അമിത് ഷായുടെ ജീവിതം സ്കൂളിൽ പഠിപ്പിക്കണമെന്ന ആരാധകന്റെ ആവശ്യം എൻസിഇആർടിക്ക് കൈമാറി

Amit Shah

ന്യൂഡൽഹി: കേന്ദ്രമന്ത്രി അമിത് ഷായുടെ ജീവിതം പുസ്തകമാക്കണമെന്ന ആവശ്യവുമായി ആരാധക കൂട്ടായ്മ. അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതവും അനുഭവങ്ങളും പുസ്തകമാക്കി വിദ്യാർഥികൾക്കു പഠിക്കാൻ നൽകണമെന്നാണ് ഗോരഖ്പുർ ആസ്ഥാനമായ അമിത് ഷാ യൂത്ത് ബ്രിഗേഡ് എന്ന ‘ഫാൻ ക്ലബിന്റെ’ ആവശ്യം.

ഇതുസംബന്ധിച്ച് ക്ലബ് അധ്യക്ഷൻ എസ്.കെ. ശുക്ലയുടെ നിവേദനം വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിൽ വരുന്ന സ്‌കൂൾ എജ്യുക്കേഷൻ ആൻഡ് ലിറ്ററസി വകുപ്പിനു ലഭിച്ചു. നിവേദനം എൻസിഇആർടിക്ക് കൈമാറിയെന്നും ഒരു ദേശീയമാധ്യമം റിപ്പോർട്ട് ചെയ്തു.

ത്യാഗനിർഭരമാണ് അമിത് ഷായുടെ ജീവിതം. സമ്പന്ന കുടുംബത്തിൽ ജനിച്ച അദ്ദേഹം എല്ലാ സുഖസൗകര്യങ്ങളും ത്യജിക്കുകയായിരുന്നു. വളരെ ലളിതമായ ജീവിതമാണ് നയിക്കുന്നത്. ബി.ജെ.പിയെ ലോകത്തിലെ തന്നെ വലിയ രാഷ്ട്രീയ പാർട്ടിയായി വളർത്തിയത് ഷായാണ്. ആഭ്യന്തര മന്ത്രിയെന്ന നിലയിൽ രാജ്യത്തെ ശക്തവും സുരക്ഷിതവുമാക്കുന്നതിലും അഴിമതി ഇല്ലാതാക്കുന്നതിലും നിയമവ്യവസ്ഥ ശക്തമാക്കുന്നതിലും ഭീകരവാദം ഇല്ലാതാക്കുന്നതിലും അമിത് ഷാ വലിയ പങ്കുവഹിച്ചു. രാജ്യത്തെ സുരക്ഷിതമാക്കാൻ ആർട്ടിക്കിൾ 370 റദ്ദാക്കിയെന്നും ശുക്ല പറഞ്ഞു.

പുസ്തകം എഴുതി അവ വിദ്യാലയങ്ങൾക്കു നൽകിയാൽ കൂടുതൽപ്പേർക്ക് അദ്ദേഹത്തെക്കുറിച്ച് അറിയാനും ഗവേഷണം നടത്താനും കഴിയുമെന്നാണ് ആരാധക കൂട്ടായ്മ പറയുന്നത്.

അതേസമയം, കത്ത് എൻ.സി.ഇ.ആർ.ടിയുടെ പരിഗണനക്ക് വിട്ടത് ഒരു നിർദേശമല്ലെന്നും നടപടിക്രമം മാത്രമാണെന്നും വകുപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ പ്രതികരിച്ചു. ‘മന്ത്രാലയത്തിന് പലയിടങ്ങളിൽ നിന്നായി പലതരം കത്തുകൾ ലഭിക്കാറുണ്ട്. എൻ.സി.ഇ.ആർ.ടി ഒരു സ്വയംഭരണ സ്ഥാപനമാണ്. അവർക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാം. കത്ത് പരിഗണനക്കായി അയക്കുകയെന്ന നടപടിക്രമം മാത്രമാണ് വിദ്യാഭ്യാസ വകുപ്പ് ചെയ്തിട്ടുള്ളത്’ -ഉദ്യോഗസ്ഥൻ പറഞ്ഞു.

അധികവായനക്കായുള്ള പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച് വിദഗ്ധരാണ് തീരുമാനമെടുക്കാറ്. അമിത് ഷായെ കുറിച്ച് പുസ്തകം പ്രസിദ്ധീകരിക്കണമെന്ന ആവശ്യവും വിദഗ്ധരാണ് പരിഗണിക്കേണ്ടത്. അവരുടെ തീരുമാനം എന്താകുമെന്ന് നോക്കാമെന്നും ഉദ്യോഗസ്ഥൻ പ്രതികരിച്ചു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments