനിലയിലേക്കെന്ന കൃത്യമായ സൂചന നൽകിയ അവസാനദിവസം കേരളത്തിനു ഗുജറാത്തിന്റെ ശേഷിക്കുന്ന 3 വിക്കറ്റുകൾ 28 റൺസിനുള്ളിൽ നേടുക എന്നതായിരുന്നു വെല്ലുവിളിയെങ്കിൽ അതിനെ അതിജീവിക്കുക എന്നതായിരുന്നു ഗുജറാത്തിന്റെ ലക്‌ഷ്യം. 159.5 ഓവറിൽ സർവതേയുടെ പന്തിൽ മുഹമ്മദ് അസ്‌ഹാറുദീൻ ജയ്‌മീത് പാട്ടേലിനെ പുറത്താക്കുമ്പോൾ എട്ടാം വിക്കറ്റ് കൂട്ടുക്കെട്ടിൽ 50 റൺസുകൾ നേടിയിരുന്നു. അടുത്ത 27 പന്തുകൾ പ്രതിരോധിച്ച ഒൻപതാം വിക്കറ്റ് കൂട്ടുകെട്ടിലെ സിദ്ധാർത് ദേശായിയെ സർവാതെ എൽ ബി ഡബ്ലിയു വിൽ കുരുക്കി. അവസാന വിക്കറ്റ് കൂട്ടുകെട്ടിലും ആത്മവിശ്വാസത്തോടെ ബാറ്റു വീശിയ നാഗസ്വാലാ, സർവാതെയുടെ പന്തിൽ ബൗണ്ടറിക്കു ശ്രമിക്കുമ്പോൾ സൽമാൻ നിസാറിന്റെ ഹെൽമെറ്റിൽ തട്ടി ഉയർന്നുപൊങ്ങി ഫസ്റ്റ് സ്ലിപ്പിൽ സച്ചിൻ ബേബിയുടെ കൈകളിലേയ്ക്ക് എത്തുകയായിരുന്നു, ചെറിയ ആശയകുഴപ്പത്തിനിടയാക്കിയെങ്കിലും അംപയർ ഔട്ട് നൽകിയതോടെ കേരളത്തിന്റെ പ്രതീക്ഷകൾ നിറവേറി. ഒന്നാം ഇന്നിംഗ്‌സിലെ 2 റൺസ് ലീഡ് പിൻബലത്തിൽ കേരളം ആദ്യമായിട്ടു സ്വപ്ന ഫൈനലിലേക്ക് പ്രവേശിച്ചു.
ആദിത്യ സർവാതെ, ജലജ്ജ് സക്സേന എന്നിവർ 4 വിക്കറ്റ് വീതം നേടിയപ്പോൾ എംഡി നിധീഷ് നെടുമൺകുഴി ബേസിൽ എന്നിവർ ഓരോ വിക്കറ്റുകൾ പങ്കിട്ടു .
രണ്ടാം ഇന്നിംഗ്സിൽ കേരളം 4 വിക്കറ്റിന് 114 റൺസ് നേടി മൽസരം സമനിലയിൽ അവസാനിച്ചു. ഒന്നാം ഇന്നിംഗ്സിൽ 177 റൺസ് നേടിയ മുഹമ്മദ് അസറുദീൻ പ്ലേയർ ഓഫ് ദി മാച്ചിന് അർഹനായി
സ്കോർ
ഒന്നാം ഇന്നിംഗ്‌സ്: കേരളം – 457/10 ഗുജറാത്ത് – 455
രണ്ടാം ഇന്നിംഗ്സ്: കേരളം – 114/4, ഫലം സമനില.
ഫെബ്രുവരി 26 നു വിദർഭ ടീമിനെതിരെ നാഗ്പൂരിൽ ആണു ഫൈനൽ മത്സരം