ആംബുലൻസ് നിരക്ക് നിശ്ചയിച്ച് സർക്കാർ വിജ്ഞാപനമായി

Ambulance fares fixed kerala government

തിരുവനന്തപുരം: സംസ്ഥാനത്ത് ആംബുലൻസുകൾക്ക് ഏകീകൃത നിരക്ക് നിശ്ചയിച്ച് വിജ്ഞാപനമായി. ഐ.സി.യു സൗകര്യമുള്ള ആംബുലൻസിന് 20 കിലോമീറ്റർ വരെ 2500 രൂപയാണ് നിരക്ക്. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 50 രൂപ വീതവും വെയിറ്റിങ് ചാർജായി ഓരോ മണിക്കൂറിന് 350 രൂപയും നൽകണം.

സി ലെവൽ എ.സി ട്രാവലറുകൾക്ക് 1500, എ.സി അല്ലാത്തവയ്ക്ക് 1000 രൂപയുമാണ് നിരക്ക്. 20 കിലോമീറ്റർ കഴിഞ്ഞുള്ള ഓരോ കിലോമീറ്ററിനും യഥാക്രമം 40 രൂപ, 30 രൂപ എന്നിങ്ങനെ ഈടാക്കും.

നോൺ എസി ഒമ്നി ആംബുലൻസുകൾക്ക് 600 രൂപയാണ് ആദ്യ 20 കിലോമീറ്ററിനുള്ള മിനിമം വാടക. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 20 രൂപ നൽകണം. ഓക്സിജൻ ആവശ്യമായി വന്നാൽ അതിന് 200 രൂപ അധികം നൽകണം. ഓരോ മണിക്കൂരിനും 150 രൂപയാണ് വെയിറ്റിങ് ചാർജ്.

എസിയുള്ള ഒമ്നി ആംബുലൻസിന് 800 രൂപയാണ് ആദ്യ 20 കിലോമീറ്റർ വരെ അടിസ്ഥാന വാടക. പിന്നീട് കിലോമീറ്ററിന് 25 രൂപ നിരക്കിൽ നൽകണം. ഓക്സിജൻ സപ്പോർട്ടിന് 200 രൂപയും വെയിറ്റിങ് ചാർജ് മണിക്കൂറിന് 150 രൂപയും നിശ്ചയിച്ചു.

നോൺ എസി ട്രാവലർ ആംബുലൻസിന് ആയിരം രൂപയാണ് ആദ്യ 20 കിലോമീറ്ററിലെ വാടക. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 30 രൂപ വീതം നൽകണം. വെയിറ്റിങ് ചാർജ് മണിക്കൂറിന് 200 രൂപയാണ്. എസിയുള്ള ട്രാവലർ ആംബുലൻസിന് 1500 രൂപയാണ് 20 കിലോമീറ്റർ വരെയുള്ള മിനിമം വാടക. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 40 രൂപ വീതം നൽകണം. 200 രൂപയാണ് ഓരോ മണിക്കൂറിനും നൽകേണ്ട വെയിറ്റിങ് ചാർജ്.

ഐസിയു സൗകര്യവും പരിശീലനം ലഭിച്ച ടെക്നീഷ്യൻസ് പ്രവർത്തിക്കുന്നതുമായ ഡി ലെവൽ ആംബുലൻസുകൾക്ക് 2500 രൂപയാണ് ആദ്യ 20 കിലോമീറ്റർ വരെ അടിസ്ഥാന വാടക. പിന്നീട് ഓരോ കിലോമീറ്ററിനും 50 രൂപ വീതം നൽകണം. 350 രൂപയാണ് ഈ ആംബുലൻസിന് മണിക്കൂർ അടിസ്ഥാനത്തിലുള്ള വെയിറ്റിങ് ചാർജ്.

കാൻസർ രോഗികളെയും 12 വയസിൽ താഴെ പ്രായമുള്ള കുട്ടികളെയും കൊണ്ടുപോകുമ്പോൾ കിലോമീറ്ററിന് 2 രൂപ വീതം വാടകയിൽ ഇളവ് അനുവദിക്കണം. ബിപിഎൽ വിഭാഗക്കാരായ രോഗികളുമായി പോകുമ്പോൾ ഡി ലെവൽ ഐസിയു ആംബുലൻസുകളുടെ വാടക നിരക്കിൽ 20 ശതമാനം തുക കുറച്ചേ ഈടാക്കാവൂ എന്നും ഉത്തരവിൽ പറയുന്നു. സംസ്ഥാന ട്രാൻസ്പോർട് അതോറിറ്റിക്ക് ഉത്തരവ് നടപ്പാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments