
സ്വർണവിലയിൽ 360 രൂപയുടെ കുറവ്
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് കുറവ്. പവന് 360 രൂപയാണ് വെള്ളിയാഴ്ച കുറഞ്ഞത്. 64,200 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 45 രൂപയാണ് കുറഞ്ഞ് 8025 രൂപയായി. 280 രൂപ ഇന്നലെ വര്‍ധിച്ചതോടെയാണ് ഫെബ്രുവരി 11ന് രേഖപ്പെടുത്തിയ 64,480 എന്ന എക്കാലത്തെയും ഉയര്‍ന്ന നിരക്ക് മറികടന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.
64,560 രൂപയായി ഉയര്‍ന്നാണ് സ്വര്‍ണവില റെക്കോര്‍ഡ് ഇട്ടത്. അടുത്ത ദിവസം തന്നെ 65,000 കടന്ന് സ്വര്‍ണവില കുതിക്കുമെന്ന സൂചനകള്‍ക്കിടെയാണ് ഇന്ന് വില കുറഞ്ഞത്. ജനുവരി 22നാണ് ആദ്യമായി പവന്‍ വില അറുപതിനായിരം കടന്നത്. ദിവസങ്ങള്‍ കൊണ്ടുതന്നെ 64,000 കടന്ന് സ്വര്‍ണവില കുതിക്കുകയായിരുന്നു. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്.
എങ്കിലും വില പവന് 64000-രൂപയ്ക്ക് മുകളില്‍ തന്നെയാണെന്നത് സാധാരണക്കാർക്ക് അത്ര ആശ്വാസകരമല്ല. ഏറ്റവും കുറഞ്ഞ പണിക്കൂലി കണക്കാക്കിയാല്‍പോലും ഇപ്പോള്‍ ഒരു പവന്‍ ആഭരണത്തിന്റെ വില 70000 എത്തും. വിവാഹ പാര്‍ട്ടികള്‍ക്കാണ് ഇപ്പോള്‍ സ്വര്‍ണവില തിരിച്ചടിയായത്. വില നേരിയ രീതിയില്‍ കുറഞ്ഞാലും വലിയ അളവില്‍ ആഭരണം വാങ്ങുന്നവര്‍ക്ക് അത് വലിയ ആശ്വാസമാകുന്നില്ല.
ഫെബ്രുവരിയില്‍ സ്വര്‍ണത്തിന് വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഫെബ്രുവരി ഒന്നിന് 61,960 രൂപയായിരുന്നു വില. വെറും 20 ദിവസം കൊണ്ട് സ്വര്‍ണ വിലയില്‍ 2600 രൂപയാണ് വര്‍ധിച്ചത്. 2025 പിറന്ന് 50 ദിവസം കഴിഞ്ഞപ്പോള്‍ സ്വര്‍ണ വിലയില്‍ ഉണ്ടായത് 7360 രൂപയുടെ വര്‍ധനവാണ്. ജനുവരി ഒന്നിന് 57200 എന്ന നിരക്കിലാണ് സ്വര്‍ണം വ്യാപാരം നടത്തിയിരുന്നത്.