രഞ്ജി ട്രോഫിയില്‍ ചരിത്രം: കേരളം ഫൈനൽ ഉറപ്പാക്കി; കന്നി കിരീടം ഒരു കളിയകലെ..

രഞ്ജി ട്രോഫിയിൽ ഗുജറാത്തിനെതിരെ ഒന്നാം ഇന്നിങ്‌സ് ലീഡെടുത്ത കേരളം ഫൈനൽ ഉറപ്പാക്കി. ആദ്യമായാണ് കേരളം ഫൈനലിൽ പ്രവേശിക്കുന്നത്. ആദ്യം ബാറ്റ് ചെയ്ത കേരളം 457 റൺസിന് പുറത്തായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിന്റെ ഇന്നിങ്‌സ് 455 റൺസിന് അവസാനിച്ചു.

രണ്ട് റൺസിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡാണ് കേരളത്തിന്റെ ഫൈനൽ പ്രവേശം ഉറപ്പാക്കിയത്. മത്സരം അഞ്ചാം ദിനത്തിലെത്തിയതോടെ, രണ്ട് ടീമുകളുടെയും രണ്ടാം ഇന്നിങ്‌സ് പൂർത്തിയാകുക അസാധ്യമാണ്. അതിനാൽ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടുന്ന ടീം ഫൈനലിലെത്തും.

ഫൈനൽ മോഹങ്ങളുമായി പ്രതിരോധിച്ച് കളിച്ച കേരളത്തിന്, അതിവേഗ സ്‌കോറിങ്ങിലൂടെയായിരുന്നു ആദ്യ ദിനങ്ങളിൽ ഗുജറാത്ത് മറുപടി നൽകിയത്. മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ ഒരു വിക്കറ്റ് മാത്രമാണ് ഗുജറാത്തിന് നഷ്ടമായത്. മത്സരം നാലാം ദിനത്തിലേക്ക് കടന്നപ്പോൾ, കടുത്ത പ്രതിരോധവുമായി ഗുജറാത്ത് ബാറ്റർമാർ കേരളത്തിന്റെ ബൗളിങ് നിരയെ പരീക്ഷിച്ചു.

മധ്യനിരയിൽ ജയ്മീത് പട്ടേലായിരുന്നു കേരളാ ബൗളർമാരെ വെള്ളം കുടിപ്പിച്ചത്. അർധ സെഞ്ചുറിയുമായി ജയ്മീത് ഇന്നിങ്‌സിന് ചുക്കാൻ പിടിച്ചപ്പോൾ, പരമാവധി ബോളുകൾ പ്രതിരോധിച്ച് രണ്ടക്കം കടന്ന് സഹതാരങ്ങൾ മികച്ച പിന്തുണയേകി. അഞ്ചാം ദിനത്തിന്റെ ആദ്യ സെഷനിൽ ജയ്മീത് വീണെങ്കിലും, വാലറ്റത്ത് ഗുജറാത്ത് താരങ്ങൾ കീഴടങ്ങാൻ കൂട്ടാകാതെ പൊരുതിനിന്നു. ഒൻപത് വിക്കറ്റ് നഷ്ടപ്പെട്ടപ്പോഴും, ആത്മവിശ്വാസമൊട്ടും ചോരാതെയാണ് ഗുജറാത്ത് താരങ്ങൾ ബാറ്റ് വീശിയത്. വിട്ടുകൊടുക്കാൻ തയ്യാറാകാതെ കേരളവും ആക്രമണം മുറുക്കി. ഇടയ്ക്ക് ക്യാച്ചുകൾ വിട്ടുകളഞ്ഞത് തിരിച്ചടിയായെങ്കിലും 175ാം ഓവറിൽ അതിനാടകീയമായി ഗുജറാത്ത് ഇന്നിങ്‌സ് അവസാനിച്ചു.

ആദിത്യ സർവാതെയെ ബൗണ്ടറി കടത്താൻ നാഗസ്വാല അടിച്ച പന്ത് സൽമാൻ നിസാറിന്റെ ഹെൽമറ്റിൽ തട്ടി ഉയർന്നു പൊങ്ങി. ഫസ്റ്റ് സ്ലിപ്പിൽ ക്യാപ്റ്റൻ സച്ചിൻ ബേബി പന്ത് കൈയിലൊതുക്കി. ആശയക്കുഴപ്പത്തിനൊടുവിൽ അംപയർ ഔട്ട് വിളിച്ചതോടെ കേരളം ആഘോഷത്തിലേക്ക് കടന്നു.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കേരളം രണ്ടു ദിവസവും, മൂന്നാം ദിവസത്തിന്റെ ആദ്യ മണിക്കൂറും ബാറ്റ് ചെയ്താണ് 457 റൺസ് നേടിയത്. 341 പന്തിൽ 177 റൺസെടുത്ത മുഹമ്മദ് അസ്ഹറുദീന്റെ പ്രകടനമായിരുന്നു കേരള ഇന്നിങ്‌സിന്റെ ഹൈലൈറ്റ്. സച്ചിൻ ബേബിയുടെയും (69), സൽമാൻ നിസാറിന്റെയും (52) അർധ സെഞ്ചുറികൾ ഇന്നിങ്‌സിന് കരുത്ത് പകർന്നു. അക്ഷയ് ചന്ദ്രൻ (30), രോഹൻ കുന്നുമ്മൽ (30), ജലജ് സക്‌സേന (30), അഹ്‌മദ് ഇമ്രാൻ (24) എന്നിവരും പൊരുതിനിന്നതോടെയാണ് കേരളത്തിന് മികച്ച സ്‌കോർ സ്വന്തമായത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിന് ഓപ്പണർമാരായ പ്രിയാങ്ക് പഞ്ചലും ആര്യ ദേശായിയും ചേർന്ന് മികച്ച അടിത്തറയിട്ടു. ഇരുവരും ചേർന്ന് 131 റൺസിന്റെ പാർട്ണർഷിപ്പാണ് പടുത്തുയർത്തിയത്. 118 പന്തിൽ 11 ഫോറും ഒരു സിക്‌സും ഉൾപ്പെടെ 73 റൺസെടുത്ത് ആര്യ ദേശായി വീണെങ്കിലും, ഗുജറാത്ത് ഇന്നിങ്‌സിന്റെ വേഗത്തെ അത് ബാധിച്ചിരുന്നില്ല. ഒരു വിക്കറ്റ് നഷ്ടത്തിൽ 222 റൺസ് എന്ന നിലയിലാണ് ഗുജറാത്ത് നാലാം ദിനം കളത്തിലിറങ്ങിയത്. ആദ്യ സെഷനിൽ തന്നെ കേരളത്തിന്റെ ജലജ് സക്‌സേന നാശം വിതച്ചു. 30 റൺസുമായി ക്രീസിലുണ്ടായിരുന്ന മനൻ ഹിംഗ്രാജിയയെ മൂന്ന് റൺസ് കൂട്ടിച്ചേർത്തതിനു പിന്നാലെ വിക്കറ്റിനു മുന്നിൽ കുടുങ്ങി. 127 പന്തിൽ 33 റൺസാണ് ഹിംഗ്രാജിയ നേടിയത്. കേരളത്തിന്റെ ബൗളർമാരെ വെള്ളംകുടിപ്പിച്ച പ്രിയങ്ക് പഞ്ചലായിരുന്നു സക്‌സേനയുടെ അടുത്ത ഇര. 31 റൺസ് കൂടി കൂട്ടിച്ചേർത്ത പ്രിയങ്ക് ക്ലീൻ ബൗൾഡ്. 237 പന്തിൽ ഒരു സിക്‌സും 18 ഫോറും ഉൾപ്പെടെ 148 റൺസാണ് പ്രിയങ്ക് അടിച്ചെടുത്തത്.

അതിവേഗം സ്‌കോർ ബോർഡ് ചലിപ്പിച്ച ഉർവീൽ പട്ടേലിനെ സക്‌സേനയുടെ പന്തിൽ വിക്കറ്റ് കീപ്പർ മുഹമ്മദ് അസ്ഹറുദീൻ സ്റ്റംപ് ചെയ്തു. 43 പന്തിൽ നിന്ന് 25 റൺസായിരുന്നു ഉർവീലിന്റെ സംഭാവന. 41 പന്തിൽ 27 റൺസെടുത്ത ഹേമാംഗ് പട്ടേൽ നിധീഷിന്റെ പന്തിൽ സബ്സ്റ്റിറ്റിയൂട്ടായി ഇറങ്ങിയ ഷോൺ റോജറിന് ക്യാച്ച് കൊടുത്ത് മടങ്ങി. ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ അഞ്ച് വിക്കറ്റിന് 325 റൺസ് എന്ന നിലയിലായിരുന്നു ഗുജറാത്ത്. രണ്ടാം സെഷന്റെ തുടക്കത്തിലും സക്‌സേന അപകടകാരിയായി. 14 പന്തിൽ രണ്ട് റൺസെടുത്ത ചിന്തൻ ഗാജ വിക്കറ്റിന് മുന്നിൽ കുരുങ്ങി. 49 പന്തിൽ 14 റൺസെടുത്ത വിശാൽ ജയ്‌സ്വാൾ സർവാതെയുടെ പന്തിൽ ബേസിലിന് ക്യാച്ച് കൊടുത്തു മടങ്ങി. അപ്പോഴേക്കും മധ്യനിരയിൽ ജയ്മീത് പട്ടേൽ നങ്കൂരമിട്ടിരുന്നു. ഏഴ് വിക്കറ്റിന് 429 റൺസ് എന്ന നിലയിലാണ് ഗുജറാത്ത് നാലാം ദിനം കളി അവസാനിപ്പിച്ചത്.

മത്സരം അഞ്ചാം ദിനത്തിലേക്ക് കടന്നപ്പോൾ, മൂന്ന് വിക്കറ്റ് ശേഷിക്കെ, 29 റൺസായിരുന്നു കേരളത്തെ മറികടക്കാൻ ഗുജറാത്തിന് വേണ്ടിയിരുന്നത്. എന്നാൽ ആദ്യ സെഷന്റെ തുടക്കത്തിൽ തന്നെ ജയ്മീത് പട്ടേൽ വീണു. 177 പന്തിൽ 79 റൺസെടുത്തു നിന്ന ജയ്മീതിനെ സർവാതെയുടെ പന്തിൽ കീപ്പർ അസ്ഹറുദീൻ ക്യാച്ചെടുത്ത് പുറത്താക്കി. കീഴടങ്ങാൻ കൂട്ടാക്കാതെ പൊരുതിനിന്ന സിദ്ധാർഥ് ദേശായിയെ സർവാതെ വിക്കറ്റിനു മുന്നിൽ കുടുക്കി. 164 പന്തുകൾ പ്രതിരോധിച്ച സിദ്ധാർഥ് 30 റൺസാണ് നേടിയത്. നാഗസ്വാല 48 പന്തിൽ 10 റൺസെടുത്ത് പുറത്തായപ്പോൾ, പ്രിയജിത്ത് സിംഗ് ജഡേജ 30 പന്തിൽ മൂന്ന് റൺസെടുത്ത് പുറത്താകാതെ നിന്നു. അവസാന ദിവസത്തെ മൂന്ന് വിക്കറ്റ് ഉൾപ്പെടെ സർവാതെയും ജലജ് സക്‌സേനയും നാല് വിക്കറ്റ് വീതം വീഴ്ത്തി. നിധീഷും ബേസിലും ഓരോ വിക്കറ്റും നേടി.

4 1 vote
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x