പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് 12 ഇടങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ്. കേസിലെ ഒന്നാംപ്രതി അനന്തുകൃഷ്ണൻ, സത്യസായി ട്രസ്റ്റ് എക്സിക്യുട്ടീവ് ഡയറക്ടർ കെ.എൻ. ആനന്ദകുമാർ എന്നിവരുടെ സ്ഥാപനങ്ങളിലും വീടുകളിലും കോൺഗ്രസ് നേതാവ് ലാലി വിൻസെന്റിന്റെ കൊച്ചിയിലെ വസതിയിലുമാണ് പരിശോധന പുരോഗമിക്കുന്നത്. മറൈൻ ഡ്രൈവിലെ ഫ്ലാറ്റിലാണ് ലാലി വിൻസെന്റ് താമസിക്കുന്നത്. അവരുടെ ഓഫീസും ഇവിടെ തന്നെയാണുള്ളത്.
അനന്തു കൃഷ്ണനില്‍ നിന്നും 45 ലക്ഷം രൂപ ലാലി വിന്‍സെന്റ് വാങ്ങിയതായി കണ്ടെത്തിയിരുന്നു. എന്നാല്‍ പാതിവില തട്ടിപ്പില്‍ തനിക്ക് പങ്കില്ലെന്നും, അനന്തുവില്‍ നിന്നും താന്‍ വാങ്ങിയത് വക്കീല്‍ ഫീസ് ആണെന്നുമായിരുന്നു ലാലി വിന്‍സെന്റ് വിശദീകരിച്ചിരുന്നത്. പാതി വില തട്ടിപ്പുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ടൗണ്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ലാലി വിന്‍സെന്റും പ്രതിയാണ്.
ആനന്ദകുമാറിന്റെ തിരുവനന്തപുരത്തെ വീട്ടിലാണ് പരിശോധന. സായി ഗ്രാം ഓഫീസുകളിലും റെയ്ഡ് നടത്തുന്നു. എന്‍ജിഒ കോണ്‍ഫെഡറേഷന്റെ ഓഫാസുകളിലും പരിശോധന നടത്തുന്നുണ്ട്. പാതി വില തട്ടിപ്പിലെ മുഖ്യപ്രതി അനന്തു കൃഷ്ണന്റെ കോളപ്രയിലെ ഓഫീസിലും വീട്ടിലും ഇഡി സംഘം പരിശോധന നടത്തി. കോളപ്രയിലെ ഓഫീസ് കേന്ദ്രീകരിച്ചാണ് അനന്തു കൃഷ്ണന്‍ പാതിവില തട്ടിപ്പ് ആസൂത്രണം ചെയ്തതെന്നാണ് നിഗമനം.
ചൊവ്വാഴ്ച പുലർച്ചെ മുതലാണ് കൊച്ചിയിൽനിന്നുള്ള അറുപതോളം ഉദ്യോഗസ്ഥർ വിവിധ സംഘങ്ങളായി തിരിഞ്ഞ് റെയ്ഡ് ആരംഭിച്ചത്. കള്ളപ്പണ, ചൂതാട്ടവിരുദ്ധ നിയമത്തിന്റെ അടിസ്ഥാനത്തിൽ കേസെടുത്ത ഇഡി കഴിഞ്ഞ ദിവസം പരാതിക്കാരിൽനിന്ന് വിശദമായ മൊഴിയെടുത്തിരുന്നു. 159 കോടി രൂപയുടെ ഇടപാട് മൊത്തത്തിൽ നടന്നുവെന്നാണ് ഇഡിയുടെ പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.