ലഹരി കേസിൽ നടൻ ഷൈൻ ടോം ചാക്കോയെ വെറുതേ വിട്ടു. എറണാകുളം അഡീഷണല്‍ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. 2015 ജനുവരി 30ന് കടവന്ത്രയിലെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിലായിരുന്നു ഷൈനും മോഡലുകളും ഉൾപ്പെടെ അഞ്ചു പേർ കൊക്കെയ്നുമായി പിടിയിലായത്.
കേരളത്തിൽ റജിസ്റ്റർ ചെയ്ത ആദ്യ കൊക്കെയ്ൻ കേസും ഇതായിരുന്നു. 2018 ഒക്ടോബറിലാണ് കേസിന്റെ വിചാരണ ആരംഭിച്ച കേസിൽ ആകെ എട്ട് പ്രതികളാണ് ഉണ്ടായിരുന്നത്. ഇവരിൽ ഏഴാം പ്രതി ഒഴികെ മറ്റെല്ലാവരെയും വെറുതെ വിടുകയായിരുന്നു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ രാത്രി പന്ത്രണ്ട് മണിക്ക് കടവന്ത്രയിലെ ഫ്ലാറ്റിൽ നടത്തിയ റെയ്ഡില്‍ ഷൈന്‍ ടോം ചാക്കോയും മോഡലുകളായ രേഷ്മ രംഗസ്വാമി, ബ്ലെസി സില്‍വസ്റ്റര്‍, ടിന്‍സ് ബാബു, സ്‌നേഹ ബാബു എന്നിവരും പിടിയിലായിരുന്നു. അറസ്റ്റിലാകുമ്പോള്‍ ഇവര്‍ മയക്ക് മരുന്ന് ഉപയോഗിച്ച നിലയിലായിരുന്നു. കേസില്‍ എട്ടുപ്രതികളാണ് ഉണ്ടായിരുന്നത്. പ്രതികള്‍ക്ക് വേണ്ടി അഡ്വ. രാമന്‍ പിള്ളയാണ് ഹാജരായത്.