ആം ആദ്മി പാർട്ടിക്ക് പഞ്ചാബിലും പ്രതിസന്ധി; 30 എംഎൽഎമാർ രാജി ഭീഷണി മുഴക്കി

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരണം നഷ്ടപ്പെട്ടതിന് പിന്നാലെ ആം ആദ്മി പാർട്ടി (എഎപി) ക്ക് മറ്റൊരു പ്രതിസന്ധി. പാർട്ടി ഭരിക്കുന്ന പഞ്ചാബിൽ 30ഓളം എംഎൽഎമാർ രാജിഭീഷണി മുഴക്കി രംഗത്ത്. മുഖ്യമന്ത്രി ഭഗവത് മാനിനൊപ്പം പ്രവർത്തിക്കാൻ ആകില്ലെന്ന് പറഞ്ഞാണ് ഇത്രയും വലിയ എംഎൽഎ മാർ ഇടഞ്ഞ് നിൽക്കുന്നത്. അതേസമയം, നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുന്ന എംഎൽഎമാരുമായി കോൺഗ്രസ് പാർട്ടി ചർച്ച നടത്താൻ ശ്രമം ആരംഭിച്ചിട്ടുണ്ട്.

എഎപിയുടെ 30 ഓളം എംഎൽഎമാരുമായും ബന്ധമുണ്ടെന്നാണ് കോൺഗ്രസ് അവകാശപ്പെടുന്നത്. ഇതോടെ പഞ്ചാബിലെ എംഎൽഎമാരുടെ യോഗം നാളെ വിളിച്ചിരിക്കുകയാണ് അരവിന്ദ് കെജ്രിവാൾ.

2022ലെ പഞ്ചാബിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 117ൽ 92 സീറ്റുകൾ നേടിയാണ് എഎപി കോൺഗ്രസിൽ നിന്ന് അധികാരം പിടിച്ചെടുത്തത്. നിലവിൽ കോൺഗ്രസിന് 18 സീറ്റുകളും ശിരോമണി അകാലിദളിന് മൂന്ന് എംഎൽഎമാരുമുണ്ട്. പഞ്ചാബിൽ എഎപിയിൽ പിളർപ്പുണ്ടാകുമെന്നും സംസ്ഥാന സർക്കാരിൽ പുനഃസംഘടനയുണ്ടാകുമെന്നും പ്രതിപക്ഷ നേതാക്കൾ പറയുന്നു.

എഎപിയുടെ ദശാബ്ദക്കാലത്തെ ഭരണം അവസാനിപ്പിച്ച് 27 വർഷത്തിന് ശേഷം ബിജെപി അധികാരത്തിലെത്തിയ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തോട് പ്രതികരിച്ച പഞ്ചാബ് പ്രതിപക്ഷ നേതാവ് പർതാപ് സിംഗ് ബജ്വ, സംസ്ഥാനത്തെ എഎപി എംഎൽഎമാരുമായി താൻ ‘ദീർഘകാലമായി’ ബന്ധപ്പെടുന്നുണ്ടെന്ന് അവകാശപ്പെട്ടു. ‘ഇത് ചന്ദ്രനിലേക്കുള്ള വൺവേ ടിക്കറ്റാണെന്നും അവർ തിരികെ വരുന്നില്ലെന്നും’ എഎപി എംഎൽഎമാർ മനസ്സിലാക്കിയെന്നും അദ്ദേഹം അവകാശപ്പെട്ടു.

നിലവിൽ ഒഴിവുവരുന്ന ലുധിയാനയിൽ നിന്ന് കെജ്രിവാൾ മത്സരിച്ച് പഞ്ചാബ് സർക്കാരിൽ ചേരാനുള്ള സാധ്യതയുണ്ടെന്നും കോൺഗ്രസ് നേതാവ് അവകാശപ്പെട്ടു. പഞ്ചാബിൽ മുഖ്യമന്ത്രിസ്ഥാനം കേജ്രിവാൾ ലക്ഷ്യമിട്ടേക്കുമെന്ന് പഞ്ചാബ് ബിജെപി നേതാവ് സുഭാഷ് ശർമ്മയും അവകാശപ്പെട്ടു.

70 അംഗ നിയമസഭയിൽ 67 എംഎൽഎമാരുള്ള ഡൽഹി ഭരിച്ചിരുന്ന എഎപിക്ക് ഫെബ്രുവരി അഞ്ചിന് നടന്ന തിരഞ്ഞെടുപ്പിൽ 22 സീറ്റുകൾ മാത്രമാണ് നേടാനായത്. കെജ്രിവാൾ, മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, മന്ത്രി സൗരഭ് ഭരദ്വാജ്, നേതാക്കളായ അവധ് ഓജ, സോമനാഥ് ഭാരതി എന്നിവരുൾപ്പെടെ പാർട്ടിയുടെ എല്ലാ ഭാരവാഹികളും പരാജയപ്പെട്ടു, അതിഷി സീറ്റ് നിലനിർത്തി.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments