“ഓപ്പറേഷൻ സ്പോട്ട് ട്രാപ്പ്”-ന്റെ ഭാഗമായി മലപ്പുറം വിജിലൻസ് യൂണിറ്റ് ഒരുക്കിയ കെണിയിൽ അരീക്കോട് കാവനൂർ പഞ്ചായത്ത് സെക്രട്ടറി അനിൽ 5,000/- രൂപ കൈക്കൂലി വാങ്ങവേ പിടിയിലായി.
മലപ്പുറം കാവനൂർ സ്വദേശിയായ പരാതിക്കാരന് അച്ഛനിൽ നിന്നും ഇഷ്ടദാനമായി കിട്ടിയ കാവനൂർ വില്ലേജ് പരിധിയിൽ പെട്ട 5 സെന്റ് സ്ഥലത്ത് ഒരു വീട് വയ്ക്കുന്നതിനുള്ള ബിൽഡിംഗ് പെർമിറ്റിന് കാവനൂർ പഞ്ചായത്ത് ഓഫീസിൽ കഴിഞ്ഞ ജനുവരി മാസം ആദ്യം ഓൺ ലൈനിൽ അപേക്ഷ നൽകിയിരുന്നു. തുടർന്ന് പഞ്ചായത്തിലെ ഓവർസീയർ സൈറ്റ് പരിശോധിച്ച്, ബിൽഡിംഗ് റൂൾസ് പാലിച്ചാണ് നിർമ്മാണം നടത്തിയതെന്ന് റിപ്പോർട്ട് നൽകിയിരുന്നു.
തുടർന്ന് പല പ്രാവശ്യം പഞ്ചായത്ത് ഓഫീസിൽ അന്വേഷിച്ച് ചെന്ന പരാതിക്കാരനെ ബിൽഡിംഗിന് 3 മീറ്റർ ഫ്രണ്ട് യാർഡ് ഇല്ലായെന്നും മറ്റും പറഞ്ഞ് പഞ്ചായത്ത് സെക്രട്ടറി അനിൽ തിരിച്ചയച്ചിരുന്നു. ജനുവരി മാസം അവസാനം പുതുക്കിയ പ്ലാൻ സമർപ്പിക്കുന്നതിന് പഞ്ചായത്ത് സെക്രട്ടറി അനിൽ പരാതിക്കാരന് ഒരു നോട്ടീസ് അയച്ചിരുന്നു.
നോട്ടീസ് കിട്ടിയ പരാതിക്കാരൻ അതുമായി വീണ്ടും പഞ്ചായത്ത് സെക്രട്ടറിയെ കണ്ടപ്പോൾ കാര്യം നടക്കണമെങ്കിൽ ചിലവുണ്ടെന്നും, സൈറ്റ് പരിശോധിക്കാൻ വരാമെന്നും, അപ്പോൾ 5,000/- രൂപ നൽകണമെന്നും പറഞ്ഞു. തുടർന്ന് പരാതിക്കാരൻ ഈ വിവരം മലപ്പുറം വിജിലൻസ് യൂണിറ്റ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ അറിയിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം ഈ ഉദ്യോഗസ്ഥനെ നിരീക്ഷിച്ച് ഇന്ന് വൈകുന്നേരം പിടികൂടുകയായിരുന്നു.
പരാതിക്കാരന്റെ ചെങ്ങരയിലുള്ള നിർമ്മാണം നടക്കുന്ന വീടിന് മുൻവശം വച്ച് പരാതിക്കാരനിൽ നിന്നും 5,000 രൂപ കൈക്കൂലി വാങ്ങവേയാണ് അനിലിനെ വിജിലൻസ് സംഘം കൈയോടെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതികളെ കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കും.