കൈക്കൂലിയായി മദ്യവും പണവും; ആർടിഒ ഞെട്ടിക്കുന്ന മദ്യശേഖരവുമായി പിടിയിൽ

Bribery RTO caught with liquor

എറണാകുളം റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിലെ ആർടിഒ ജെർസൺ, ഇയാളുടെ കൈക്കൂലി ഏജന്റുമാരായ സജി, രാമപടിയാർ എന്നിവരെ വിജിലൻസ് പിടികൂടി. ഞെട്ടിക്കുന്ന അളവിലുള്ള മദ്യശേഖരവും ആർടിഒയുടെ വീട്ടിൽ നിന്ന് കണ്ടെത്തി. ജെർസണിന്റെ ഇടപ്പള്ളിയിലുള്ള വീട്ടിൽനിന്നാണ് കുപ്പി ഒന്നിന് കാൽ ലക്ഷം വരെ വിലമതിക്കുന്നതുൾപ്പെടെ 49 കുപ്പി വിദേശമദ്യശേഖരം കണ്ടെടുത്തത്.

5,000 രൂപയും ഒരു കുപ്പി മദ്യവും കൈക്കൂലിയായി വാങ്ങിയതിനാണ് ജെർസണിനെ എറണാകുളം വിജിലൻസ് സംഘം ഇന്ന് പിടികൂടിയത്. ഇയാൾ കൈക്കൂലി വാങ്ങാൻ ചുമതലപ്പെടുത്തിയ ഏജന്റുമാരായ സജി, രാമപടിയാർ എന്നിവരെയും അറസ്റ്റ് ചെയ്തിരുന്നു.

ടിഎം ജേഴ്സണ്‍, സജി, രാമ പടിയാർ

ചെല്ലാനം-ഫോർട്ട് കൊച്ചി റൂട്ടിൽ സർവിസ് നടത്തുന്ന പ്രൈവറ്റ് ബസ്സിന്റെ റൂട്ട് പെർമിറ്റ് ഈമാസം മൂന്നിന് അവസാനിച്ചിരുന്നു. ഈ പെർമിറ്റ് അതേ ഉടമയുടെ മറ്റൊരു ബസ്സിന് അനുവദിച്ചു നൽകുന്നതിന് ബസ് മാനേജറായ ചെല്ലാനം സ്വദേശി എറണാകുളം റീജണൽ ട്രാൻസ്‌പോർട്ട് ഓഫിസിൽ അപേക്ഷ നൽകി.

തുടർന്ന് ആർ.ടി.ഒ ജെർസൺ ഈ മാസം ആറുവരെ താല്കാലിക പെർമിറ്റ് അനുവദിക്കുകയും അതിന് ശേഷം പലകാരണങ്ങൾ പറഞ്ഞ് മനപൂർവ്വം പെർമിറ്റ് അനുവദിക്കുന്നത് വൈകിപ്പിക്കുകയും ചെയ്തു. പിന്നാലെ, ആർ.ടി.ഒയുടെ ഏജന്റായ രാമപടിയാർ എന്നയാൾ ബസ് മാനേജരെ നേരിൽ കണ്ട്, പെർമിറ്റ് അനുവദിക്കുന്നതിന് മറ്റൊരു ഏജന്റായ സജിയുടെ കയ്യിൽ 5,000 രൂപ കൈക്കൂലി നൽകണമെന്ന് ആർ.ടി.ഒ ജെർസൺ പറഞ്ഞതായി അറിയിച്ചു.

പരാതിക്കാരൻ ഈ വിവരം എറണാകുളം വിജിലൻസ് ഡി.വൈ.എസ്.പിയെ അറിയിച്ചു. തുടർന്ന് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണിയൊരുക്കി നിരീക്ഷിച്ചു വരികയായിരുന്നു. ഇതിനിടെ, ഇന്ന് ഉച്ച ഒരുമണിക്ക് റീജണൽ ട്രാൻസ്‌പോർട്ട് ഓഫിസിന് മുന്നിൽ വച്ച് ആർ.ടി.ഒയുടെ ഏജന്റായ സജിയും രാമപടിയാറും ചേർന്ന് പരാതിക്കാരനിൽ നിന്ന് 5,000 രൂപയും ഒരു കുപ്പി വിദേശ മദ്യവും കൈക്കൂലിയായി വാങ്ങവേ കൈയ്യോടെ പിടികൂടി.

പ്രതികളുടെ കുറ്റസമ്മത മൊഴികളുടെയും മറ്റ് തെളിവുകളുടെയും അടിസ്ഥാനത്തിൽ ആർ.ടി.ഒ ജെർസണെയും അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്ത പ്രതികളെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കും. ജെർസണിന്റെ ഇടപ്പള്ളിയിലുള്ള വീട്ടിൽ നടത്തിയ പരിശോധനയിലാണ് 49 കുപ്പി വിദേശ മദ്യം വിജിലൻസ് കണ്ടെത്തിയത്. ഈ സംഭവത്തിൽ പ്രത്യേകം കേസ് രജിസ്റ്റർ ചെയ്യുമെന്ന് വിജിലൻസ് അറിയിച്ചു.

അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്‌സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്ത അഭ്യർഥിച്ചു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments