‘കേരളത്തെ മുന്നോട്ടു കൊണ്ടുപോയത് UDF സർക്കാരുകൾ; ഇടിച്ചു പൊളിക്കലാണ് ഇടതുനയം’: നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് കുഞ്ഞാലിക്കുട്ടി

PK Kunhalikutty - IUML

ഇടതുപക്ഷ സർക്കാരിന്റെ വ്യവസായ നയത്തെ പ്രശംസിച്ച ശശി തരൂർ എംപിക്കു മറുപടിയുമായി മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി. കേരളത്തിന് ഇന്ന് എന്തെങ്കിലും നേട്ടം ഉണ്ടായിട്ടുണ്ടെങ്കിൽ കഴിഞ്ഞ കാലങ്ങളിലെ യുഡിഎഫ് സർക്കാരിന്റെ അശ്രാന്ത പരിശ്രമത്താലാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോൺഗ്രസ് നേതാക്കള്‍ തരൂരിനെ തള്ളിപ്പറഞ്ഞതിനു പിന്നാലെയാണു കുഞ്ഞാലിക്കുട്ടിയും രംഗത്തെത്തിയത്. രാഷ്ട്രീയമായ മറുപടിയല്ലെന്നും വ്യവസായത്തെക്കുറിച്ചുള്ള ലേഖനത്തിന് വസ്തുതകള്‍ കൊണ്ടുള്ള മറുപടിയാണെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

”നിക്ഷേപ അന്തരീക്ഷം ഇല്ലാതാക്കാൻ നെഗറ്റീവ് നിലപാടെടുത്തത് ഇടതുപക്ഷമാണ്. മൂന്നാറിൽ വെളുത്ത പൂച്ചയും കറുത്ത പൂച്ചയും മണ്ണുമാന്തി യന്ത്രവുമായി പോയതു നിക്ഷേപ അനുകൂല നിലപാടാണോ? ഇപ്പോൾ മാറ്റം വന്നിട്ടുണ്ടെങ്കിൽ അതിന്റെ ഗുണമുണ്ടാകും. തരൂരിന്റെ പ്രസ്താനവയുമായി ബന്ധപ്പെട്ട രാഷ്ട്രീയ പരാമർശങ്ങൾക്കില്ല. അങ്ങനെ പറയണമെന്നു തോന്നിയാൽ പറയേണ്ട സമയത്ത്, പറയേണ്ട രീതിയിൽ, എല്ലാവർക്കും മനസ്സിലാകുന്ന ഭാഷയിൽ പറയാനറിയുന്ന സംഘടനയാണു ലീഗ്. ഇപ്പോൾ ആ ചർച്ചയുടെ ഭാഗമാകാനില്ല.” കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

വ്യവസായമന്ത്രി മാതൃകാപരമെന്ന് എടുത്ത് പറഞ്ഞ കാക്കഞ്ചേരി പാർക്ക്, അതിനെത്തുടർന്ന് വന്നതാണ് കിൻഫ്ര. റിസർച്ച് അടിസ്ഥാനമാക്കി പുതിയ വ്യവസായ സംരഭങ്ങൾക്ക് വേണ്ടി എന്ന നിലയിലായിരുന്നു ഇതിന്റെ ഉദ്ഘാടനം. കാക്കനാട് കുറുക്കൻ മേഞ്ഞിരുന്ന സ്ഥലമാണ്. ആന്റണി സർക്കാരിന്റെ കാലത്ത് കൊച്ചി ഐടിയുടെ ഡെസ്റ്റിനേഷൻ ആക്കണമെന്ന് പറഞ്ഞിട്ട് സമയബന്ധിതമായി ഇൻഫോ പാർക്കും മറ്റും ഉണ്ടാക്കിയിട്ടാണ് കാക്കനാട് ഇന്ന് കാണുന്ന രീതിയിലാക്കിയത്.

”യുഡിഎഫ് സർക്കാരുകളാണു പതുക്കെയാണെങ്കിലും കേരളത്തെ മുന്നോട്ടു കൊണ്ടുപോയത്. അതിനെല്ലാം തടസ്സമുണ്ടാക്കിയതും നെഗറ്റീവ് നിലപാട് എടുത്തതും അന്നത്തെ പ്രതിപക്ഷമായ ഇടതുപക്ഷമാണ്. അതിനെ എതിർത്തു യുഡിഎഫ് മുന്നോട്ടു പോയാണ് എൻജിനീയറിങ് കോളജുകളും പ്രഫഷനൽ കോളജുകളും സ്വകാര്യവൽക്കരിച്ചത്. അതിനാലാണു സ്റ്റാർട്ടപ്പും ഐടിയും വ്യവസായവുമെല്ലാം ഉണ്ടായത്. വ്യവസായരംഗം അപ്പാടെ മെച്ചമല്ല. പുതിയ സാങ്കതികവിദ്യകളും യുഡിഎഫിന്റെ നയങ്ങളുമാണ് ഇപ്പോഴത്തെ മാറ്റത്തിനു കാരണം.” കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഡിജിറ്റൽ കേരള ആയത് അക്ഷയ വന്നതു കൊണ്ടാണ്. കരുണാകരൻ സർക്കാരിന്റെ കാലത്തും ആന്റണി സർക്കാരിന്റെ കാലത്തും ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തും അടിസ്ഥാനപരമായി കേരളത്തിന്റെ വ്യവസായ ഭൂപടത്തിൽ വമ്പിച്ച മാറ്റമാണ് ഉണ്ടാക്കിയത്. കേരളത്തിൽ വന്ന മാറ്റം, അതിന് വേണ്ടി അശ്രാദ്ധം പരിശ്രമം നടത്തിയതാണ് ആന്റണിയുടെ കാലത്തുള്ള എമേർജിങ് കേരളയും ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തുള്ള ഇൻവെസ്റ്റേഴ്സ് മീറ്റും ജിമ്മുമൊക്കെ. വ്യവസായ രംഗത്ത് വമ്പിച്ച മാറ്റം വരുത്തിയത് യു.ഡി.എഫ്. സർക്കാരുകളാണ്.

”ഞാൻ വ്യവസായ മന്ത്രിയായിരുന്ന കാലത്ത് ഒരുപാട് മാറ്റങ്ങളുണ്ടായി. കേരളത്തിന്റെ വ്യവസായ ഭൂപടം മാറ്റിയത് എ.കെ.ആന്റണി സർക്കാരാണ്. യുഡിഎഫ് സർക്കാരാണു കിൻഫ്രയും ഇൻഫോപാർക്കും തുടങ്ങിയത്. പൊളിച്ചടുക്കൽ നയമാണ് എൽഡിഎഫിന്റേത്. കേരളത്തിൽ വ്യവയായം വളർത്തിയതു യുഡിഎഫ് സർക്കാരുകളാണ്. സ്റ്റാർട്ടപ്പുകളുടെ മേനി പറയുന്നവർ മുൻപത്തെ സമരകാലങ്ങൾ കൂടി ഓർക്കണം. ചില ഇടതുസർക്കാരുകളുടെ നയംതന്നെ ഇടിച്ചുപൊളിക്കൽ ആയിരുന്നു” കുഞ്ഞാലിക്കുട്ടി തുറന്നടിച്ചു.

കോൺഗ്രസ് വർക്കിങ് കമ്മിറ്റിയിൽനിന്നു മാറി നിന്നുവേണം തരൂർ സ്വതന്ത്ര അഭിപ്രായം പറയാനെന്നു യുഡിഎഫ് കൺവീനർ എം.എം.ഹസൻ പ്രതികരിച്ചു. സിപിഎം നേതൃത്വം നൽകുന്ന സർക്കാർ സാങ്കേതികവിദ്യയ്ക്കും വ്യവസായ വളർച്ചയ്ക്കും പിന്തിരിഞ്ഞുനിന്ന സമീപനങ്ങളിൽ മാറ്റം വരുത്തിയെന്നു പറയുന്നത് കേരളത്തിന് ഗുണം ചെയ്യുന്നുണ്ടോ എന്ന വിഷയത്തെ കുറിച്ചായിരുന്നു ലേഖനമെന്നു തരൂർ നിലപാട് മയപ്പെടുത്തി. ഉമ്മൻ ചാണ്ടി സർക്കാരിൽ പി.കെ.കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിൽ വലിയ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ടെന്നും സമൂഹമാധ്യമ കുറിപ്പിൽ തരൂർ പറഞ്ഞു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments