ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് തിരുവനന്തപുരം നഗരപരിധിക്കുള്ളിൽ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് 1881 പ്രകാരം പ്രവർത്തിച്ചുവരുന്ന ധനകാര്യ സ്ഥാപനങ്ങൾക്ക് 2025 മാർച്ച് 13 വ്യാഴാഴ്ച്ച ദിവസം അവധി അനുവദിച്ച് അഡീഷണൽ സെക്രട്ടറി മുഹമ്മദ് റിയാസ് ഉത്തരവിറക്കി.
ഈ വർഷത്തെ ആറ്റുകാൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് 30 വാർഡുകൾ ഉത്സവമേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഉപഉത്സവങ്ങളിൽ നിർബന്ധിത പിരിവ് പാടില്ല. ഉൽസവദിവസങ്ങളിലും, പ്രത്യേകിച്ച് പൊങ്കാല ദിനത്തിലും ഭക്ഷണം, വെള്ളം വിതരണം ചെയ്യൽ എന്നിവയിൽ അതീവ ശ്രദ്ധ വേണം. ദൂരദേശങ്ങളിൽ നിന്ന് വിളക്കുകെട്ടുമായി വരുന്നവർ ഗതാഗത തടസ്സം സൃഷ്ടിക്കരുതെന്നും പരസ്യങ്ങൾ കോടതിയുടെ അനുമതി വാങ്ങി മാത്രം സ്ഥാപിക്കണമെന്നും മന്ത്രി വി ശിവൻകുട്ടി നിർദ്ദേശിച്ചു.
തെരുവ് വിളക്കുകളുടെ അറ്റകുറ്റപ്പണി, കുടിവെള്ള ക്ഷാമം പരിഹരിക്കൽ, ഓടകൾ വൃത്തിയാക്കൽ, ടോയ്‌ലറ്റ് സംവിധാനങ്ങൾ, മാലിന്യ പ്രശ്‌നങ്ങൾ എന്നിവ സംബന്ധിച്ചുള്ള പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തീകരിക്കാൻ മന്ത്രി വി ശിവൻകുട്ടി വാർഡ് കൗൺസിലർമാർക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകി. തിരുവനന്തപുരം വിമാനത്താവളത്തിൽ മാർച്ച് 29 വരെ റൺവേ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് വിമാന സർവ്വീസുകൾ നടത്തുന്നില്ല. അതിനാൽ പൊങ്കാല ദിവസത്തിൽ എയർക്രാഫ്റ്റ് മാർഗേനയുള്ള പുഷ്പവൃഷ്ടി ഉണ്ടാവില്ല.
കോർപ്പറേഷൻ പരിധിയിലും വെങ്ങാനൂർ ഗ്രാമപഞ്ചായത്തിലെ വെള്ളാർ വാർഡിലും പൊങ്കാലയുടെ തലേ ദിവസം വെകുന്നേരം 6 മുതൽ പൊങ്കാല ദിവസം വൈകുന്നേരം 6വരെ മദ്യനിരോധനം ഏർപ്പെടുത്തും. ആറ്റുകാൽ പൊങ്കാലയിൽ ഹരിതപ്രോട്ടോകോൾ പാലിക്കുമെന്നും പെട്രോൾ പമ്പുകൾക്ക് സമീപം അടുപ്പ് കൂട്ടുന്നത് ഭക്തജനങ്ങൾ ഒഴിവാക്കണമെന്നും ജില്ലാ കളക്ടർ അനുകുമാരി അറിയിച്ചു. സബ് കളക്ടർ ആൽഫ്രഡ് ഒ വി ആണ് പൊങ്കാലയുടെ നോഡൽ ഓഫീസർ.