മലയാള സിനിമ വ്യവസായം കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും താരങ്ങളുടെ പ്രതിഫലം താങ്ങാൻ കഴിയുന്നില്ലെന്നുമാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് ജി സുരേഷ് കുമാർ വാർത്താ സമ്മേളനം നടത്തി പറഞ്ഞത്. താരങ്ങളുടെ പ്രതിഫലം വെട്ടിക്കുറയ്ക്കുക, ജിഎസ്ടിക്കൊപ്പമുള്ള വിനോദ നികുതി പിൻവലിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ജൂൺ ഒന്നുമുതൽ സംസ്ഥാനത്ത് സിനിമാ സമരവും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതിനെതിരെ ഹിറ്റ് സിനിമകളുടെ നിർമാതാവ് ആന്റണി പെരുമ്പാവൂർ തന്നെ പരസ്യമായി രംഗത്തുവന്നിരുന്നു. ആന്റണിക്ക് പൃഥ്വിരാജ് സുകുമാരൻ തുടങ്ങി ടൊവിനോയും ബേസിൽ തോമസും അടക്കമുള്ള പിന്തുണയും പ്രഖ്യാപിച്ചു.
താരങ്ങളുടെ പ്രതിഫലമാണ് സിനിമയിൽ പ്രതിസന്ധിക്ക് കാരണമെന്നുള്ള വാദങ്ങൾ അമ്മ സംഘടനയും തള്ളിക്കളഞ്ഞു. ഇതിനിടെ മലയാളത്തിലെ യുവ താരം ടൊവിനോ തോമസ് വാങ്ങുന്ന പ്രതിഫലത്തെക്കുറിച്ച് വെളിപ്പെടുത്തുകയാണ് നിർമാതാവ് സന്തോഷ് ടി കുരുവിള.
തന്നോട് ഇതുവരെ ഒരു താരവും ശമ്പളത്തിന് വേണ്ടി ബാർഗെയിൻ ചെയ്യേണ്ട സാഹചര്യം വന്നിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. സന്തോഷ് നിർമിച്ച മായാനദിക്ക് വേണ്ടി 25 ലക്ഷം രൂപയാണ് ടൊവിനോ തോമസിന് പ്രതിഫലമായി നൽകിയത്. അന്ന് അത് തീരെ ചെറിയ പൈസയായിരുന്നുവെന്ന് പ്രൊഡ്യൂസർ പറയുന്നു. ഈ ചിത്രം ഹിറ്റായിരുന്നു. ടൊവിനോയുടെ കരിയറിലും ആഷിഖ് അബു സംവിധാനം ചെയ്ത മായാനദി വളരെ ഉപകാരപ്പെടുകയാണ് ചെയ്തത്. പിന്നീട് പുറത്തിറങ്ങിയ സന്തോഷ് ടി കുരുവിള – ആഷിഖ് അബു സിനിമയായിരുന്നു നാരദൻ. ഇതിൽ ടൊവിനോയ്ക്ക് പറഞ്ഞ് ഉറപ്പിച്ചിരുന്നത് ഒന്നേകാൽ കോടി രൂപയായിരുന്നു. അതിൽ 30 ലക്ഷത്തോളം രൂപ അദ്ദേഹത്തിന് നൽകാനുണ്ടെന്നും ഇന്നുവരെ ടൊവിനോ ആ പണം ചോദിച്ചിട്ടില്ലെന്നും സന്തോഷ് ടി കുരുവിള സമ്മതിക്കുന്നു. ആ പണം കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

കുഞ്ചാക്കോബോബൻ നായകനായ ‘ന്നാ താൻ കേസ് കൊടു’ എന്ന സിനിമയുടെ നിർമ്മാണ ചെലവിന്റെ 20 ശാതമനം അഭിനേതാക്കളുടെ പ്രതിഫലമാണ്.
എന്നെ കൊണ്ടാകാൻ ആകുന്ന പണമാണ് അവരോട് സമ്മതിക്കുന്നത്. അത് കൊടുക്കുകയും വേണം. കാൻ ചാനൽ മീഡിയ എന്ന യൂടൂബ് ചാനലിൽ നൽകിയ ഇന്റർവ്യൂവിൽ സന്തോഷ് പറയുന്നു. മാർക്കറ്റിൽ ഒരു താരം നിലവിൽ വാങ്ങുന്ന ശമ്പളം എത്രയാണെന്ന് അന്വേഷിച്ച് അതിനോട് അടുത്തുനിൽക്കുന്ന തുകയാണ് താൻ പറയാറുള്ളതെന്ന് പ്രൊഡ്യൂസർ വ്യക്തമാക്കി.
2012 ൽ ആഷിഖ് അബു സംവിധാനം ചെയ്ത ഡാ തടിയ മുതൽ 2022 ൽ പുറത്തിറങ്ങിയ ന്നാ താൻ കേസ് കൊടു എന്നതുവരെയുള്ള ചിത്രങ്ങളുടെ നിർമ്മാണത്തിലെ പങ്കാളിയാണ് സന്തോഷ് ടി കുരുവിള.