കോഴിക്കോട്: കൊയിലാണ്ടി കുറുവങ്ങാട് ഉത്സവത്തിനിടെ ആനയിടഞ്ഞ് മരിച്ച ലീലയുടെ സ്വര്‍ണാഭരണങ്ങള്‍ കാണാനില്ല എന്ന പരാതിയുമായി കുടുംബം. ഉത്സവത്തിന് പോയ സമയത്ത് ലീല സ്വര്‍ണമാലയും വളകളും കമ്മലുകളും ധരിച്ചിരുന്നു. എന്നാല്‍ മൃതദേഹത്തില്‍ നിന്ന് സ്വര്‍ണവളകള്‍ മാത്രമാണ് ലഭിച്ചത് എന്നാണ് ലീലയുടെ സഹോദരന്‍ പറയുന്നത്.
നാല് പവനോളം സ്വര്‍ണാഭരണങ്ങളാണ് നഷ്ടപ്പെട്ടിരിക്കുന്നത് എന്നാണ് കുടുംബം പറയുന്നത്. കൊയിലാണ്ടി പൊലീസില്‍ ഇത് സംബന്ധിച്ച് പരാതി നല്‍കുമെന്നും കുടുംബം വ്യക്തമാക്കി. ‘മരിച്ചെന്ന് സ്ഥിരീകരിച്ചപ്പോള്‍ ബോഡി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അവിടെ നിന്ന് തിരിച്ചുതന്നത് നാല് വളയും ഒരു മോതിരവും മാത്രമാണ്. മാലയും കമ്മലും നഷ്ടപ്പെട്ടിട്ടുണ്ട്. അത് തിരിച്ചുകിട്ടിയിട്ടില്ല.
രണ്ടര പവന്റെ മാലയും മുക്കാല്‍ പവന്റെ കമ്മലുകളും ആണ്,’ സഹോദരന്‍ ശിവാസന്‍ പറഞ്ഞു. ഒരു കമ്മല്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ട് എന്നും ആന ചവിട്ടി ചെവി തകര്‍ന്ന നിലയിലായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഉത്സവത്തിനിടെ ആനയിടഞ്ഞ് വലിയ അപകടമുണ്ടായത്. ലീലയടക്കം മൂന്ന് പേരാണ് അപകടത്തില്‍ മരിച്ചത്. ലീലയെ ആന ചവിട്ടിക്കൊല്ലുകയായിരുന്നു.
മറ്റ് രണ്ട് പേര്‍ കെട്ടിടം തകര്‍ന്ന് വീണാണ് മരിക്കുന്നത്. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് ലീലയെ ബന്ധുക്കള്‍ തന്നെയാണ് എത്തിച്ചത്. പിന്നീട് മരണം സ്ഥിരീകരിച്ച ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. അപകടത്തില്‍ 32 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 12 പേരില്‍ രണ്ട് പേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.