കേരളത്തിൽ സ്വർണവില വർദ്ധനവ് തുടരുന്നു പവന് 64280 രൂപയും ഗ്രാമിന് 8035 രൂപയുമാണ് ഇന്നത്തെ വില. പവന് 520 രൂപയും ഗ്രാമിന് 65 രൂപയുമാണ് കൂടിയത്. രണ്ട് ദിവസം കൊണ്ട് സ്വർണത്തിന് 760 രൂപയുടെ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.
ഇന്നലെ പവന് 63760 രൂപയും ഗ്രാമിന് 7970 രൂപയുമായിരുന്നു വില. വെള്ളിയാഴ്ച പവന് 63920 രൂപയായിരുന്നത് ശനിയാഴ്ച 63,120 രൂപയിലേക്ക് താഴ്ന്നിരുന്നു. എന്നാൽ, തിങ്കളാഴ്ച 240 രൂപ കൂടി പവൻ വില 63,520 രൂപയിലെത്തി.
ഫെബ്രുവരി മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയായ 61,640 രൂപ ഫെബ്രുവരി മൂന്നിനും ഏറ്റവും കൂടിയ വിലയായ 64,480 രൂപ ഫെബ്രുവരി 11നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
അന്താരാഷ്ട്ര നയതന്ത്ര ബന്ധങ്ങളിലെ മാറ്റങ്ങളാണ് സ്വർണവിപണിയിൽ ഉയർന്ന വില രേഖപ്പെടുത്തുന്നതിന് കാരണമാകുന്നത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നീക്കങ്ങൾ ഏറ്റവും പ്രത്യക്ഷമായി പ്രതിഫലിക്കുന്നത് സ്വർണവിപണിയിലാണ്.
ട്രംപ് ഉയർത്തി വിടുന്ന പ്രതിസന്ധിക്ക് അയവ് വരുന്നത് വരെ സുരക്ഷിത നിക്ഷേപം എന്ന നിലയിലാണ് നിക്ഷേപകർ സ്വർണത്തെ കാണുന്നത്. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ വിദേശനാണ്യ ശേഖരത്തിലേക്ക് ഡോളറിന് പകരം സ്വർണം വലിയ തോതിൽ വാങ്ങിക്കൂട്ടുന്നതും ഡിമാൻഡ് വർധിക്കാൻ ഇടയായി.