കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിന് (KAS) രണ്ടാം വിജ്ഞാപനം തയ്യാറാകുന്നു. മൂന്ന് ഒഴിവുകൾ പൊതുഭരണവകുപ്പ് പി.എസ്.സി.ക്ക് റിപ്പോർട്ട് ചെയ്തു. തസ്തികമാറ്റത്തിനുള്ള രണ്ടു കാറ്റഗറികളിലും നേരിട്ടുള്ളതിലും ഓരോ ഒഴിവുവീതമുണ്ട്. ഇതാണ് റിപ്പോർട്ട് ചെയ്തത്. ബാക്കി 28 ഒഴിവ് ഡെപ്യൂട്ടേഷൻ റിസർവാണ്. അങ്ങനെ ആകെവരുന്ന 31 ഒഴിവുകളിൽ പുതിയ ബാച്ചിൽനിന്ന് നിയമനം നടത്തുമെന്ന് അറിയിച്ച് പി.എസ്.സി.ക്ക് പൊതുഭരണവകുപ്പ് കത്ത് നൽകി. വിജ്ഞാപനം ഈ മാസമോ മാർച്ച് ആദ്യമോ പ്രസിദ്ധീകരിക്കും.
ബിരുദമാണ് യോഗ്യത. മൂന്നു കാറ്റഗറികളിലായിട്ടായിരിക്കും വിജ്ഞാപനം. നേരിട്ടുള്ള ഒന്നും തസ്തികമാറ്റത്തിനുള്ള രണ്ട് കാറ്റഗറികളുംചേർന്നതാണ് മൂന്നു കാറ്റഗറി.നേരിട്ടുള്ള നിയമനത്തിന് 21-32 ആണ് പ്രായപരിധി. നോൺ ഗസറ്റഡ് ജീവനക്കാരുടെ തസ്തികമാറ്റത്തിന് 21-40-ഉം ഒന്നാം ഗസറ്റഡ് തസ്തികയിലുള്ളവരുടെ തസ്തികമാറ്റത്തിന് 50 വയസ്സും പൂർത്തിയാകാൻ പാടില്ല. രണ്ടുഘട്ട പരീക്ഷയുണ്ടാകും. മുഖ്യപരീക്ഷ വിവരണാത്മകരീതിയിലാണ്.
2023 മേയ് 30-ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ.എ.എസ്. രണ്ടാംവിജ്ഞാപനത്തിന് നീക്കം തുടങ്ങിയിരുന്നു. കെ.എ.എസിന്റെ ആദ്യവിജ്ഞാപനം 2019 നവംബർ ഒന്നിന് കേരളപ്പിറവി ദിവസമാണ് പ്രസിദ്ധീകരിച്ചത്. രണ്ടുവർഷത്തിലൊരിക്കൽ പരീക്ഷ നടത്തി കെ.എ.എസിലേക്ക് നിയമനം നടത്തണമെന്നാണ് വ്യവസ്ഥ. എന്നാൽ ആദ്യവിജ്ഞാപനംവന്ന് അഞ്ചുവർഷം കഴിയുമ്പോഴാണ് അടുത്തത് പ്രസിദ്ധീകരിക്കുന്നത്.