തിരുവനന്തപുരം: കേരള വാട്ടർ അതോറിറ്റിയുടെ മൂന്ന് അക്കൗണ്ടുകളിലുണ്ടായിരുന്ന 300 കോടി രൂപ ട്രഷറി അക്കൗണ്ടിലേക്കു മാറ്റി. സർക്കാർ നിർദേശത്തെ തുടർന്നാണ് മാറ്റം. ഇതുകൂടാതെ അതോറിറ്റി ഡിവിഷൻ ഓഫിസുകളുടെ അക്കൗണ്ടുകളിലുള്ള പണവും ട്രഷറിയിലേക്കു മാറ്റാൻ നിർദ്ദേശിച്ചിട്ടുണ്ട്.
ധനകാര്യ ഇന്റലിജൻസ് ഡിപാർട്ട്‌മെന്റിന്റെ കണ്ടെത്തലിനെ തുടർന്നാണ് നടപടി. ജല അതോറിറ്റിയിലെ പ്രവൃത്തികൾക്കായി കരാറുകാറിൽ നിന്ന് ഡിപ്പോസിറ്റായി മുൻകൂർ വാങ്ങുന്ന തുക ഉൾപ്പെടെ 300 കോടി അതോറിറ്റിയുടെ ബാങ്ക് അക്കൗണ്ടുകളിലുണ്ടെന്നു കണ്ടെത്തിയതിനെ തുടർന്നാണു പണം പത്താം തീയതി ട്രഷറി അക്കൗണ്ടിലേക്കു മാറ്റിയത്. 3 ദേശസാൽകൃത ബാങ്ക് അക്കൗണ്ടുകളിലായാണു പണം ഉണ്ടായിരുന്നത്.
ഡിവിഷനുകളുടെ പക്കലുള്ള പണം അതതു ട്രഷറികളിൽ അക്കൗണ്ട് തുറന്ന് അതിലേക്കു മാറ്റാൻ ഓഫിസുകളിൽ മെയിൽ ലഭിച്ചിട്ടുണ്ട്. തദ്ദേശ ഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പ്രവൃത്തികൾക്കുള്ള പണമാണു ഡിവിഷനുകൾ സൂക്ഷിക്കുന്നത്. കരാറുകാരുടെ ഡിപ്പോസിറ്റ് തുകയുള്ളതിനാലാണു പണികൾ പൂർത്തിയാകുമ്പോൾ കരാറുകാർക്കു പണം തിരികെ നൽകാൻ കഴിഞ്ഞിരുന്നത്. കുടിശികയുള്ള പെൻഷൻ ആനുകൂല്യങ്ങളും മറ്റും നൽകാനും ഇത് ഉപയോഗിച്ചിരുന്നു. 2019 മുതൽ പെൻഷൻ ആനുകൂല്യങ്ങൾ കുടിശികയായുണ്ട്.