സംസ്ഥാന വാട്ടർ അതോറിറ്റി ജീവനക്കാർക്ക് നൽകിയിരുന്ന സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി നിർത്തലാക്കാൻ ഡയറക്ടർ ബോർഡ് തീരുമാനിച്ചു. ഏപ്രിൽ മുതൽ എല്ലാമാസവും 500 രൂപ പ്രീമിയം ഈടാക്കുന്ന പുതിയ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കും. ഇപ്പോഴത്തേത് പോലെ ജീവനക്കാരുടെ ആരോഗ്യ ഇൻഷുറൻസിന് മുഴുവൻ പ്രീമീയവും അടയ്ക്കുന്ന രീതി തുടരാനാവില്ലെന്നാണ് അതോറിറ്റിയുടെ നിലപാട്.
ജീവനക്കാർക്ക് ലഭിക്കേണ്ട മെഡിക്കൽ ആനുകൂല്യത്തിൽ നിന്ന് 50 % തുക പ്രീമിയമായി മാറ്റിവെച്ചാണ് 2014 മുതൽ ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കിയതെന്നും സൗജന്യ ഇൻഷുറൻസിന്റെ ബാധ്യത മാനേജ്‌മെന്റിനാണെന്നുമുള്ള വാദം ജീവനക്കാർ തള്ളിക്കളയുകയാണ്. ഇനി മുതൽ പ്രീമിയത്തിൽ ജീവനക്കാരുടെ വിഹിതംകൂടി ഉൾപ്പെടുത്തുന്നതിന് സംഘടനകളുമായി ചർച്ച നടത്തിയിരുന്നു. നിലവിലെ സംവിധാനം തുടരണമെന്ന ആവശ്യമാണ് ജീവനക്കാർ ഉയർത്തിയത്. എന്നാൽ ഇത് മാനേജ്‌മെന്റ് തള്ളിക്കളഞ്ഞു. നിലവിൽ ജി.എസ്.ടി ഉൾപ്പെടെ 27 കോടിയിലേറെ രൂപയാണ് ഇൻഷുറൻസ് പദ്ധതിക്കായി ജല അതോറിറ്റി ചെലവിടുന്നതെന്ന് മാനേജ്‌മെൻറ് പറയുന്നു.
സംഘടനകളുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ എന്ന വ്യാജേന ജീവനക്കാരിൽനിന്ന് വിഹിതം ഈടാക്കാനുള്ള നീക്കം അനുവദിക്കാനാവില്ലെന്നാണ് ജീവനക്കാരുടെ നിലപാട്. തീരുമാനം റദ്ദാക്കിയില്ലെങ്കിൽ സമരപരിപാടികളുമായി മുന്നോട്ടുപോകാനും ജീവനക്കാർ ആലോചിക്കുന്നുണ്ട്.
സാമ്പത്തിക ബാധ്യത വർധിച്ചുവരുന്ന സാഹചര്യത്തിൽ എല്ലാ മേഖലയിലും ഇത്തരം തീരുമാനങ്ങളെടുക്കേണ്ടി വരുമെന്ന സൂചനയാണ് മാനേജ്‌മെൻറ് നൽകുന്നത്. ധനവകുപ്പിൻറെ സമ്മർദവും സൗജന്യമായി ഇൻഷുറൻസ് തുടരേണ്ടതില്ലെന്ന മാനേജ്‌മെൻറ് തീരുമാനത്തിന് പിന്നിലുണ്ടെന്നാണ് കരുതുന്നത്.