ഉമ തോമസ് എം.എൽ.എ ആശുപത്രി വിട്ടു!

Uma thomas MLA discharged from Hospital

കൊച്ചി കലൂർ സ്റ്റേഡിയത്തിലെ നൃത്തപരിപാടിക്കിടെ വേദിയില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഉമ തോമസ് എം.എല്‍.എ 46 ചികിത്സക്ക് ശേഷം ആശുപത്രിവിട്ടു. താല്‍ക്കാലികമായി നിര്‍മിച്ച സ്റ്റേജില്‍ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു എം.എല്‍.എ. ഡിസംബര്‍ 29ന് വൈകുന്നേരം ആറരയോടെയായിരുന്നു ഗുരുതരമായി പരിക്കേറ്റ ഉമാ തോമസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

വലിയൊരു അപകടത്തില്‍ നിന്നാണ് കരകയറിയതെന്ന് ആശുപത്രിയില്‍ നിന്ന് ഡിസ്ചാർജ് ആയതിന് ശേഷം ഡോക്ടർമാരോടും ആശുപത്രി അധികൃതരോടും ഒപ്പം നടത്തിയ വാർത്താ സമ്മേളനത്തില്‍ ഉമ തോമസ് പറഞ്ഞു. തിരികെ വരണമെന്ന് തീവ്രമായി ആഗ്രഹിച്ചുവെന്നും എല്ലാവർക്കും നന്ദിയെന്നും അവർ കൂട്ടിച്ചേർത്തു. എംഎല്‍എയുടേത് അത്ഭുതകരമായ രക്ഷപ്പെടലാണെന്നും ഒരുമാസം വിശ്രമം വേണമെന്നും ഡോക്ടർമാർ അറിയിച്ചു.

ഡിസ്ചാർജിന് ശേഷം എറണാകുളം പൈപ്പ് ലൈനിലെ വാടക വീട്ടിലേക്കാണ് എംഎൽഎ പോവുക. ഏതാനും ആഴ്ച്ചകൾ കൂടി ഡോക്ടർമാർ വിശ്രമം നിർദേശിച്ചതിനാൽ എംഎൽഎ പൊതുപരിപാടികളിൽ ഉടൻ പങ്കെടുക്കില്ല.

ചികിത്സ പൂര്‍ത്തിയാക്കി ആശുപത്രി വിടുന്ന കാര്യം ബുധനാഴ്ച ഉമ തോമസ് തന്നെ സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. തന്നെ ശശ്രൂഷിച്ച ഡോക്ടര്‍മാര്‍, നേഴ്സ്, സപ്പോര്‍ട്ട് സ്റ്റാഫ് എന്നിവര്‍ക്കും സഹപ്രവര്‍ത്തകര്‍, സുഹൃത്തുക്കള്‍, കുടുംബാംഗങ്ങള്‍ എന്നിവര്‍ക്കും നന്ദി അറിയിക്കുന്നതായി ഉമ തോമസ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞിരുന്നു. ആശുപത്രി വിട്ട ഉമാ തോമാസിന് വലിയ യാത്രയയപ്പാണ് ആശുപത്രി ജീവനക്കാര്‍ നല്‍കിയത്.

Uma thomas MLA Addressing media after hospital discharge

ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച പ്രകാരം ആരോഗ്യസ്ഥിതി വീണ്ടെടുക്കുന്നതിനായി ഏതാനും ആഴ്ച്ചകള്‍ കൂടെ വിശ്രമം അനിവാര്യമാണ്.അതോടൊപ്പം കുറച്ച് ദിവസങ്ങള്‍ കൂടി സന്ദര്‍ശനങ്ങളില്‍ നിയന്ത്രണം ഉണ്ടാവണമെന്നുമാണ് അറിയിച്ചിട്ടുള്ളത്. ഹൃദയം നിറഞ്ഞ നന്ദിയോടുകൂടി എല്ലാവരെയും വീണ്ടും കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. വീണ്ടും നമുക്ക് ഒത്തുചേരാം.ആ നിമിഷങ്ങള്‍ക്കായി കാത്തിരിക്കുന്നുവെന്നും ഉമ തോമസ് എം.എല്‍.എ. കുറിച്ചു.

ദിവ്യ ഉണ്ണിയുടെ നേതൃത്വത്തില്‍ 11,600 നര്‍ത്തകര്‍ ചേര്‍ന്ന് അവതരിപ്പിച്ച മൃദംഗനാദം ഗിന്നസ് റെക്കോഡ് പരിപാടിക്കിടെയായിരുന്നു ഉമ തോമസ് അശാസ്ത്രീയമായി നിര്‍മിച്ച സ്റ്റേജില്‍ നിന്നും പതിനഞ്ച് അടി താഴെയുള്ള കോണ്‍ക്രീറ്റ് സ്ലാബിലേക്ക് വീണ് ഗുരുതരമായി പരിക്കേറ്റത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments