കേരളത്തില്‍ 3 വര്‍ഷം കൊണ്ട് 3 ലക്ഷം സംരംഭങ്ങള്‍ ആരംഭിച്ചെന്നത് കള്ളക്കണക്ക്: വി.ഡി. സതീശൻ

- സംരംഭങ്ങള്‍ കൂടിയെങ്കില്‍ ജി.ഡി.പി വിഹിതം ഏറ്റവും കുറഞ്ഞ സംസ്ഥാനമായത് എന്തുകൊണ്ട്?
- സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തിന്റെ മൂല്യം സംബന്ധിച്ച കണക്ക് യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്തത്
- ഐ.ടി എക്‌സ്‌പോര്‍ട്ട് വരുമാനത്തില്‍ വര്‍ധനവുണ്ടായത് രൂപയുടെ മൂല്യം കുറഞ്ഞതിനാല്‍
- സര്‍ക്കാര്‍ ശ്രമിക്കുന്നത് കോവിഡ് കാലത്തേതു പോലെ ജനങ്ങളെ വീണ്ടും കബളിപ്പിക്കാന്‍
- മുഖ്യമന്ത്രിയുടെ അവകാശവാദങ്ങള്‍ക്ക് മറുപടി നല്‍കി പ്രതിപക്ഷ നേതാവ്
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കൊച്ചിയില്‍ നടത്തിയ വാർത്ത സമ്മേളനത്തില്‍ പറഞ്ഞത്
കൊച്ചി: വ്യവസായ സൗഹൃദ അന്തരീക്ഷം പൂര്‍ണമായുമുള്ള സംസ്ഥാനമായി കേരളം മാറണമെന്നത് എല്ലാവരുടെയും സ്വപ്നമാണ്. കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിപക്ഷം രാഷ്ട്രീയത്തിന് അതീതമായ എല്ലാ പിന്തുണയും നല്‍കും. കേരളത്തില്‍ നിന്നുള്ള കുട്ടികള്‍ പുറത്തേക്ക് പോകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് തന്നെ തൊഴില്‍ സാധ്യതകളുണ്ടാക്കി സാമൂഹിക വികസനം സാധ്യമാകുന്ന വ്യാവസായിക വളര്‍ച്ച സംസ്ഥാനത്തുണ്ടാകണം. എന്നാല്‍ ഇപ്പോള്‍ തെറ്റായ കണക്കുകള്‍ നിരത്തി ഏച്ചുകെട്ടിയ കാര്യങ്ങളാണ് സര്‍ക്കാര്‍ പറയുന്നത്. കോവിഡ് കാലത്ത് ‘കൊച്ചു കേരളം കോവിഡിനെ പിടിച്ചുകെട്ടി’ എന്ന ബി.ബിസി ലേഖനം നിങ്ങള്‍ക്ക് ഓര്‍മ്മയുണ്ടാകും. ഒന്നാം കോവിഡ് മരണ നിരക്ക് മറച്ചുവച്ചുകൊണ്ടു പി.ആര്‍ ഏജന്‍സികളെ ഉപയോഗിച്ചു കൊണ്ടാണ് ബി.ബി.സിയെ പോലും തെറ്റിദ്ധരിപ്പിച്ചു. പിന്നീട് യാഥാര്‍ത്ഥ്യം പുറത്തുവന്നു. കേരളം കോവിഡ് കാലത്തെ യാഥാര്‍ത്ഥ മരണങ്ങള്‍ ഒളിപ്പിച്ചുവയ്ക്കുകയായിരുന്നു. 28000 മരണങ്ങളാണ് ഒളിപ്പിച്ചു വച്ചത്. ഇപ്പോള്‍ കണക്കുകള്‍ പരിശോധിച്ചാല്‍, ഏറ്റവും കൂടുതല്‍ കോവിഡ് മരണങ്ങള്‍ ഉണ്ടായ രണ്ടാമത്തെ സംസ്ഥാനമാണെന്ന് മനസിലാക്കാം. മഹാരാഷ്ട്ര കഴിഞ്ഞാല്‍ ഏറ്റവും കോവിഡ് ബാധിച്ച രണ്ടാമത്തെ സംസ്ഥാനവും കേരളമാണ്. പിന്നീട് ബി.ബി.സി തന്നെ അത് തിരുത്തി. ഇതിന് സമാനമാണ് വ്യാവസായിക വളര്‍ച്ച സംബന്ധിച്ച ഇപ്പോഴത്തെ അവകാശവാദങ്ങളും.
ഈസ് ഓഫ് ഡൂയിങ് ബിസിനസില്‍ കേരളം ഒന്നാമത് എത്തിയെന്നതാണ് സര്‍ക്കാരിന്റെ അവകാശവാദം. 2021-ല്‍ തന്നെ ഈസ് ഓഫ് ഡൂയിങ് സൂചിക വ്യാപകമായ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ലോക ബാങ്ക് നിര്‍ത്തലാക്കി. 3 വര്‍ഷം കൊണ്ട് 3 ലക്ഷം സംരംഭങ്ങള്‍ തുടങ്ങി എന്നതാണ് അടുത്ത അവകാശവാദം, അങ്ങനെയെങ്കില്‍ ഒരു നിയോജക മണ്ഡലത്തില്‍ 2000 സംരംഭങ്ങളെങ്കിലും ഉണ്ടാകണം. മൂന്ന് ലക്ഷം സംരംഭങ്ങള്‍ കേരളത്തില്‍ തുടങ്ങിയെങ്കില്‍ ഏറ്റവും കുറഞ്ഞത് 10 ലക്ഷം രൂപ മുതല്‍ മുടക്കിയാല്‍ 30,000 കോടി രൂപയുടെ വളര്‍ച്ച കേരളത്തിലുണ്ടാകും. ഇത് രാജ്യത്തിന്റെ ജി.ഡി.പി.യിലേക്കുള്ള സംസ്ഥാന വിഹിതത്തിലും വര്‍ധനവുണ്ടാക്കും. എന്നാല്‍ രാജ്യത്തിന്റെ ജി.ഡി.പി.യിലേക്കുള്ള സംസ്ഥാന വിഹിതം 2022-ലും 2023-ലും 3.8 ശതമാനത്തില്‍ തന്നെ മാറ്റമില്ലാതെ തുടരുകയാണെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയുടെ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. (Relative Economic Performance of Indian Statse.) തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ജി.ഡി.പി വിഹിതം ഏറ്റവും കുറഞ്ഞ സംസ്ഥാനമായിരുന്നു കേരളം.
40 ലക്ഷത്തിനു മുകളില്‍ വിറ്റുവരവുള്ള സ്ഥാപനങ്ങള്‍ക്ക് ജി.എസ്.ടി രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. അതോടൊപ്പം വ്യവസായങ്ങള്‍ തുടങ്ങുമ്പോള്‍ നടത്തുന്ന മുതല്‍മുടക്കുകള്‍ക്ക് ‘ഇന്‍പുട് ടാക്‌സ് ക്രെഡിറ്റ്’ കിട്ടാനും ജി.എസ്.ടി രജിസ്‌ട്രേഷന്‍ നടത്തും. സര്‍ക്കാര്‍ പറയുന്ന 3 ലക്ഷം സംരംഭങ്ങളില്‍ ജി.എസ്.ടി രജിസ്‌ട്രേഷന്‍ ആവശ്യമില്ലാത്ത 50% സംരംഭങ്ങളുണ്ടെന്ന് കണക്കാക്കിയാല്‍ പോലും കുറഞ്ഞത് 1.5 ലക്ഷം പുതിയ ജി.എസ്.ടി രജിസ്‌ട്രേഷനുകള്‍ എങ്കിലും സംസ്ഥാനത്തു ഉണ്ടാകുമായിരുന്നു. അതും ഉണ്ടായിട്ടില്ല. കേന്ദ്ര സര്‍ക്കാരിന്റെ വെബ്‌സൈറ്റ് പ്രകാരം കേരളത്തില്‍ ഈ കാലയളവില്‍ 30,000 ഓളം പുതിയ ജി.എസ്.ടി രജിസ്‌ട്രേഷന്‍ മാത്രമാണ് ഉണ്ടായിട്ടുള്ളത്. ഇതില്‍ എത്ര എണ്ണം പൂട്ടി എന്ന കണക്ക് ലഭ്യമല്ല.
സംസ്ഥാനത്തിന്റെ വ്യവസായങ്ങള്‍ക്ക് അനുമതി നല്‍കുന്ന ഏക ജാലക സംവിധാനമായ കെ സ്വിഫ്റ്റ് പ്രകാരം 01-01-2022 മുതല്‍ 01-02-2025 വരെ വെറും 64,528 എം.എസ്.എം.ഇ കള്‍ക്കാണ് അനുമതി നല്‍കിയിരിക്കുന്നത്. എന്നിട്ടും ഏതു രേഖയുടെ അടിസ്ഥാനത്തിലാണ് മൂന്ന് ലക്ഷം എന്ന കണക്ക് എന്ന് സര്‍ക്കാര്‍ വ്യക്താക്കണം? ഈ കണക്കിന്റെ ആധികാരികത എന്താണ്?
മറ്റൊരു പ്രധാനപ്പെട്ട കാര്യം, എം.എസ്.എം.ഇയുടെ നിര്‍വചനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വരുത്തിയ മാറ്റമാണ്. കോവിഡിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ചില്ലറ, മൊത്തവ്യാപാരങ്ങളെ 2021 ജൂലൈയില്‍ എം.എസ്.എം.ഇ എന്ന നിര്‍വചനത്തില്‍പ്പെടുത്തി. കേരള സര്‍ക്കാരിന്റെ 2024 ലെ സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട് പ്രകാരം സര്‍ക്കാര്‍ അവകാശപ്പെടുന്ന വര്‍ധനവില്‍ പകുതിയോളം വ്യാപാര പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സ്ഥാപനങ്ങളാണ്. സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ടിലെ ടേബിള്‍ 4.4.4 (കേരളത്തില്‍ ആരംഭിച്ച എം.എസ്.എം.ഇകള്‍) പ്രകാരം 2021-22 വരെ റിപ്പോര്‍ട്ട് ചെയ്യാതിരുന്ന വ്യാപാര പ്രവര്‍ത്തനങ്ങള്‍ 2022-23 മുതല്‍ എം.എസ്.എം.ഇകളായി റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങി എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. 2022-23 ല്‍ ഇത്തരത്തില്‍ 48,945 ഉം 2023-24 ല്‍ 43,869 ഉം ഇത്തരത്തില്‍ ആയിരുന്നു. അതായത് സര്‍ക്കാര്‍ അവകാശപ്പെടുന്ന സംരംഭങ്ങളില്‍ 40 ശതമാനവും കേന്ദ്ര സര്‍ക്കാരിന്റെ നിര്‍വചനത്തിലെ മാറ്റം കൊണ്ട് വന്നതാണെന്ന് വ്യക്തം. കാലാകാലങ്ങളായി പ്രവര്‍ത്തിക്കുന്ന ചെറുകിട സ്ഥാപനങ്ങള്‍ പോലും ഈ പുതിയ നിര്‍വചനത്തിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അങ്ങനെയാണ് 64,528 സംരംഭങ്ങള്‍ എന്ന കണക്ക് വന്നത് അപ്പോഴും 3 ലക്ഷത്തിന്റെ കാര്യം ആരും പറയുന്നില്ല.
2019 ജൂലൈ 01 മുതല്‍ 2021 ഡിസംബര്‍ 31 വരെയുള്ള കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ ജൂലൈ 01, 2021 മുതല്‍ ഡിസംബര്‍ 31, 2023 വരെ 254% വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തിയെന്നാണ് 2024 Global Startup Ecosystem റിപ്പോര്‍ട്ടില്‍ പ്രതിപാദിച്ചിരുക്കുന്നത്. യഥാര്‍ത്ഥത്തില്‍ വളരെ വിചിത്രമായ ഒരു താരതമ്യമാണിത്. രണ്ടാം എല്‍ ഡി എഫ് സര്‍ക്കാരിന്റെ മൂന്ന് വര്‍ഷ കാലയളവുകളില്‍ ഉണ്ടായിട്ടുള്ള വളര്‍ച്ച ഒന്നാം എല്‍ ഡി എഫ് സര്‍ക്കാരിന്റെ മൂന്ന് വര്‍ഷ കാലയളവില്‍ ഉണ്ടായിരുന്നതിനേക്കാള്‍ 254 ശതമാനമാണെന്നാണ് ഈ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ കാലയളവില്‍ കേരളത്തിന്റെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തിന്റെ മൂല്യം 170 കോടി യു.എസ് ഡോളറാണ്. അതേസമയം കര്‍ണാടകത്തിലെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തിന്റെ മൂല്യം 1590 കോടി യു.എസ് ഡോളറും ഡല്‍ഹിയിലേത് 1130 കോടി യു.എസ് ഡോളറും മഹാരാഷ്ട്രയില്‍ 720 കോടി യു.എസ് ഡോളറും തെലങ്കാനയില്‍ 830 കോടി യു.എസ് ഡോളറുമായിരുന്നു. ഇതാണ് സര്‍ക്കാര്‍ പറയുന്ന പറയുന്ന സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റം. ഇതിന് യാഥാര്‍ത്ഥ്യവുമായി എന്തെങ്കിലും ബന്ധമുണ്ടോ?
കേരളത്തില്‍ വ്യവസായ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളില്‍ നഷ്ടത്തിലാകുന്നവയുടെ എണ്ണം വര്‍ധിക്കുകയാണ് എന്ന് സര്‍ക്കാര്‍ നിയമസഭയില്‍ നല്‍കിയ ഉത്തരത്തില്‍ നിന്നും വ്യക്തമാണ്. 2021-22 ല്‍ സംസ്ഥാനത്തെ 26 പൊതുമേഖലാ സ്ഥാപനങ്ങള്‍ നഷ്ടത്തില്‍ ആയിരുന്നപ്പോള്‍ 2022-23 ല്‍ അത് 30 ഉം 2023 -24 ല്‍ 33 ആയി ഉയര്‍ന്നു.
സംസ്ഥാനത്തെ ഐ.ടി വികസനത്തില്‍ അഭൂതപൂര്‍വ്വമായ വികസനം നടന്നു എന്നാണ് സര്‍ക്കാരിന്റെ മറ്റൊരു വാദം. 2012-13 ല്‍ ടെക്‌നോപാര്‍ക്കില്‍ 285 കമ്പനികള്‍ ഉണ്ടായിരുന്നത് 2015-16 ല്‍ യു.ഡി.എഫ് കാലത്ത് 390 ആയി ഉയര്‍ന്നു. അതായത് 37% വര്‍ധനവ്. എന്നാല്‍ ഈ സര്‍ക്കാരിന്റെ കാലത്ത് ഇക്കണോമിക് റിവ്യൂ പ്രകാരം 2019-20 ല്‍ ടെക്‌നോപാര്‍ക്കില്‍ 450 കമ്പനികള്‍ ഉണ്ടായിരുന്നത് 2023-24 ല്‍ 490 ആയി ഉയര്‍ന്നു (5 വര്‍ഷം). അതായതു 8 ശതമാനം വര്‍ധനവ്. ഐ.ടി എക്‌സ്‌പോര്‍ട്ട് വരുമാനത്തില്‍ ഉണ്ടായ വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്ന വാദം അംഗീകരിക്കുന്നു. എന്നാല്‍ അതിന് കാരണം അന്താരാഷ്ട്ര വിപണിയില്‍ രൂപയുടെ മൂല്യം ഡോളറിനെ അപേക്ഷിച്ചു കുറഞ്ഞതാണ്.
കേരളത്തിന്റെ പരമ്പരാഗത വ്യവസായങ്ങളും കടുത്ത പ്രതിസന്ധി നേരിടുക്കുകയാണ്. കയര്‍, കൈത്തറി, ഖാദി, മണ്‍പാത്ര വ്യവസായം ഉള്‍പ്പെടെയുള്ളവയെല്ലാം സമാനകളില്ലാത്ത പ്രതിസന്ധിയിലാണ്. കേരളത്തിന്റെ പരമ്പരാഗത വ്യവസായങ്ങളെ സഹായിക്കാന്‍ യാതൊന്നും ചെയ്യാത്ത സര്‍ക്കാര്‍ കേരളത്തില്‍ വ്യവസായ വളര്‍ച്ച ഉണ്ടായി എന്ന നരേറ്റീവ് ഉണ്ടാക്കുമ്പോള്‍ ഇതായിരുന്നു യാഥാര്‍ത്ഥ്യമെന്ന് എല്ലാവര്‍ക്കും ഉണ്ടാകണം.
ശശി തരൂരിനല്ല, കേരളത്തിലെ മുഖ്യമന്ത്രി ഇന്നലെ പറഞ്ഞതിനുള്ള മറുപടിയാണ് ഇത്. കെ. റെയില്‍ സമരകാലത്തും ശശി തരൂര്‍ കെ. റെയിലിന് അനുകൂല നിലപാട് എടുത്തിട്ടുണ്ട്. അന്ന് അദ്ദേഹത്തെ നേരില്‍ക്കണ്ട് കെ. റെയിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ബോധ്യപ്പെടുത്തിയിരുന്നു. അതിനു പിന്നാലെ കെ റെയില്‍ പ്രായോഗികമല്ലെന്ന നിലപാട് അദ്ദേഹം സ്വീകരിച്ചു. വ്യാവസായിക വളര്‍ച്ച സംബന്ധിച്ച കണക്കുകളും അദ്ദേഹത്തെ ബോധ്യപ്പെടുത്തും. പ്രതിപക്ഷം നെഗറ്റീവാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മൂന്ന് ലക്ഷം സംരംഭങ്ങള്‍ തുടങ്ങിയെന്ന് പറയുന്ന സര്‍ക്കാര്‍ ആരെയാണ് കബളിപ്പിക്കാന്‍ ശ്രമിക്കുന്നത്? മറുപടി പറഞ്ഞില്ലെങ്കില്‍ കോവിഡ് കാലത്ത് കബളിപ്പിച്ചതു പോലെ ഇവര്‍ വീണ്ടും ജനങ്ങളെ കബളിപ്പിക്കും. എല്ലാ ഡാറ്റകളും വച്ചാണ് പ്രതിപക്ഷം ഇത് പറയുന്നത്. പണ്ട് വികസനം മുടക്കിയിരുന്നത് സി.പി.എമ്മാണ്. വിദേശ സര്‍വകലാശാല കൊണ്ടു വരുന്നതിന്റെ പേരില്‍ ടി.പി ശ്രീനിവാസന്റെ കരണത്തടിച്ച് നിലത്തിട്ടവരാണ് ഇപ്പോള്‍ വിദേശ സര്‍വകലാശാലകള്‍ കൊണ്ടു വരുന്നത്. ഉമ്മന്‍ ചാണ്ടി വിഴിഞ്ഞ തുറമുഖം കൊണ്ടു വന്നപ്പോള്‍ 6000 കോടിയുടെ റിയല്‍ എസ്‌റ്റേറ്റ് അഴിമതിയാണെന്ന് പറഞ്ഞ പാര്‍ട്ടി സെക്രട്ടറിയാണ് ഇപ്പോള്‍ മുഖ്യമന്ത്രി കസേരയില്‍ ഇരുന്ന് വിഴിഞ്ഞത്തിന്റെ പേരില്‍ മേനി നടിക്കുന്നത്. കൊച്ചി മെട്രോ വന്നപ്പോള്‍ സമരം ചെയ്ത ആളല്ലേ ഇപ്പോഴത്തെ വ്യവസായ മന്ത്രി? ഗ്യാസ് പൈപ്പ് ലൈന്‍ വന്നപ്പോള്‍ ഭൂമിയ്ക്കടിയിലെ ബോംബാണെന്നു പറഞ്ഞ മന്ത്രി ഇപ്പോള്‍ ഈ മന്ത്രിസഭയില്‍ ഉണ്ടല്ലോ. എന്നിട്ടാണ് ഗ്യാസ് പൈപ്പ് ലൈന്‍ കൊണ്ടു വന്നതെന്ന് പറയന്നത്. എക്‌സ്പ്രസ് ഹൈവെ കൊണ്ടു വന്നപ്പോള്‍ കേരളത്തെ രണ്ടായി കീറിമുറിക്കുമെന്ന് പറഞ്ഞു. പരിയാരം മെഡിക്കല്‍ കോളജും പ്ലസ്ടുവും സ്മാര്‍ട്ട് സിറ്റിയും കൊണ്ടു വന്നപ്പോള്‍ ഇവര്‍ എന്താണ് പറഞ്ഞത്. ഏറ്റവും അവസാനമായി സീ പ്ലെയിന്‍ കൊണ്ടുവന്നപ്പോഴും എന്താണ് പറഞ്ഞത്. യു.ഡി.എഫ് കൊണ്ടു വന്ന വികസനപ്രവര്‍ത്തനങ്ങളില്‍ ചിലതൊക്കെ യാഥാര്‍ത്ഥ്യമായി. ഇപ്പോള്‍ അതിന്റെ പേരില്‍ മേനി നടിക്കുകയാണ്. കേരളത്തിന്റെ സമൂഹിക സാമ്പത്തിക മാറ്റത്തിന് വേണ്ടി കൊണ്ടു വന്ന പദ്ധതികളെയെല്ലാം സി.പി.എം എതിര്‍ത്തു. ആ നിലപാട് ഞങ്ങള്‍ സ്വീകരിക്കില്ല.
ട്രേഡ് യൂണിയന്‍ മേഖലയെ സമരം ചെയ്ത് നശിപ്പിച്ചത് സി.ഐ.ടിയുവാണ്. എന്നാല്‍ ആ നിലപാടല്ല ഇന്ന് ഞങ്ങള്‍ സ്വീകരിക്കുന്നത്. കമ്പനികള്‍ നിലനില്‍ക്കണമെന്ന പുതിയ നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചിരിക്കുന്നത്.
പെരിയ കേസിലെ പ്രതികള്‍ക്ക് ജാമ്യം നല്‍കുമെന്ന വാര്‍ത്ത ശരിയാണെങ്കില്‍ കേരളത്തിലെ കൊടിയ ക്രിമിനലുകള്‍ക്ക് സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കുകയാണ്. അതിനെതിരെ ശക്തിമായി പ്രതിഷേധിക്കും. പ്രതികള്‍ ജയിലില്‍ പോയിട്ട് ഒന്നര മാസമായില്ല. ടി.പി കേസിലെ പ്രതികള്‍ക്ക് 1071 ദിവസമാണ് പരോള്‍ നല്‍കിയത്. ജയിലില്‍ കിടക്കുമ്പോള്‍ വി.വി.ഐ.പി പരിഗണനയാണ.് പ്രതികളെ പേടിച്ചാണ് സി.പി.എം നേതാക്കള്‍ നടക്കുന്നത്. ഗൂഡാലോചന കേസില്‍ അകത്തു പോകുമോയെന്ന ഭയം നേതാക്കള്‍ക്കുണ്ട്. അതിനു വേണ്ടിയാണ് പ്രതികള്‍ക്ക് എല്ലാ സഹായവും നല്‍കുന്നത്. രണ്ട് ചെറുപ്പക്കാരെ കൊലപ്പെടുത്തിയവരെ ജയിലിന് മുന്നില്‍ അഭിവാദ്യം ചെയ്ത സി.പി.എം അന്തര്‍ദേശീയ തീവ്രവാദി സംഘടനകളെക്കാള്‍ മോശമായി മാറിയിരിക്കുകയാണ്. പ്രതികള്‍ക്ക് ജയിലിന് മുന്നില്‍ ഇങ്കുലാബ് വിളിക്കുന്ന വൃത്തികെട്ട പാര്‍ട്ടിയായി സി.പി.എം മാറി. ടി.പി ശ്രീനിവാസന്റെ മുഖത്തടിച്ച് വീഴ്ത്തിയതിനെ ന്യായീകരിച്ച വിദ്യാര്‍ത്ഥി നേതാവിന് കുടപിടിച്ചു കൊടുക്കുന്ന പാര്‍ട്ടിയാണ് സി.പി.എം. സിദ്ധാര്‍ത്ഥനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ രക്ഷിക്കാന്‍ പാര്‍ട്ടി കൂട്ടുനിന്നതു കൊണ്ടാണ് കോട്ടയത്ത് കേരളത്തെ ലജ്ജിപ്പിക്കുന്ന റാഗിങ് ഉണ്ടായത്. പത്തനംതിട്ടയില്‍ എസ്.എഫ്.ഐക്കാരനെ കൊല്ലാന്‍ ശ്രമിച്ച കാപ്പ കേസ് പ്രതിയെ ആരോഗ്യമന്ത്രി മാലയിട്ടാണ് സി.പി.എമ്മിലേക്ക് സ്വീകരിച്ചത്. അതേ ക്രിമിനലിനെ കഴിഞ്ഞ ആഴ്ച കാപ്പ ചുമത്തി പൊലീസ് നാടുകടത്തി.