
തൊഴിൽ പീഡനവും മാനസിക സമ്മർദവും: കയർ ബോർഡ് ഉദ്യോഗസ്ഥ മരിച്ചു
കൊച്ചി: തൊഴിൽ സ്ഥലത്തെ മാനസിക പീഡനത്തിന് ഇരയായ കയർ ബോർഡ് ഉദ്യോഗസ്ഥ മരിച്ചു. കേന്ദ്രസർക്കാർ സ്ഥാപനമായ കയർ ബോർഡിന്റെ കൊച്ചി ഓഫീസിൽ അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിൽ സെക്ഷൻ ഓഫീസറായി പ്രവർത്തിച്ചിരുന്ന വെണ്ണല ചളിക്കവട്ടം സ്വദേശി ജോളി മധു (56) ആണ് മരിച്ചത്.
കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യം. കഴിഞ്ഞ ജനുവരി 31-ന് തലച്ചോറിൽ രക്തസ്രാവമുണ്ടായതിനെ തുടർന്ന് ചികിത്സയിലായിരുന്നു. കാൻസർ രോഗിയായിരുന്ന ജോളി മധു മുൻ സെക്രട്ടറി ഉൾപ്പെടെയുള്ളവരുടെ നിരന്തരമായ മാനസിക പീഡനത്തിന് ഇരയായിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു.
കയർ ബോർഡ് ചെയർമാൻ, മുൻ സെക്രട്ടറി എന്നിവർക്കെതിരെയാണ് കുടുംബം പരാതി ഉന്നയിച്ചിരിക്കുന്നത്. ബോർഡിൽ നടന്ന അഴിമതിയെക്കുറിച്ച് റിപ്പോർട്ട് ചെയ്തതിന് പ്രതികാരമായി മേലുദ്യോഗസ്ഥർ ജോളിയോട് പ്രവർത്തിച്ചതായും, കാൻസർ രോഗിയെന്ന പരിഗണനപോലും നൽകാതെ അകാരണമായി സ്ഥലംമാറ്റുകയും പ്രമോഷൻ, ശമ്പളം തടഞ്ഞുവയ്ക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായും പരാതിയിൽ പറയുന്നു.
കയർ ബോർഡ് സെക്രട്ടറിക്കും എംഎസ്എംഇ മന്ത്രാലയത്തിനുമാണ് കുടുംബം പരാതി നൽകിയിരിക്കുന്നത്. കയർ ബോർഡിൽ 30 വർഷത്തെ സേവനമുള്ള ജോളിക്ക് വിരമിക്കാൻ 3 വർഷം മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ.
മുൻ സെക്രട്ടറിയെ ആ പദവിയിൽനിന്ന് മാറ്റിയതിന് പിന്നിൽ ജോളിയാണെന്ന് ആരോപിച്ചായിരുന്നു മാനസിക പീഡനം എന്ന് സഹപ്രവർത്തകർ വ്യക്തമാക്കുന്നു. കഴിഞ്ഞ ഒരു വർഷത്തോളം മേലുദ്യോഗസ്ഥരുടെ നിരന്തരമായ മാനസിക പീഡനത്തിന് ജോളി ഇരയായിരുന്നുവെന്ന് കുടുംബം അറിഞ്ഞത് ഒടുവിലാണ്. ജോളിക്കെതിരെ പ്രതികാരബുദ്ധിയോടെയാണ് മേലുദ്യോഗസ്ഥർ പ്രവർത്തിച്ചതെന്നും അർഹിച്ച ഡെപ്യൂട്ടി ഡയറക്ടർ പദവി നിഷേധിച്ചെന്നും കുടുംബം പറയുന്നു.
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ആന്ധ്രാപ്രദേശിലെ രാജമുണ്ട്രിയിലേക്ക് ജോളിയെ സ്ഥലംമാറ്റിയത് വിവാദമായിരുന്നു. കാൻസർ രോഗിയായതിനാലും സേവനത്തിൽ കുറച്ച് വർഷങ്ങൾ മാത്രം ബാക്കിയുണ്ടായിരുന്നതിനാലും സ്ഥലംമാറ്റം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അത് നടന്നില്ല. മോശമായ ആരോഗ്യാവസ്ഥ ചൂണ്ടിക്കാട്ടി മെഡിക്കൽ ലീവിന് അപേക്ഷിച്ചെങ്കിലും അതും നിഷേധിക്കപ്പെട്ടു. 5 മാസത്തെ ശമ്പളം തടഞ്ഞുവയ്ക്കപ്പെട്ടു. ഒടുവിൽ തന്റെ പേരിൽ വിജിലൻസ് കേസ് എടുക്കാൻ ഒരുങ്ങുന്നുവെന്നറിഞ്ഞതോടെയാണ് ജോളി തളർന്നത്.
മുൻ സെക്രട്ടറിയോട് മാപ്പ് പറയണമെന്ന മേലുദ്യോഗസ്ഥരുടെ നിർദേശത്തെ തുടർന്ന്, അദ്ദേഹത്തെ പേടിയാണെന്നും മാപ്പ് പറയാൻ സാധിക്കില്ലെന്നും വ്യക്തമാക്കി നിലവിലെ സെക്രട്ടറിക്ക് കത്തെഴുതിക്കൊണ്ടിരിക്കുമ്പോഴാണ് ജോളിക്ക് തലച്ചോറിൽ രക്തസ്രാവം സംഭവിച്ചത്. മാനസിക സമ്മർദം മൂലമാണ് രക്തസ്രാവം ഉണ്ടായതെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചതായി ബന്ധുക്കൾ പറയുന്നു.
ജോളി ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായതിനുശേഷം അവസ്ഥ ചൂണ്ടിക്കാട്ടി അവധി അപേക്ഷിക്കണമെന്ന് ഈ മാസം അഞ്ചിന് കുടുംബം മേലധികാരികളോട് അപേക്ഷിച്ചിരുന്നു. സ്ഥലംമാറ്റം റദ്ദാക്കിയതും തടഞ്ഞുവച്ച ശമ്പളം നൽകിയതും ഇതിനുശേഷമാണെന്നാണ് ആരോപണം.
തൊഴിൽ സ്ഥലത്തെ പീഡനത്തെക്കുറിച്ച് പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും മനുഷ്യാവകാശ കമ്മിഷനും പരാതി നൽകിയിരുന്നു. ജോളിയുടെ ഭർത്താവ് 2020 ജനുവരിയിൽ കോവിഡ്-19-നെ തുടർന്ന് അന്തരിച്ചിരുന്നു. ഇപ്പോൾ രണ്ട് ആൺമക്കളും പഠനശേഷ ഇന്റേൺഷിപ്പുമായി ബെംഗളൂരുവിലാണ്.