റെക്കോർഡുകൾ ഭേദിച്ച് കയറിയ സ്വർണ്ണവിലക്ക് ഇന്ന് നേരിയ കുറവ്. ഗ്രാമിന് 70 രൂപ കുറഞ്ഞ് 7,940 രൂപയും പവന് 560 രൂപ കുറഞ്ഞ് 63,520 രൂപയുമാണ് ഇന്നത്തെ വില.
ഇന്നലെ രാവിലെ ഗ്രാമിന് 8,060 രൂപയും പവന് 64,480 രൂപയുമായിരുന്നു. എക്കാലത്തെയും റെക്കോഡ് വിലയാണിത്. ഇന്നലെ രാവിലെ സ്വർണവില നിശ്ചയിക്കുമ്പോൾ അന്താരാഷ്ട്ര സ്വർണവില ട്രായ് ഔൺസിന് 2923 ഡോളറും, രൂപയുടെ വിനിമയ നിരക്ക് 87.29ലും ആയിരുന്നു.
അതനുസരിച്ചാണ് ഗ്രാമിന് 80 രൂപയും പവന് 640 രൂപയും കൂടിയത്. എന്നാൽ, 10 മണിക്ക് ശേഷം രൂപ കരുത്ത് ആർജിച്ച് 87.29 നിന്നും 86.86 പൈസയിലേക്ക് എത്തി. 43 പൈസയുടെ വ്യത്യാസമാണ് വന്നത്. അതനുസരിച്ച് 11 മണിയോടെ ഗ്രാമിന് 50 രൂപ കുറഞ്ഞ് 8010 രൂപയും, പവന് 400 കുറഞ്ഞ് 64,080 രൂപയും ആയി വില താഴ്ന്നു.
24 കാരറ്റ് സ്വർണം ബാങ്ക് നിരക്ക് കിലോഗ്രാമിന് 90 ലക്ഷം രൂപ ആയി. ഒരു പവൻ സ്വർണം ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ വാങ്ങണമെങ്കിൽ 70000 രൂപയ്ക്ക് അടുത്ത് നൽകണം.
ഈ വർഷം ജനുവരി ഒന്നിന് 57,200 രൂപയായിരുന്നു പവൻ വില. ജനുവരി 22നാണ് 60,000ൽ തൊട്ടത്. ജനുവരിയിൽ മാത്രം 4640 രൂപയാണ് പവന് വർധിച്ചത്. ഫെബ്രുവരി ഒന്നിന് 61,960 രൂപയായിരുന്നു പവൻ വില.