ആർഎംപി നേതാവ് ടി.പി.ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് പരോൾ അനുവദിച്ചത് 1000 ദിവസത്തിലേറെ. ജയിലിൽ തന്നെ ആവശ്യത്തിനു സ്വാതന്ത്ര്യവും. ഇഷ്ടമുള്ള ബ്ലോക്കും ആഹാരവും മൊബൈൽ ഫോണുമെല്ലാം പ്രതികൾക്ക് ലഭിക്കുന്നുണ്ട്. ഇതിന് പുറമേയാണ് യഥേഷ്ടം പരോൾ കിട്ടി പുറത്തിറങ്ങാൻ സാധിക്കുന്നതും.
പലപ്പോഴും ജയിലിൽ പ്രശ്‌നക്കാരായ ഇവരെ ജയിൽ മാറ്റിയാലും മറ്റിടങ്ങളിലും സർവ്വസ്വാതന്ത്ര്യം തന്നെയാണ്. അനൂപ്, മനോജ്, സിജിത്ത്, റഫീഖ്, മനോജൻ, കെ.സി.രാമചന്ദ്രൻ, കുഞ്ഞനന്തൻ, ഷാഫി, ഷിനോജ്, രജീഷ്, സുനിൽകുമാർ (കൊടി സുനി) എന്നിവരാണ് കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികൾ. കൊടി സുനിക്ക് ഈ വർഷം ആദ്യവും പരോൾ അനുവദിച്ചിരുന്നു. പരോളിലിരിക്കെയാണ് കാസർകോട് പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികളെ സുനി ജയിലിലെത്തി സന്ദർശിച്ചത്.
പി.കെ. കുഞ്ഞനന്തന് 327 ദിവസമാണ് പരോൾ അനുവദിച്ചത്. 2020 മാർച്ച് 30ന് മൂന്ന് ഇടക്കാല ജാമ്യത്തിൽ പുറത്തിറങ്ങിയിരുന്നു. ജാമ്യത്തിലിരിക്കെ ജൂൺ 11നാണ് കുഞ്ഞനന്തൻ മരിക്കുന്നത്.
- കെ.സി. രാമചന്ദ്രന് 28 തവണയായി 1081 ദിവസമാണ് പരോൾ അനുവദിച്ചത്.
- ടി.കെ. രാജേഷ് 21 തവണയായി 940 ദിവസം പരോൾ അനുവദിച്ചു.
- ട്രൗസർ മനോജ് എന്ന മനോജ്: 26 തവണയായി 1068 ദിവസം പരോളിൽ ജയിലിന് പുറത്ത് കഴിഞ്ഞു.
- അണ്ണൻ സജിത്ത് എന്ന സിജിത്ത്: 21 തവണയായി 1078 ദിവസം പരോളിൽ
- മുഹമ്മദ് ഷാഫി: 15 തവണയായി 656 ദിവസം പരോളിൽ.
- ഷിനോജ്: 17 തവണയായി 925 ദിവസം പരോളിൽ.
ഇവരൊക്കെയും 227 ദിവസം ജാമ്യം ലഭിച്ച് പുറത്തിറങ്ങുകയും ചെയ്തിരുന്നു.
- റഫീഖ്: 24 തവണയായി 782 ദിവസം പരോൾ.
- കിർമാണി മനോജ് എന്ന മനോജ് കുമാർ: 19 തവണയായി 851 ദിവസം പരോളിൽ പുറത്തിറങ്ങി.
- കൊടി സുനി എന്ന സുനിൽകുമാർ: മൂന്ന് തവണയായി 60 ദിവസം
- എം.സി. അനൂപ്: 15 തവണയായി 900 ദിവസം പരോളിൽ.
- കൃഷ്ണൻ: 10 ദിവസം പരോൾ.
ടിപി ചന്ദ്രശേഖരൻ വധക്കേസിലെ ഓരോ പ്രതികൾക്കും എത്ര തവണ പരോൾ അനുവദിച്ചുവെന്നും കാലാവധി എത്രയെന്നും ചോദിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ ചോദ്യത്തിനാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്. 2024 ഒക്ടോബർ 14ന് ഉന്നയിച്ച ചോദ്യത്തിനാണ് ഇപ്പോൾ മറുപടി നൽകിയിരിക്കുന്നത്.
പരോളിലിറങ്ങിയ കൊടി സുനി സ്വർണക്കടത്തുമായി ബന്ധപ്പെട്ട് വയനാട് സ്വദേശിയെ തട്ടിക്കൊണ്ടുപോയ കേസിൽ സുനി പ്രതിയായിരുന്നു. ജയിലിലും ഒട്ടേറെത്തവണ സുനി പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നു. പലതവണ ജയിലുകൾ മാറ്റി.
പരോളിനിടയിലാണ് കിർമാണി മനോജിനെ ലഹരിപാർട്ടി നടത്തിയതിനു പിടികൂടിയത്. പരോളിലിറങ്ങി ക്രിമിനൽ കേസുകളിലും ഗൂഢാലോചനയിലും ഉൾപ്പെട്ട സംഭവങ്ങൾ മുൻപും ഉണ്ടായിട്ടുണ്ടെങ്കിലും പ്രതികൾക്കെല്ലാം പരമാവധി പരോൾ നൽകി.