
ഹരിയാനയിലെ റോഹ്ത്തക്കിൽ കോൺഗ്രസ് വനിതാ നേതാവിനെ സുഹൃത്ത് കൊലപ്പെടുത്തിയത് മൊബൈൽ ചാർജറിന്റെ കേബിൾ കഴുത്തിൽ കുരുക്കിയെന്ന് പോലീസ്. യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവായ ഹിമാനി നർവാളിനെയാണ് സുഹൃത്തായ സച്ചിൻ കൊലപ്പെടുത്തിയത്.
രണ്ടുദിവസം മുൻപാണ് ഹിമാനി നർവാളിന്റെ മൃതദേഹം സ്യൂട്ട്‌കേസിലാക്കി ഉപേക്ഷിച്ചനിലയിൽ സാംപ്ല ബസ് സ്റ്റാൻഡിന് സമീപത്തുനിന്ന് കണ്ടെത്തിയത്. സംഭവത്തിൽ പ്രതിയായ ഝജ്ജർ സ്വദേശി സച്ചിനെ അറസ്റ്റ് ചെയ്തതായും ഇയാൾ കുറ്റം സമ്മതിച്ചതായും പോലീസ് അറിയിച്ചു.
കൊലപാതകത്തിന് ശേഷം യുവതിയുടെ ആഭരണങ്ങളും മൊബൈൽഫോണും ലാപ്‌ടോപ്പും പ്രതി കൈക്കലാക്കിയിരുന്നു. തുടർന്ന് മൃതദേഹം സ്യൂട്ട്‌കേസിലാക്കി സൂക്ഷിച്ചു. ആദ്യം വീട്ടിൽ സൂക്ഷിച്ച സ്യൂട്ട്‌കേസ് പിന്നീടാണ് ബസ് സ്റ്റാൻഡിന് സമീപത്ത് ഉപേക്ഷിച്ചത്. യുവതിയുടെ ആഭരണങ്ങളും മൊബൈലും ലാപ്‌ടോപ്പും പ്രതിയുടെ കടയിലാണ് ഒളിപ്പിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു.
പ്രതി സച്ചിന്റെ ദേഹത്ത് കടിയേറ്റ പാടുകളും മുറിവുകളും കണ്ടെത്തിയിട്ടുണ്ട്. ആക്രമണം ചെറുക്കാനുള്ള ശ്രമത്തിനിടെ ഹിമാനി തന്നെ കടിച്ചുപരിക്കേല്‍പ്പിച്ചതാണെന്നാണ് ഇതുസംബന്ധിച്ച് പ്രതിയുടെ മൊഴി.
ഹിമാനി നര്‍വാളുമായി സാമൂഹികമാധ്യമത്തിലൂടെയാണ് പ്രതി പരിചയം സ്ഥാപിച്ചത്. റോഹ്ത്തക്കിലെ വിജയ് നഗറില്‍ ഹിമാനി ഒറ്റയ്ക്ക് താമസിച്ചിരുന്ന വീട്ടില്‍ ഇയാള്‍ പലതവണ സന്ദര്‍ശനം നടത്തിയിരുന്നു. ഫെബ്രുവരി 27-ാം തീയതിയും പ്രതി യുവതിയുടെ താമസസ്ഥലത്തെത്തി.
തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്കുണ്ടായെന്നും വഴക്കിനിടെ പ്രതി മൊബൈല്‍ ചാര്‍ജറിന്റെ കേബിള്‍ കഴുത്തില്‍ കുരുക്കി യുവതിയെ കൊലപ്പെടുത്തുകയായിരുന്നുവെന്നും റോഹ്ത്തക്ക് എ.ഡി.ജി.പി. കൃഷ്ണന്‍കുമാര്‍ റാവു മാധ്യമങ്ങളോട് പറഞ്ഞു.