കേരള സർക്കാരിൻ്റെ ഡല്‍ഹിയിലെ പ്രത്യേക പ്രധിനിധി കെ.വി. തോമസിൻ്റെ യാത്ര ബത്ത ചെലവ് പ്രതിവർഷം 6.31 ലക്ഷം രൂപ. 2023 ജനുവരിയിലാണ് കേരള ഹൗസിൽ പ്രത്യേക പ്രതിനിധിയായി കെ.വി. തോമസിനെ നിയമിച്ചത്. പ്രതിവർഷം യാത്ര ബത്തക്ക് 6.31 ലക്ഷം കെ.വി. തോമസിന് ചെലവാകുന്നു എന്നാണ് സർക്കാർ കണക്ക്.
യാത്ര ബത്ത ഇനത്തിൽ 2025- 26 ലെ ബജറ്റിൽ 5 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. കെ.വി തോമസിൻ്റെ യാത്ര ബത്തക്ക് 6.31 ലക്ഷം ചെലവാകുന്നുണ്ടെന്നും അതുകൊണ്ട് യാത്ര ബത്തയുടെ ബജറ്റ് വിഹിതം 11.31 ലക്ഷമായി ഉയർത്തണമെന്നും ആവശ്യപ്പെട്ട് പൊതുഭരണ പ്രോട്ടോക്കോൾ വിഭാഗം ധനവകുപ്പിനെ സമീപിച്ചിരിക്കുകയാണ്.
കേരള ഹൗസിൽ പുതുതായി നിയമിക്കപ്പെട്ട പ്രത്യേക പ്രതിനിധിയുടെ യാത്ര ബത്ത ഇനത്തിൽ അധിക ചെലവ് വഹിക്കേണ്ടതു കൊണ്ടാണ് തുക ഉയർത്താൻ ആവശ്യപ്പെട്ടതെന്നാണ് പൊതുഭരണ പ്രോട്ടോക്കോൾ വകുപ്പിൻ്റെ വിശദീകരണം.
കെ.വി. തോമസിന്റെ ഓണറേറിയത്തിനായി കഴിഞ്ഞ ബജറ്റില്‍ നല്‍കിയത് 24.67 ലക്ഷം രൂപയായിരുന്നു അതിന് മുമ്പത്തെ ബജറ്റില്‍ 17 ലക്ഷം രൂപയും. ഓരോ വർഷവും ബജറ്റ് വിഹിതം വർദ്ധിപ്പിച്ചുവരികയാണ് ധനമന്ത്രി കെ.എൻ. ബാലഗോപാല്‍ ചെയ്ത് വന്നിരുന്നത്.
കാബിനറ്റ് റാങ്കില്‍ ഡല്‍ഹിയില്‍ സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി നിയമിതനായപ്പോള്‍ ശമ്പളം വേണ്ട ഓണറേറിയം മതി എന്ന നിലപാടാണ് കെ.വി തോമസ് സ്വീകരിച്ചത്. ശമ്പളം ആണെങ്കില്‍ പെന്‍ഷന്‍ കിട്ടില്ല. അതുകൊണ്ടാണ് ഓണറേറിയം മതി എന്ന തന്ത്ര പരമായ നിലപാട് കെ.വി തോമസ് സ്വീകരിച്ചത്. എം.എല്‍.എ, എം.പി, അധ്യാപക പെന്‍ഷന്‍ എന്നിങ്ങനെ 3 പെന്‍ഷന്‍ ലഭിക്കുന്ന രാജ്യത്തെ അപൂര്‍വ്വം പേരില്‍ ഒരാളാണ് കെ.വി തോമസ്.
ഓണറേറിയം 1 ലക്ഷം രൂപയും യാത്രപ്പടി, ടെലിഫോണ്‍ തുടങ്ങിയ മറ്റ് അലവന്‍സുകളും കെ.വി തോമസിന് ലഭിക്കും. അടുത്തിടെ കെ.വി തോമസിന് സര്‍ക്കാര്‍ പ്രൈവറ്റ് സെക്രട്ടറിയേയും അനുവദിച്ചിരുന്നു. മുഖ്യമന്ത്രിയുടെ അതി വിശ്വസ്തനാണ് കെ.വി തോമസ്.
കെ.വി തോമസിനും സംഘത്തിനും 2024 വരെ ഖജനാവിൽ നിന്നും 57.41 ലക്ഷം നൽകിയെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു.