
വയനാടിന് 530 കോടിയുടെ വായ്പ അനുവദിച്ച് കേന്ദ്രം
തിരുവനന്തപുരം: വയനാട് പുനരധിവാസത്തിന് 529.50 കോടിയുടെ മൂലധന നിക്ഷേ വായ്പ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. ടൗണ്‍ ഷിപ്പ് അടക്കം 16 പദ്ധതികള്‍ക്കാണ് വായ്പ അനുവദിച്ചത്. പലിശയില്ലാത്ത വായ്പ 50 വര്‍ഷം കൊണ്ട് തിരിച്ചടച്ചാൽ മതി. ഇക്കാര്യം അറിയിച്ച് ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടിക്കാണ് കേന്ദ്രം കത്തയച്ചത്.
സംസ്ഥാനങ്ങള്‍ക്കുള്ള മൂലധന നിക്ഷേപ സഹായമായി പലിശയില്ലാതെ 50 വര്‍ഷത്തേക്കു നല്‍കുന്ന വായ്പാ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പണം അനുവദിച്ചത്. ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കുന്ന ടൗണ്‍ഷിപ്പുകളിൽ പൊതു കെട്ടിടങ്ങളും റോഡും പാലവും സ്കൂളുകളും പുനര്‍മിക്കുന്നതിനാണ് കേന്ദ്ര സഹായം.
2024-25 സാമ്പത്തിക വര്‍ഷത്തേക്കാണ് വായ്പ അനുവദിച്ചിരിക്കുന്നതെന്നും മാര്‍ച്ച് 31 നകം പണം ഉപയോഗിക്കണമെന്നാണ് നിര്‍ദ്ദേശം. സാമ്പത്തിക വര്‍ഷത്തിന്‍റെ അവസാന സമയത്തിൽ പണം അനുവദിച്ച ശേഷം ചെലവ് കാണിക്കണമെന്ന നിര്‍ദ്ദേശം പ്രായോഗികമല്ലെന്നാണ് ധനവകുപ്പ് വൃത്തങ്ങളുടെ പ്രതികരണം. ഈ സാഹചര്യത്തില്‍ മാര്‍ച്ച് 31ന് മുന്‍പായി പദ്ധതികളുടെ നിര്‍മാണം പൂര്‍ത്തിയാക്കി റീഇംപേഴ്‌സ്‌മെന്റിന് സമര്‍പ്പിക്കേണ്ടി വരുമോ എന്ന ആശങ്കയാണ് നിലവിലുള്ളത്. അങ്ങനെയാണെങ്കില്‍ കേന്ദ്രം നല്‍കിയ വായ്പ പുനര്‍നിര്‍മാണത്തിന് എത്രത്തോളം സഹായകരമാകുമെന്നതില്‍ വ്യക്തതയില്ല.
നേരത്തെ 2000 കോടി രൂപയുടെ പ്രത്യേക പാക്കേജായിരുന്നു മുണ്ടക്കൈ -ചൂരൽമല പുനരധിവാസത്തിനായി കേരളം ആവശ്യപ്പെട്ടിരുന്നത്. കേന്ദ്ര ബജറ്റിൽ ഉൾപ്പെടുത്തി ഇത് പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല.
പുനര്‍നിര്‍മാണത്തിനായി 535 കോടിയുടെ 16 പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിനു സമര്‍പ്പിച്ചിരുന്നു. ഇതിനു മറുപടിയായി ഈ മാസം 11നാണ് ധനവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിക്കു വായ്പ അനുവദിച്ച് അറിയിപ്പു ലഭിച്ചത്. പുനരധിവാസത്തിനായി സംസ്ഥാനം പണികഴിപ്പിക്കുന്ന പൊതുകെട്ടിടങ്ങള്‍, അവിടേക്കുള്ള റോഡുകളുടെ നിര്‍മാണം തുടങ്ങിയവയാണ് 16 പദ്ധതികളിലായി സംസ്ഥാനം സമര്‍പ്പിച്ചിരുന്നത്.
അനുവദിച്ച പദ്ധതികളില്‍നിന്നു മാറി ഏതെങ്കിലും തരത്തില്‍ ഫണ്ട് വകമാറ്റി ചെലവഴിച്ചാല്‍ വായ്പ വെട്ടിച്ചുരുക്കുമെന്നും കത്തില്‍ പറയുന്നു. ആവര്‍ത്തനപദ്ധതികള്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്. വയനാട് പുനര്‍നിര്‍മാണത്തിനായി 2000 കോടിയുടെ പ്രത്യേക പദ്ധതി സഹായമാണ് സംസ്ഥാന സര്‍ക്കര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നത്. ഇതു സംബന്ധിച്ചുള്ള തര്‍ക്കം കോടതിയുടെ പരിഗണനയിലാണ്. ഈ സാഹചര്യത്തിലാണ് കാപെക്‌സ് വായ്പയായി പണം അനുവദിക്കാനുള്ള കേന്ദ്ര തീരുമാനം.
പദ്ധതികളും അനുവദിച്ച തുകയും
- നെടുമ്പാല, എല്‍സ്‌റ്റോണ്‍ എസ്‌റ്റേറ്റുകളിലെ ടൗണ്‍ഷിപ്പില്‍ പുനരധിവാസത്തിനു പൊതുകെട്ടിടങ്ങളുടെ നിര്‍മാണം – 111.32 കോടി
- ടൗണ്‍ഷിപ്പിലെ റോഡ് നിര്‍മാണം – 87.24 കോടി
- പുന്നപ്പുഴ നദിയിൽ 8 കി.മീ ഭാഗത്ത് ഒഴുക്ക് ക്രമീകരിക്കല്‍ – 65 കോടി
- ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്‌റ്റേഷന്‍ – 21 കോടി
- മുട്ടില്‍ മേപ്പാടി റോഡ് നവീകരണം – 60 കോടി
- ചൂരല്‍മല പാലം നിര്‍മാണം – 38 കോടി
- വെള്ളാര്‍മല, മുണ്ടക്കൈ സ്‌കൂളുകളുടെ പുനര്‍നിര്‍മാണം – 12 കോടി
- രോഗബാധിതര്‍ക്കുള്ള കെട്ടിട നിര്‍മാണം – 15 കോടി
- എല്‍സ്‌റ്റോണ്‍ ടൗണ്‍ഷിപ്പില്‍ 110 കെവി സബ് സ്‌റ്റേഷന്‍ – 13.50 കോടി
- കാരപ്പുഴ ജലശുദ്ധീകരണ പ്ലാന്റ് – 22.50 കോടി
- അപ്രോച്ച് റോഡുകള്‍ ഉള്‍പ്പെടെ 6 ഹെലിപ്പാഡുകളുടെ നിര്‍മാണം – 9 കോടി
- കല്‍പ്പറ്റ സിവില്‍ സ്‌റ്റേഷനില്‍ ഡിഡിഎംഎ കോംപ്ലക്‌സ് ഉള്‍പ്പെടെ ഡി ബ്ലോക്ക് നിര്‍മാണം – 30 കോടി
- ജില്ലയിൽ വിവിധോദ്ദേശ്യ ഷെല്‍റ്ററുകളുടെ നിര്‍മാണം – 28 കോടി
- ചൂരല്‍മല-അട്ടമല റോഡ് – 9 കോടി
- പുഞ്ചിരിമറ്റം – വനറാണി പാലവും അപ്രോച്ച് റോഡും – 7 കോടി
- ജിഎല്‍പിഎസ് എട്ടാം നമ്പര്‍ പാലവും അപ്രോച്ച് റോഡും – 7 കോടി