കേരള കേഡർ ഉദ്യോഗസ്ഥൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ

ഗ്യാനേഷ് കുമാറിനെ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിച്ചു.1988 ബാച്ച്‌ കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനാണ് ഗ്യാനേഷ് കുമാർ.

ആഭ്യന്തരമന്ത്രാലയത്തില്‍ അഡീഷണല്‍ സെക്രട്ടറി ആയിരിക്കെ ഉത്തർപ്രദേശിലെ അയോധ്യ രാമക്ഷേത്രവുമായി ബന്ധപ്പെട്ട സുപ്രീം കോടതി രേഖകള്‍ കൈകാര്യം ചെയ്തത് അദ്ദേഹമായിരുന്നു.

പ്രധാനമന്ത്രി, ലോക്സഭാ പ്രതിപക്ഷ നേതാവ്, ആഭ്യന്തരമന്ത്രി എന്നിവരടങ്ങുന്ന സെലക്ഷൻ കമ്മിറ്റിയാണ് തീരുമാനമെടുക്കേണ്ടത്. സെലക്ഷൻ കമ്മിറ്റിയില്‍ നിന്ന് ചീഫ് ജസ്റ്റിസിനെ കേന്ദ്രം ഒഴിവാക്കിയത് നേരത്തെ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

ഇതിനെതിരായ ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് വിയോജിപ്പുമായി രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി എതിർപ്പുന്നയിച്ചിരുന്നു. സുപ്രീം കോടതിയുടെ പരിധിയിലുള്ള വിഷയമാണെന്നും തിരക്കിട്ടുള്ള നീക്കം ബിജെപിക്ക് മേല്‍ക്കൈ നേടാനാണെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവർക്കൊപ്പം ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എന്നിവർ യോഗംചേർന്നിരുന്നു. വിഷയം സുപ്രീം കോടതിയുടെ പരിഗണനയില്‍ ഉള്ളതിനാല്‍ യോഗം നടത്തരുതെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം വിയോജനക്കുറിപ്പ് സമർപ്പിക്കുകയായിരുന്നു.

ഈ വർഷം ബിഹാറില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പും, അടുത്ത വർഷം ബെംഗാള്‍, അസം, തമിഴ്നാട് എന്നിവിടങ്ങളില്‍ നടക്കുന്ന തിരഞ്ഞെടുപ്പും ഗ്യാനേഷ്കുമാർ നിയന്ത്രിക്കും.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments