Kerala Government News

ശമ്പള പരിഷ്കരണ കമ്മീഷൻ വൈകുന്നതിൽ ആശങ്ക! കഴിഞ്ഞ തവണ നാലാം മാസം കമ്മീഷനെ രൂപീകരിച്ചു

6 മാസം കഴിഞ്ഞിട്ടും കമ്മീഷനെ പ്രഖ്യാപിക്കാതെ കെ.എൻ. ബാലഗോപാൽ

ശമ്പള പരിഷ്കരണ കമ്മീഷൻ വൈകുന്നതിൽ ജീവനക്കാർക്കും പെൻഷൻകാർക്കും ആശങ്ക. ബജറ്റിൽ ശമ്പള പരിഷ്കരണ കമ്മീഷനെ പ്രഖ്യാപിക്കാതിരുന്നതാണ് ആശങ്കയ്ക്ക് കാരണം. 1.7.24 മുതൽ പ്രാബല്യത്തിൽ ലഭിക്കേണ്ട പന്ത്രണ്ടാം ശമ്പള പരിഷ്കരണത്തിൻ്റെ കമ്മീഷനെ ബജറ്റിൽ കെ.എൻ. ബാലഗോപാൽ പ്രഖ്യാപിക്കും എന്നായിരുന്നു ഭരണാനുകൂല സർവീസ് സംഘടനകളുടെ പ്രചരണം.

ഒരു ഗഡു ക്ഷാമബത്ത മാത്രമാണ് പുതുതായി ജീവനക്കാർക്കും പെൻഷൻകാർക്കും ബജറ്റിൽ പ്രഖ്യാപിച്ചത്. സാധാരണ ഗതിയിൽ ശമ്പള പരിഷ്കരണം പ്രാബല്യത്തിൽ വരുന്ന തീയതിക്ക് തൊട്ട് പിന്നാലെ ശമ്പള പരിഷ്കരണ കമ്മീഷനെ പ്രഖ്യാപിക്കുന്നതാണ് പതിവ്.

1.7.19 മുതൽ ലഭിക്കേണ്ട പതിനൊന്നാം ശമ്പള പരിഷ്കരണത്തിന് 6.11.19 ൽ തോമസ് ഐസക്ക് കമ്മീഷനെ പ്രഖ്യാപിച്ചിരുന്നു. 4 മാസം കഴിഞ്ഞപ്പോൾ അന്ന് കമ്മീഷൻ നിലവിൽ വന്നു. റിട്ടയേർഡ് ഐഎഎസ് ഉദ്യോഗസ്ഥർ കെ. മോഹൻദാസ് ആയിരുന്നു പതിനൊന്നാം ശമ്പള പരിഷ്കരണ കമ്മീഷൻ ചെയർമാൻ. റിട്ടയേർഡ് പ്രൊഫസർ എം.കെ. സുകുമാരൻ നായർ, അഡ്വക്കേറ്റ് അശോക് മാമൻ ചെറിയാൻ എന്നിവരായിരുന്നു അംഗങ്ങൾ.

29.1.21 ന് കമ്മീഷൻ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. പതിമൂന്ന് മാസത്തിനുള്ളിൽ കമ്മീഷൻ വിശദമായ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു. റിപ്പോർട്ട് കിട്ടി പതിനാലാം പക്കം അതായത് 10.2.21 സർക്കാർ അത് അംഗികരിച്ച് ഉത്തരവും ഇറക്കി.

കഴിഞ്ഞ തവണത്തെ പോലെ ആണെങ്കിൽ 2024 നവംബറിൽ എങ്കിലും കമ്മീഷനെ പ്രഖ്യാപിക്കേണ്ടതായിരുന്നു. 1.7.24 പ്രാബല്യത്തിൽ വരേണ്ട ശമ്പള പരിഷ്കരണത്തിന് 6 മാസം കഴിഞ്ഞിട്ടും ബാലഗോപാൽ കമ്മീഷനെ പോലും നിയമിച്ചിട്ടില്ല എന്നതാണ് ഇപ്പോഴത്തെ സ്ഥിതി.

ഭരണത്തിൽ സ്വാധിനമുള്ള ഐഎഎസ് ലോബി പത്ത് വർഷം കൂടുമ്പോൾ ശമ്പള പരിഷ്കരണം മതി എന്ന അഭിപ്രായക്കാരാണ്. അഞ്ച് വർഷം കൂടുമ്പോൾ ശമ്പള പരിഷ്കരണം എന്ന പതിവ് ഐഎഎസ് ലോബി അട്ടിമറിക്കുമോ എന്ന ആശങ്കയാണ് ജീവനക്കാരേയും പെൻഷൻകാരേയും പിടി കൂടിയിരിക്കുന്നത്.

ശമ്പള പരിഷ്കരണ കമ്മീഷനെ സമയ ബന്ധിതമായി പ്രഖ്യാപിക്കും എന്നാണ് മുഖ്യമന്ത്രി നിരന്തരം പറയുന്നത്. സമയം ആയിട്ടും പ്രഖ്യാപിക്കാത്തത് എന്താണ് എന്നാണ് പ്രതിപക്ഷ സർവീസ് സംഘടനകൾ ചോദിക്കുന്നത്.

കഴിഞ്ഞ ശമ്പള പരിഷ്കരണത്തിൻ്റെ കുടിശികകൾ പോലും നാളിതു വരെ ജീവനക്കാർക്ക് നൽകിയിട്ടില്ല. നാല് ഗഡു പരിഷ്കരണ കുടിശികയിൽ ആദ്യ രണ്ട് ഗഡുക്കൾ പി.എഫിൽ ലയിപ്പിക്കുമെന്ന് ബജറ്റിൽ ബാലഗോപാൽ ഇത്തവണ പ്രഖ്യാപിച്ചിട്ടുണ്ട്. ബാക്കി രണ്ട് ഗഡുവിൻ്റെ കാര്യത്തിൽ മൗനം പുലർത്തുകയാണ് ബാലഗോപാൽ.

കമ്മീഷൻ രൂപികരിച്ചു ഒരു വർഷം എങ്കിലും വേണം പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ. ഇപ്പോൾ കമ്മീഷനെ രൂപികരിച്ചില്ലെങ്കിൽ ഈ സർക്കാരിൻ്റെ കാലത്ത് ശമ്പള പരിഷ്കരണം നടക്കില്ല. കമ്മീഷൻ രൂപീകരണം വൈകിപ്പിക്കുന്നത് ബാലഗോപാലിൻ്റെ മറ്റൊരു പ്ലാൻ ബി ആണോ എന്ന സംശയമാണ് ഇതോടെ ഉയരുന്നത്.

കേരളത്തിൽ ഇതുവരെ നടന്ന പേ റിവിഷൻ കമ്മീഷൻ ചുവടെ:

  • ഒന്നാം പേ റിവിഷൻ 1965
  • രണ്ടാം പേ റിവിഷൻ 1968
  • 1973 കേന്ദ്ര സമാനമായ പരിഷ്കരണം നടപ്പിലാക്കി ഇടക്കാല ഉത്തരവ്
  • മൂന്നാം പേ റിവിഷൻ 1978
  • നാലാം പേ റിവിഷൻ 1983
  • അഞ്ചാം പേ റിവിഷൻ 1987
  • ആറാം പേ റിവിഷൻ 1992
  • ഏഴാം പേ റിവിഷൻ 1997
  • എട്ടാം പേ റിവിഷൻ 2003
  • ഒൻപതാം പേ റിവിഷൻ 2009
  • പത്താം പേ റിവിഷൻ 2014
  • പതിനൊന്നാം പേ റിവിഷൻ 2019

Leave a Reply

Your email address will not be published. Required fields are marked *