
ദൃശ്യം 3 വരുന്നു; സ്ഥിരീകരിച്ച് മോഹൻലാൽ
മലയാളത്തില്‍ തുടങ്ങി വിവിധ ഭാഷകളില്‍ സൂപ്പർ ഹിറ്റായ ദൃശ്യം സിനിമയുടെ മൂന്നാം പതിപ്പ് വരുന്നു. നടൻ മോഹന്‍ലാല്‍ തന്റെ സാമൂഹ്യ മാധ്യമങ്ങളിലൂടെ ദൃശ്യത്തിന്റെ മൂന്നാം ഭാഗം വരുന്ന വിവരം സ്ഥിരീകരിച്ചത്. ‘ഭൂതകാലം ഒരിക്കലും നിശബ്ദമായിരിക്കില്ല’ എന്ന ടാഗ് ലൈനോടുകൂടിയാണ് പോസ്റ്റ് പങ്കുവെച്ചത്.
2013-ല്‍ ജീത്തു ജോസഫ് രചനയും സംവിധാനവും നിര്‍വഹിച്ച് മോഹന്‍ലാലും മീനയും പ്രധാനവേഷങ്ങളിലെത്തിയ മലയാളം ക്രൈം ത്രില്ലര്‍ ചലച്ചിത്രമാണ് ദൃശ്യം. ഒരു കൊലപാതകവും അതുമായി ബന്ധപ്പെട്ട അന്വേഷണവും അത് മറച്ച് വെക്കാനുള്ള നായക കഥാപാത്രത്തിന്റേയും കുടുംബത്തിന്റേയും ശ്രമങ്ങളുമെല്ലാം പ്രേക്ഷകരെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തി ഒരുക്കിയ ചിത്രമായിരുന്നു ദൃശ്യം.
മോഹൻലാലിൻറെ പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ആദ്യ രണ്ടു ഭാഗങ്ങളെപ്പോലെ ഈ മൂന്നാം ഭാഗവും പ്രേക്ഷകരെ ഞെട്ടിക്കുമെന്നാണ് പ്രേക്ഷക പ്രതീക്ഷ. മലയാളത്തിലെ ആദ്യ 50 കോടി ചിത്രമായിരുന്നു ദൃശ്യം. 2013 ഡിസംബർ 19 ന് പുറത്തിറങ്ങിയ ചിത്രം അന്നുവരെയുള്ള എല്ലാ റെക്കോർഡുകളുമാണ് തകർത്തെറിഞ്ഞത്. 75 കോടിയായിരുന്നു ആദ്യ ഭാഗം തിയേറ്ററിൽ നിന്നും നേടിയത്.
തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ തുടങ്ങിയ ഇന്ത്യൻ ഭാഷകളിലേക്ക് ചിത്രം റീമേക്ക് ചെയ്യപ്പെട്ടിരുന്നു. മോഹൻലാലിനൊപ്പം മീന, അൻസിബ ഹസൻ, ആശാ ശരത്, സിദ്ദിഖ്, എസ്തർ അനിൽ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. 2021 ഫെബ്രുവരി 19 നാണ് ദൃശ്യം രണ്ടാം ഭാഗം പുറത്തിറങ്ങുന്നത്. ആമസോൺ പ്രൈമിലൂടെ ഒടിടി റിലീസായിട്ടായിരുന്നു ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്. ഇന്ത്യയും കടന്ന് ചൈനീസും കൊറിയനും ഉൾപ്പടെ നിരവധി ഭാഷയിലേക്ക് റീമേക്ക് ചെയ്യപ്പെട്ടിരുന്നു.