തിരുവനന്തപുരം: പണം അനുവദിക്കുന്നതിൽ മാത്രമല്ല നിയമസഭ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിലും പിശുക്ക് കാണിക്കുന്ന ധനമന്ത്രിയാണ് കെ.എൻ. ബാലഗോപാൽ.
ഫെബ്രുവരി 10 ന് ബാലഗോപാലിനോട് ഭരണ പ്രതിപക്ഷ എംഎൽഎമാർ ഉന്നയിച്ചത് 180 നക്ഷത്ര ചിഹ്നമിടാത്ത ചോദ്യങ്ങൾ ആയിരുന്നു. ഒറ്റ ചോദ്യത്തിനും മറുപടി തരാതെ ബാലഗോപാൽ പിശുക്ക് കാണിച്ചിരിക്കുകയാണ്.
ക്ഷാമബത്ത, ക്ഷേമ പെൻഷൻ, ശമ്പള പരിഷ്‌കരണം, പുനർ നിയമനങ്ങൾ, പങ്കാളിത്ത പെൻഷൻ, മെഡിസെപ്പ്, പ്ലാൻ ഫണ്ട് വെട്ടി കുറവ്, പെൻഷൻ കമ്പനി, അനർഹമായി കൈ പറ്റിയ സാമൂഹ്യ സുരക്ഷ പെൻഷൻ, നികുതി കുടിശിക, പെട്രോൾ ഡീസൽ അധിക നികുതി വരുമാനം, നികുതി വെട്ടിപ്പ് തടയുന്നതിനുള്ള നടപടി, സംസ്ഥാനത്തിന്റെ ധനസ്ഥിതി, കോവിഡ് ക്രമക്കേടിലെ അന്വേഷണ റിപ്പോർട്ട്, കരാറുകാർക്കുള്ള കുടിശിക, വാറ്റ് കുടിശിക, എക്‌സ്ട്രാ ന്യൂട്രൽ ആൾക്കഹോളിന്റെ ജിഎസ്ടി, മദ്യത്തിന്റെ വില വർധനവ്, അംബാനി കമ്പനിയിലെ കെഎഫ്‌സി നിക്ഷേപം, കാരുണ്യ കുടിശിക, കിഫ്ബി തുടങ്ങിയതടക്കമുള്ള 180 ചോദ്യങ്ങളാണ് ധനമന്ത്രിയോട് എംഎൽഎമാർ ഉന്നയിച്ചത്.
നിയമസഭ ചോദ്യങ്ങൾക്ക് മറുപടി പറയേണ്ട ദിവസത്തിന്റെ തലേ ദിവസം വൈകുന്നേരം 5 മണിക്ക് മുമ്പായി മറുപടി നൽകണം എന്നാണ് നിയമസഭ ചട്ടം നിഷ്‌കർഷിക്കുന്നത്. ചട്ടം ഒന്നും തനിക്ക് ബാധകമല്ല എന്ന മട്ടിലാണ് കെ എൻ ബാലഗോപാലിന്റെ പ്രവർത്തനം.
നിരവധി തവണ സ്പീക്കർ ഇത് സംബന്ധിച്ച റൂളിംഗ് സഭയിൽ നൽകിയിട്ടുണ്ട്. ബാലഗോപാൽ നിയമസഭ ചോദ്യങ്ങൾക്ക് മറുപടി നൽകാത്തത് പ്രതിപക്ഷം നിരവധി തവണ പരാതിയായി സ്പീക്കർക്ക് നൽകിയിട്ടുണ്ട്.
സ്പീക്കർ പതിവ് പോലെ റൂളിംഗും നൽകും. ഒളിക്കാൻ ധാരാളം ഉള്ളതു കൊണ്ടാവാം ബാലഗോപാൽ മറുപടി നൽകാത്തത് എന്നാണ് പ്രതിപക്ഷ എംഎൽഎമാർ പറയുന്നത്.