സംസ്ഥാനത്ത് പാർട്ട് ടൈം ജീവനക്കാരൊഴികെയുള്ള എല്ലാ സർക്കാർ ജീവനക്കാരും സ്വത്ത് വിവര പത്രിക SPARK വഴി സമർപ്പിക്കാൻ നിർദേശം നല്‍കിയിരുന്നു. ഇതുവരെ ഇതിന് സാധിക്കാത്തവർക്ക് തീയതി ദീർഘിപ്പിച്ച് നൽകി സർക്കാർ. ഫെബ്രുവരി 24 വരെയാണ് സമയം അനുവദിച്ച് സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്. ഫെബ്രുവരി 14നാണ് ഇതുസംബന്ധിച്ച സർക്കുലർ പുറത്തിറങ്ങിയത്.
സമയം നീട്ടിയ സർക്കുലറിൽ പറയുന്നത് ഇങ്ങനെ:
1960 ലെ കേരള സർക്കാർ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങളിലെ ചട്ടം 37, 39 എന്നിവ പ്രകാരം പാർട്ട് ടൈം ജീവനക്കാരൊഴികെയുള്ള എല്ലാ സർക്കാർ ജീവനക്കാരും 2024 കലണ്ടർ വർഷത്തെ സ്വത്ത് വിവര പത്രിക SPARK സോഫ്റ്റ്വെയർ മുഖാന്തിരം ഓൺലൈനായി 2024 ജനുവരി 15 നകം ഫയൽ ചെയ്യുന്നതിന് നിർദ്ദേശം നൽകിക്കൊണ്ട് സൂചന പ്രകാരം സർക്കുലർ പുറപ്പെടുവിച്ചിരുന്നു. എന്നാൽ സാങ്കേതിക/വ്യക്തിപരമായ കാരണങ്ങളാൽ സ്പാർക്ക് സോഫ്റ്റ്വെയർ മുഖേന 2024 കലണ്ടർ വർഷത്തെ സ്വത്ത് വിവര പട്ടിക ഓൺലൈൻ ആയി സമർപ്പിക്കുവാൻ സാധിച്ചിട്ടില്ലെന്നും ആയതു ദീർഘിപ്പിച്ചു നൽകണമെന്നുമുള്ള നിരവധി അപേക്ഷകൾ ലഭ്യമായിട്ടുണ്ട്.
സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചു. 2024 കലണ്ടർ വർഷത്തിലെ സ്വത്ത് വിവര പത്രിക ഇനിയും ഫയൽ ചെയ്യാത്ത ജീവനക്കാർക്ക് ആയത് SPARK സോഫ്റ്റ് വെയർ മുഖാന്തിരം ഓൺലൈനായി ഫയൽ ചെയ്യുന്നതിന് ഈ സർക്കുലർ തിയതി മുതൽ പത്ത് ദിവസത്തെ സമയം കൂടി അനുവദിച്ചു നൽകുന്നു.
ജീവനക്കാർക്ക് SPARK സോഫ്റ്റ് വെയർ മുഖാന്തിരം സ്വത്ത് വിവര പത്രിക ഓൺലൈനായി സമർപ്പിക്കുന്നതിനാവശ്യമായ ക്രമീകരണങ്ങൾ ധനകാര്യ (ITSF) വകുപ്പ് നടത്തേണ്ടതാണ്.
