ഉത്തരവിറങ്ങിയിട്ടും കുടിശിക കിട്ടാതെ പെൻഷൻകാർ . പെൻഷൻ പരിഷ്കരണ കുടിശികയുടെ നാലാം ഗഡു അനുവദിച്ച് ഫെബ്രുവരി 12 ന് ഉത്തരവിറങ്ങിയെങ്കിലും പരിഷ്കരണ കുടിശിക ഇതുവരെ പെൻഷൻകാർക്ക് ലഭിച്ചില്ല.
ഉത്തരവിറങ്ങിയതോടെ കുടിശിക ലഭിക്കാൻ പെൻഷൻകാർ ട്രഷറിയിൽ ചെന്നെങ്കിലും കുടിശിക ലഭിച്ചില്ല. ഈ മാസം അവസാനത്തോടെ കുടിശിക നൽകും എന്നാണ് ധനവകുപ്പിൽ നിന്ന് ലഭിക്കുന്ന സൂചന.
600 കോടിയാണ് നാലാം ഗഡു കൊടുക്കാൻ വേണ്ടത്. പെൻഷൻ പരിഷ്കരണ കുടിശികയുടെ അവസാന ഗഡു ഫെബ്രുവരിയിൽ വിതരണം ചെയ്യുമെന്ന് ബാലഗോപാൽ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ബജറ്റിന് പിന്നാലെ 12 ന് ഉത്തരവും ഇറങ്ങി. കുടിശിക ഉടൻ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പെൻഷൻകാർ .
പെൻഷൻ പരിഷ്കരണ കുടിശികയുടെ ഭാഗമായുള്ള ക്ഷാമ ആശ്വാസ പരിഷ്കരണത്തിൻ്റെ 2 ഗഡുക്കൾ പെൻഷൻകാർക്ക് ലഭിക്കാനുണ്ട്. അതിനെ കുറിച്ച് ബജറ്റിൽ ബാലഗോപാൽ മൗനം പുലർത്തുകയാണ് ചെയ്തതത്. അത് എപ്പോൾ കിട്ടുമെന്ന് യാതൊരു ഉറപ്പും സർക്കാർ പറയുന്നും ഇല്ല.
19 ശതമാനം ക്ഷാമ ആശ്വാസം നിലവിൽ പെൻഷൻകാർക്ക് കുടിശികയാണ്. 6 ഗഡുക്കളാണ് കുടിശിക. അടിസ്ഥാന പെൻഷൻ്റെ തോത് അനുസരിച്ച് പ്രതിമാസം 2185 രൂപ മുതൽ 15846 രൂപ വരെ പെൻഷൻകാർക്ക് ഇതുമൂലം പ്രതിമാസ പെൻഷനിൽ നഷ്ടപ്പെടുകയാണ്.
2021 ൽ ലഭിക്കേണ്ട 5 ശതമാനം ക്ഷാമ ആശ്വാസം 2024 ൽ ആണ് പ്രഖ്യാപിച്ചത്. പ്രഖ്യാപിച്ച ക്ഷാമ ആശ്വാസത്തിൻ്റെ 79 മാസത്തെ കുടിശികയും പെൻഷൻകാർക്ക് നൽകിയില്ല. 19734 രൂപ മുതൽ 1,43,500 രൂപ വരെയാണ് ഇതുമൂലം പെൻഷൻകാർക്ക് നഷ്ടപ്പെട്ടത്.