
വാഗ്ദാനം ചെയ്ത വിനോദയാത്ര നടന്നില്ല! ടൂർ ഓപ്പറേറ്റർ 1.91 ലക്ഷം നഷ്ടപരിഹാരം നൽകണം
വാഗ്ദാനം ചെയ്ത വിനോദയാത്ര നടന്നില്ല, ടൂർ ഓപ്പറേറ്റർ 1.91 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി.
ഉഭയസമ്മത പ്രകാരം മാറ്റിവച്ച ടൂർ പ്രോഗ്രാമിന് പുതിയ തീയതി നൽകുന്നതിൽ വീഴ്ചവരുത്തിയ ടൂർ ഏജൻസി സേവനത്തിലെ ന്യൂനതയും അധാർമികമായ വ്യാപാര രീതിയുമാണ് അനുവർത്തിച്ചതെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ.
എറണാകുളം മാമല സ്വദേശിയായ വിസി വി. പുലയത്ത്, കടവന്ത്രയിൽ പ്രവർത്തിക്കുന്ന മലബാർ ടൂർസ് ആൻഡ് ട്രാവെൽസ് എന്ന ഏജൻസിയിൽ 2018 ആഗസ്റ്റ് മാസത്തിലാണ് ഫാമിലി ടൂർ ബുക്ക് ചെയ്തത്. അമൃത്സർ , ഡൽഹി, ആഗ്ര ,ജയ്പൂർ, ചെന്നൈ സ്ഥലങ്ങളിലേക്കായാണ് ടൂർ ബുക്ക് ചെയ്തത്.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉണ്ടായ ശക്തമായ വെള്ളക്കെട്ട് മൂലം വിനോദയാത്ര റദ്ദാക്കി. ഉഭയസമ്മത പ്രകാരം തീരുമാനിക്കുന്ന തീയതിയിൽ ടൂർ പ്രോഗ്രാം നടത്താമെന്ന് എതിർ കക്ഷി സമ്മതിച്ചു. എന്നാൽ,കുട്ടികളുടെ പരീക്ഷകാരണം പരാതിക്കാരന് പുതുക്കിയ തീയതിയിൽ ടൂറിന് പോകാൻ കഴിഞ്ഞില്ല.
പിന്നീട് കോവിഡ് മൂലം രണ്ടുവർഷത്തേക്ക് യാത്ര അസാധ്യമായി. 2022 ജനുവരിയിൽ യാത്രാവിലക്ക് നീക്കിയപ്പോൾ പരാതിക്കാർ എതിർകക്ഷിയെ സമീപിക്കുകയും, കത്തുകൾ അയയ്ക്കുകയും ചെയ്തു. എന്നാൽ പണം തിരികെ നൽകാനോ, പുതിയ യാത്രാതീയതി നൽകാനോ എതിർകക്ഷികൾ തയ്യാറായില്ല. വാഗ്ദാനം ചെയ്ത സേവനം നൽകിയില്ലെന്ന് പരാതിപ്പെട്ടാണ് പരാതിക്കാരൻ ഉപഭോക്തൃ കമ്മിഷനെ സമീപിച്ചത്.
ഉപഭോക്താവിന്റെ അവകാശത്തിന്റെ ലംഘനവും അധാർമികവും നിയമവിരുദ്ധവുമായ പ്രവർത്തനവുമാണ് ടൂർ ഏജൻസിയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് വിലയിരുത്തിയ കോടതി,
ടൂർ പ്രോഗ്രാമിനായി നൽകിയ 1,61,200/- രൂപയും 30,000/- രൂപ നഷ്ടപരിഹാരം, കോടതി ചെലവ് ഇനങ്ങളിലും 45 ദിവസത്തിനകം പരാതിക്കാരന് നൽകാൻ ഡി.ബി ബിനു അധ്യക്ഷനും, വി.രാമചന്ദ്രൻ, ടി.എൻ ശ്രീവിദ്യ എന്നിവരുടെ ബെഞ്ച് എതിർകക്ഷികൾക്ക് നിർദ്ദേശം നൽകി
പരാതിക്കാർക്ക് വേണ്ടി അഡ്വക്കേറ്റ് പി.ടി ജോസ് കോടതിയിൽ ഹാജരായി.