തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയുടെ കാരണം പറഞ്ഞു കഴിഞ്ഞ എട്ടു വർഷമായി കേരള പബ്ലിക് സർവീസ് കമ്മീഷനിലെ ജോലിഭാരത്തിന് അനുസൃതമായ തസ്തികകൾ സൃഷ്ടിക്കാതിരിക്കുകയാണ് സർക്കാർ എന്നും നിലവിൽ പി.എസ്.സി ചെയർമാനും മെമ്പർമാർക്കും മെച്ചപ്പെട്ട ശമ്പളം അനുവദിച്ച സർക്കാർ പി.എസ്.സിയെ നിലനിർത്തിക്കൊണ്ടുപോകുന്ന ജീവനക്കാരുടെ ആവശ്യങ്ങൾ കൂടി പരിഗണിക്കേണ്ടതായുണ്ടെന്നും പി.എസ്.സി എംപ്ലോയീസ് അസോസിയേഷൻ ആവശ്യപ്പെട്ടു.
പി.എസ്.സി വാർഷിക സെലക്ഷൻ, കലണ്ടർ എന്നിവ നടപ്പിലാക്കിയതും, സർവകലാശാലകളിലെ ഉൾപ്പെടെ പുതിയ നിയമനങ്ങൾ കൈമാറിയതും മൂലം ജീവനക്കാർ അമിത ജോലിഭാരം കൊണ്ട് പൊറുതിമുട്ടുകയാണ്.
നിരവധിതവണ സർക്കാരിനോട് അർഹമായ തസ്തികകൾ ആവശ്യപ്പെട്ടിട്ടും അനുവദിക്കാതിരിക്കുകയാണ്. എന്നാൽ ഇപ്പോൾ ചെയർമാനും മെമ്പർമാർക്കും ശമ്പളം വർദ്ധനവ് നൽകിയപ്പോൾ ജീവനക്കാരുടെ ആവശ്യം പരിഗണിക്കാതിരുന്നു എന്നതു പ്രതിഷേധാർഹമാണെന്ന് അസോസിയേഷൻ വാർത്ത കുറുപ്പിലൂടെ അറിയിച്ചു.
ഓഫീസ് ജോലികൾക്ക് പുറമേ സംസ്ഥാനത്തുടനീളം പരീക്ഷകൾക്ക് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥർ അർഹമായ അവധി പോലും എടുക്കാതെ പ്രവർത്തിക്കുന്നതാണ് പി.എസ്.സിയുടെ ഉന്നതിക്ക് കാരണമെന്നും ശനിയാഴ്ചകളിൽ പരീക്ഷ ഡ്യൂട്ടിക്ക് അന്യ ജില്ലകളിൽ നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥർ പോലും തൊട്ടടുത്ത പ്രവർത്തി ദിവസം ഓഫീസിൽ എത്തി ജോലി നിർവഹിക്കുന്നത് കൊണ്ടാണ് ഇന്നത്തെ സ്ഥിതിയിൽ പി.എസ്.സിക്ക് എത്താൻ കഴിഞ്ഞതെന്ന് സർക്കാർ മനസ്സിലാക്കണം.
പരീക്ഷ ജോലിക്ക് പോകുന്ന ഉദ്യോഗസ്ഥർക്ക് മതിയായ യാത്രാബത്ത പോലും യാത്രാബത്ത സീലിംഗ് കാരണം ലഭിക്കുന്നില്ല. ജില്ലാ ഓഫീസുകളിൽ മതിയായ ഉദ്യോഗസ്ഥർ ഇല്ലാത്തതിനാൽ ആണ് ആസ്ഥാന ഓഫീസിൽ നിന്നും ജില്ലകളിലേക്ക് വേരിഫിക്കേഷനും ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റിനും ഉൾപ്പെടെ ജീവനക്കാരെ നിയോഗിക്കേണ്ടി വരുന്നത്. ആയതിനാൽ അധിക ജോലിക്ക് ആവശ്യമായ തസ്തികകൾ അനുവദിക്കുന്നതിന് സർക്കാർ തയ്യാറാകണമെന്ന് പി.എസ്.സി എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സുഭാഷ് ചന്ദ്രൻ പി.കെയും ജനറൽ സെക്രട്ടറി എസ്. അജിത്ത് കുമാറും ആവശ്യപ്പെട്ടു.