കൊയിലാണ്ടിയിൽ ആനകള്‍ ഇടഞ്ഞു; മൂന്നുപേർക്ക് ജീവഹാനി; 30 പേർക്ക് പരിക്ക്‌

Koilandi Elephant attack

കോഴിക്കോട് കൊയിലാണ്ടിയിൽ അമ്പലത്തിലെ ഉത്സവത്തിനിടെ ആനകൾ ഇടഞ്ഞു പരസ്പരം ആക്രമിച്ചു. ഇതിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്നു പേർക്ക് ജീവൻ നഷ്ടമായി. ഉത്സവം കാണാനെത്തിയ ലീല (85), അമ്മുക്കുട്ടി, രാജൻ വടക്കയിൽ എന്നിവരാണ് മരിച്ചത്.

സംഭവത്തിൽ 30 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഗുരുതര പരിക്കേറ്റ 12 പേരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി.

വൈകിട്ട് അഞ്ചര മണിയോടെ കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് പിതാംബരൻ, ഗോകുൽ എന്നീ ആനകൾ ഇടഞ്ഞത്. ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായ വരവ് വരുന്നതിനിടെ പടക്കം പൊട്ടിച്ചിരുന്നു. പടക്കത്തിന്റെ ശബ്ദം കേട്ടാണ് ആന ഇടഞ്ഞത്. ഇടഞ്ഞ ആന സമീപത്ത് നിന്നിരുന്ന മറ്റൊരാനയുടെ പിന്നിൽ കുത്തുകയായിരുന്നു. ഈ സമയത്ത് രണ്ട് ആനകളും ഇടഞ്ഞോടി. ക്ഷേത്രപരിസരത്ത് നിന്ന് പ്രധാന റോഡിലേക്കാണ് ആനകൾ ഓടിയത്.

ഉത്സവത്തിന്റെ അവസാന ദിനമായിരുന്നതിനാൽ ക്ഷേത്രത്തിലും പരിസരത്തും ധാരാളം പേർ ഉണ്ടായിരുന്നു. ആനകൾ വിരണ്ടതോടെ പരിഭ്രാന്തരായ ജനങ്ങൾ ചിതറിയോടി. ഓടുന്നതിനിടെ മറിഞ്ഞ് വീണാണ് കൂടുതൽ പേർക്കും പരിക്കേറ്റത്.

ഉത്സവത്തിനായി ക്ഷേത്രത്തിന് സമീപം തയാറാക്കിയ ദേവസ്വം ഓഫിസും ആന തകർത്തു. ഏറെ നേരത്തെ പരിശ്രമം കൊണ്ടാണ് ആനകളെ തളച്ചത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments