തൃശൂർ: അതിരപ്പിള്ളിയിലെ മസ്തകത്തിൽ മുറിവേറ്റ ആനയെ പിടികൂടി ചികിത്സിക്കുന്നതിനുള്ള ദൗത്യം ആരംഭിച്ചു. പതിനാലാം ബ്ലോക്കിൽ ആനയെ കണ്ടെത്തിയ ആനയെ മയക്കുവെടി വെച്ചു. അരുൺ സഖറിയ അടക്കം 25 അംഗ സംഘം ആനക്ക് പിന്നാലെയുണ്ട്. മുറിവേറ്റ ആനയൊടൊപ്പം മറ്റൊരു ആനയും കൂടിയുള്ളത് ദൗത്യത്തിന് വെല്ലുവിളി ഉയർത്തിയെങ്കിലും വെയിലുദിക്കുന്നതിന് മുമ്പ് മയക്കുവെടി വെക്കുകയായിരുന്നു.
ആനയെ അനുകൂല സാഹചര്യത്തിൽ മയക്കുവെടി വെച്ച് സുരക്ഷിതമായി കോടനാട് അഭയാരണ്യത്തിൽ എത്തിക്കാനാണ് ശ്രമം. ആനക്കൂടിന്റെ പണി പൂർത്തിയായി. എലിഫൻറ് ആംബുലൻസും ഇന്നലെ രാത്രിയോടെ സജ്ജമായി. വനംവകുപ്പിന്റെ 80 ജീവനക്കാരാണ് ദൗത്യത്തിനായി തയ്യാറാകുന്നത്. ദൗത്യത്തിന് മുന്നോടിയായി ഡോ. അരുൺ സക്കറിയ ദൗത്യം സംബന്ധിച്ചുള്ള നിർദ്ദേശങ്ങൾ വനവകുപ്പിന്റെ ഓരോ സംഘത്തിനും നൽകിയിട്ടുണ്ട്. ഇന്നലെ വൈകീട്ടോടെ മോക്ക് ഡ്രിൽ നടത്തി.
ദൗത്യത്തിനായിൽ എത്തിച്ച കോന്നി സുരേന്ദ്രൻ, കുഞ്ചു, വിക്രം എന്നീ മൂന്ന് കുങ്കിയാനകളെയും വെറ്റിലപ്പാറയിലെ അംഗൻവാടിക്ക് സമീപമാണ് പാർപ്പിച്ചിരിക്കുന്നത്. പരിക്കേറ്റ ആനയുടെ ആരോഗ്യ സ്ഥിതി മോശമായതിനാൽ ഒരു മാസത്തിനുള്ളിൽ വീണ്ടും മയക്കുവെടി വെക്കുന്നതിൽ ആശങ്കയുണ്ടെന്ന് ഡോക്ടറും വനംവകുപ്പും അറിയിച്ചു. കോടനാട് എത്തിച്ചാലും മസ്തകത്തിലുള്ള പരിക്കായതിനാൽ, കൂട്ടിൽ കയറ്റി കഴിഞ്ഞ് തലകൊണ്ട് മരത്തടിയിൽ ഇടിച്ചാൽ പരിക്ക് ഗുരുതരമാകും എന്നും സംശയമുണ്ട്. ആനയെ കോടനാട് അഭയാരണ്യത്തിലെത്തിച്ച് ചികിത്സ നൽകുകയെന്ന സങ്കീർണ്ണമായ ദൗത്യമാണ് വനംവകുപ്പിന് മുന്നിലുള്ളത്.