‘കിഫ്ബി സംസ്ഥാനത്തിന് ബാധ്യത’; നിയമസഭയിൽ കെ.എൻ. ബാലഗോപാലിനെതിരെ പ്രതിപക്ഷം

തിരുവനന്തപുരം: കിഫ്ബി വഴി നിർമിച്ച റോഡുകളിൽ ടോൾ പിരിക്കാനുള്ള നീക്കത്തിൽ നിയമസഭയിൽ പ്രതിപക്ഷ -ഭരണപക്ഷ വാഗ്വാദം. കിഫ്ബി സംസ്ഥാനത്തിന് ബാധ്യതയായെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. കിഫ്‌ബിയിലെ പണം ആരുടേയും തറവാട്ട് സ്വത്ത് വിറ്റ് കൊണ്ടുവന്നതല്ലെന്നും വി.ഡി സതീശൻ പറഞ്ഞു.

ടോൾ പിരിക്കുമെന്ന് പറഞ്ഞ് പ്രതിപക്ഷം ആശങ്ക ഉണ്ടാക്കുന്നുവെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ മറുപടി നൽകി.വരുമാനം വർധിപ്പിക്കാൻ നിരവധി പദ്ധതികൾ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. കിഫ്ബിയുടെ പ്രവർത്തനം താളം തെറ്റിയത് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നൽകിയ അടിയന്തര പ്രമേയ നോട്ടീസ് തള്ളിയതോടെ പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപോയി.

കിഫ്ബി ജനങ്ങളുടെ ബാധ്യത ആകുന്നുവെന്ന് അടിയന്തര പ്രമേയ നോട്ടീസ് നൽകിയ റോജി എം ജോൺ ആരോപിച്ചു. ഒന്നാം പിണറായി സർക്കാർ പതിനായിരം കോടിയുടെ പദ്ധതി മാത്രമാണ് നടപ്പാക്കിയത്. ഇത് വരെ പൂർത്തിയായത് 18,000 കോടിയുടെ പദ്ധതി മാത്രമാണ്. ഒച്ചിഴയുന്ന വേഗത്തിലാണ് കിഫ്ബി വഴിയുള്ള വികസനം. കിഫ്ബി റോഡുകളിലൂടെ ഇനി കെ ടോളുകളും സംസ്ഥാനത്ത് വരുമെന്നാണ് വിവരം.

കേരളത്തിലെ ഒരു പാലത്തിനും റോഡിനും ടോൾ ഉണ്ടാകില്ലെന്നായിരുന്നു കിഫ്ബിയുടെ പിതാവ് തോമസ് ഐസക് നിയമസഭയിൽ പറഞ്ഞിരുന്നത്. ഇപ്പോൾ സ്ഥിതി മാറുകയാണ്. നികുതി വരുമാനം ആണ് കിഫ്ബിയിലേക്ക് വകമാറ്റുന്നത്. ഇടത് മുന്നണിയിൽ പോലും അഭിപ്രായ ഐക്യമില്ലെന്നും എന്താണ് കിഫ്ബി ടോളിൽ ഇടത് നയമെന്നും റോജി എം ജോൺ ചോദിച്ചു.

കിഫ്ബി വെന്റിലേറ്ററിൽ – വിഡി സതീശൻ

കിഫ്ബി ഇപ്പോൾ വെന്റിലേറ്ററിലായെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചു. അത് ഊരേണ്ടത് എപ്പഴാണെന്ന് ചോദിക്കേണ്ട അവസ്ഥയാണ്. കിഫ്‌ബി പരാജയപ്പെട്ട മോഡലാണ്. കിഫ്ബി ആരുടേയും തറവാട് സ്വത്ത് വിറ്റ പണം അല്ല. പെട്രോൾ മോട്ടോർ വാഹന സെസ് ആണ് കിഫ്‌ബിയുടെ അടിസ്ഥാനം.

കിഫ്ബി ഭരണഘടനാ വിരുദ്ധമായ ബദൽ സംവിധാനം ആയി മാറി. കിഫ്‌ബിയെ ഓഡിറ്റിങ്ങിൽ നിന്നു ഒഴിവാക്കുന്നു. കിഫ്‌ബി വെള്ളാനയായി മാറി. സംസ്ഥാന ബജറ്റിന്റ മീതെ കിഫ്‌ബി ഇന്ന് ബാധ്യത ആയി നിൽക്കുകയാണ്. എന്നിരുന്നാലും കിഫ്‌ബി ഭയങ്കര സംഭവമാണെന്ന് വരുത്തി തീർക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. കിഫ്‌ബി ഇല്ലെങ്കിലും കടം എടുത്തു പദ്ധതികൾ നടപ്പാക്കാമായിരുന്നു. സംസ്ഥാനം ട്രിപ്പിൾ ടാക്സ് പിടിക്കുകയാണ്. ഇന്ധന സെസ്, മോട്ടോർ വാഹന നികുതി, പിന്നെ ഇപ്പോൾ റോഡ് ടോളിലേക്ക് കടക്കുന്നു.

മറുപടി നൽകി ധനമന്ത്രി

മറുപടി നൽകിയ ധനമന്ത്രി കെ എൻ ബാലഗോപാൽ, കിഫ്ബി ടോളിന്റെ കാര്യം പറഞ്ഞ് ആളുകളെ ആശങ്കയിലാക്കേണ്ട കാര്യമില്ലെന്ന നിലപാടെടുത്തു. കിഫ്‌ബി വഴി വരുമാനദായക പദ്ധതികൾ ഇനിയും കൊണ്ട് വരുമെന്നും ടോളിനെ സഭയിലും ന്യായീകരിച്ച് ധന മന്ത്രി പറഞ്ഞു. കിഫ്ബിക്ക് ഡ്രിപ്പ് കൊടുക്കേണ്ട അവസ്ഥയൊന്നുമില്ല. കേന്ദ്രത്തിനൊപ്പം നിലപാടെടുത്ത് കേരളത്ത്ന്റെ കേസ് തോൽപ്പിക്കരുത്. വലിയ മാറ്റമാണ് ഉണ്ടായത്. ഡ്രിപ്പും ബൂസ്റ്റും കൊടുത്ത് ബിജെപിയെ വളർത്തുന്നത് പ്രതിപക്ഷമാണ്. മോൻ ചത്താലും മരുമോളുടെ കണ്ണീരെന്ന നയമല്ലേ ദില്ലിയിൽ കോൺഗ്രസ് എടുത്തതെന്നും ധനമന്ത്രി ചോദിച്ചു. കിഫ്ബിയുടെ പേരിലെ വിമർശനത്തിന് ആത്മാർത്ഥതയില്ലെന്ന് പ്രസംഗം കേട്ടാൽ തന്നെ തോന്നും. റോജി എം ജോണിന്റെ മണ്ഡലത്തിൽ വരെ വികസനം എത്തിച്ചത് കിഫ്ബിയാണെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.

0 0 votes
Article Rating
Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Razi.S
Razi.S
12 days ago

Hi..

1
0
Would love your thoughts, please comment.x
()
x