
ചീഫ് സെക്രട്ടറി പെരുമാറുന്നത് പക്ഷപാതപരമായി, രേഖകൾ കാണാതാകുന്നു; ഗുരുതര ആരോപണങ്ങളുമായി പ്രശാന്തിന്റെ കത്ത്
ചീഫ് സെക്രട്ടറി ശാരദാ മുരളീധരന് സമർപ്പിച്ച രേഖകൾ അപ്രത്യക്ഷമാകുന്നുവെന്ന് എൻ പ്രശാന്ത് ഐഎഎസ്. എ ജയതിലകിനെതിരെ തെളിവ് സഹിതം നൽകിയ പരാതി അന്വേഷിക്കാൻ കൂട്ടാക്കിയില്ലെന്നും പക്ഷപാതപരമായി പെരുമാറുന്നുവെന്നും ആരോപിച്ച് വീണ്ടും കത്തയച്ചു.
ചീഫ് സെക്രട്ടറിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചാണ് നിലവിൽ സസ്‌പെൻഷനിലുള്ള പ്രശാന്ത് ഈമാസം പത്തിന് കത്തയച്ചിരിക്കുന്നത്. ജയതിലകിനെതിരെ പരസ്യമായി വിമർശനം ഉന്നയിച്ചതിനാണ് ഇദ്ദേഹത്തെ കൃഷിവകുപ്പ് സ്‌പെഷ്യൽ സെക്രട്ടറിയായിരുന്നപ്പോൾ നടപടിയെടുത്തത്. സസ്‌പെൻഷന് ശേഷമുള്ള കാരണം കാണിക്കൽ നോട്ടീസും അതിന് പ്രശാന്ത് നൽകിയ മറുപടിയും ഏറെ ചർച്ചയായിരുന്നു.
ചീഫ് സെക്രട്ടറി 18ന് നൽകിയ കത്തിന് അടുത്ത ദിവസം മറുപടി തരണം എന്ന് ആവശ്യപ്പെട്ടു. ജയതിലകിനെതിരെ തെളിവ് സഹിതം 2024 നവംബറിൽ നൽകിയ പരാതി അന്വേഷിക്കാൻ കൂട്ടാക്കിയില്ല. പലപ്പോഴായി 7 മറുപടിക്കത്തുകൾ നൽകിയെങ്കിലും മറുപടികളുടെ തലക്കെട്ട് ‘ സ്റ്റേറ്റ്മന്റ് ഓഫ് ഡിഫൻസ്’ എന്ന് നൽകാത്തതിനാൽ ചീഫ് സെക്രട്ടറി അവ പരിഗണിക്കാതിരിക്കുന്നു, ഇത് വിചിത്രമാണ്. നടപടിക്ക് ആധാരമായ രേഖകൾ ആവശ്യപ്പെട്ടിട്ട് 3 തവണ എഴുതിയ ശേഷം, ഒരു മാസം വൈകിപ്പിച്ച ശേഷമാണ് അവ ലഭ്യമാക്കിയത്. ഇതൊക്കെയും ചീഫ് സെക്രട്ടറിയുടെ പക്ഷപാതപരമായ പെരുമാറ്റം വ്യക്തമായി എന്നാണ് പ്രശാന്ത് ആരോപിക്കുന്നത്.
ഹിയറിംഗ് നടത്തുന്നത് റെക്കോർഡ് ചെയ്ത് സ്ട്രീം ചെയ്യണമെന്നും കത്തിൽ പ്രശാന്ത് ആവശ്യപ്പെട്ടു. പരസ്യപ്രസ്താവന നടത്തിയ എൻ പ്രശാന്ത് സസ്പെൻഷനിൽ തുടരുകയാണ്. ചീഫ് സെക്രട്ടറിയുടെ നടപടിയിൽ നീതിയും ന്യായും കാണുന്നില്ലെന്ന് പ്രശാന്ത് പറയുന്നു. ഇനി ചീഫ് സെക്രട്ടറിക്കും സർക്കാർ ഉദ്യോഗസ്ഥർക്കും ഓൺലൈൻ വഴി മാത്രമായിരിക്കും കത്തയക്കുകയുള്ളൂവെന്നും താൻ അയക്കുന്ന കത്തുകളും രേഖകളും കാണാതാകുന്നുവെന്നും എൻ പ്രശാന്ത് പറയുന്നു.
മുഖ്യമന്ത്രിയുടെ അടുപ്പക്കാരനായ ജയതിലകിനെതിരെ വിമർശനം ഉന്നയിച്ചതിന്റെ പേരിലാണ് പ്രശാന്തിനെ സസ്‌പെന്റ് ചെയ്തത്. മതസ്പർദ്ധ സൃഷ്ടിക്കുന്ന വാട്ട്‌സാപ്പ് ഗ്രൂപ്പ് നിർമ്മിച്ച് പ്രചരിപ്പിച്ച കെ. ഗോപാലകൃഷ്ണൻ ഐഎഎസിനെതിരെയും ചീഫ് സെക്രട്ടറി റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഗോപാലകൃഷ്ണനെ പിന്നീട് സർവീസിൽ തിരിച്ചെടുക്കുകയും ഇപ്പോൾ പിഎ മുഹമ്മദ് റിയാസിന്റെ വകുപ്പിൽ തസ്തിക സൃഷ്ടിച്ച് നിയമനം നൽകുകയും ചെയ്തിട്ടുണ്ട്. അതേസമയം, ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ സസ്‌പെന്റ് ചെയ്യപ്പെട്ട പ്രശാന്ത് സർവീസിന് പുറത്ത് തന്നെ തുടരുകയാണ്.