മുഖ്യമന്ത്രി രാജിവെച്ചു! മണിപ്പുർ രാഷ്ട്രപതി ഭരണത്തിലേക്ക്

Biren Singh resigns as Manipur Chief Minister ahead of no-confidence motion

രണ്ട് വർഷമായി കലാപം തുടരുന്ന മണിപ്പുരിൽ മുഖ്യമന്ത്രി എൻ. ബിരേൻ സിങ് രാജിവെച്ചു. നിയമസഭയിൽ അവിശ്വാസ പ്രമേയം പാസായേക്കുമെന്ന് കണ്ടാണ് രാജി. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയേക്കും. ബിരേൻ സിങിന് ബിജെപി എംഎൽഎമാരുടെ പോലും പിന്തുണയില്ലാത്ത സാഹചര്യം വന്നുചേരുകയായിരുന്നു. ഡൽഹിയിലെത്തി ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്തിയതിന് ശേഷമാണ് ബീരേൻ സിങ് രാജിക്കത്ത് കൈമാറിയത്.

തിങ്കളാഴ്ച തുടങ്ങാനിരിക്കുന്ന നിയമസഭാ സമ്മേളനത്തിൽ തന്റെ സർക്കാരിനെതിരെ കോൺഗ്രസ് അവിശ്വാസ പ്രമേയം അവതരിപ്പിക്കാനിരിക്കെയാണ് ബിരേൻ സിങ് മുഖ്യമന്ത്രി പദം രാജിവച്ചിരിക്കുന്നത്. അവിശ്വാസ പ്രമേയത്തിനു നോട്ടിസ് ലഭിച്ചതിനു പിന്നാലെ പാർട്ടി എംഎൽഎമാരുടെ യോഗം വിളിച്ചെങ്കിലും ഭൂരിഭാഗം പേരും വിട്ടുനിന്നതോടെ കേന്ദ്ര നേതൃത്വം അപകടം മനസിലാക്കി. ഇതിനു പിന്നാലെയാണു ബിരേൻ സിങിനെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഡൽഹിയിലേക്കു വിളിപ്പിച്ചത്. കൂടിക്കാഴ്ച്ചയിൽ രാജി എന്ന ആവശ്യം ഉയർന്നതോടെ ബിരേൻ സിങിനു മുന്നിൽ മറ്റു വഴികൾ അടയുകയായിരുന്നു. രാജി സ്വീകരിച്ചതിനു പിന്നാലെ ഗവർണർ അജയ് കുമാർ ഭല്ല ഡൽഹിയിലേക്കു തിരിച്ചിട്ടുണ്ട്. മണിപ്പുർ നിയമസഭ മരവിപ്പിച്ചിരിക്കുകയാണ്.

രണ്ടു വർഷമായി സംസ്ഥാനത്തു തുടരുന്ന കലാപത്തിൽ ഇതുവരെ 250ൽ അധികം പേർക്കാണു ജീവൻ നഷ്ടമായത്. സംസ്ഥാനത്ത് ആക്രമണങ്ങളും വംശീയ സംഘർഷവും വർധിച്ചെങ്കിലും ഇതിനു തടയിടാൻ മുഖ്യമന്ത്രിയെന്ന നിലയിൽ ബിരേൻ സിങ് ഉണർന്നു പ്രവർത്തിച്ചില്ലെന്ന് ആരോപിച്ചത് ബിജെപിയിലെ തന്നെ കുക്കി വിഭാഗം എംഎൽഎമാർ ആയിരുന്നു. നിരവധി തവണ ഇക്കാര്യം ഉന്നയിച്ച് അവർ ബിജെപി കേന്ദ്ര നേതൃത്വത്തെ കണ്ടെങ്കിലും ബിരേൻ സിങിന് മുഖ്യമന്ത്രി പദത്തിൽ കൂടുതൽ സമയം നൽകി.

ഇതിനു പിന്നാലെയായിരുന്നു നവംബറിൽ നാഷ്ണൽ പീപ്പിൾസ് പാർട്ടി എൻഡിഎ വിട്ടത്. വംശീയ കലാപത്തിനുശേഷം സംസ്ഥാനം തുടർച്ചയായ അക്രമത്തിലേക്കു വഴിമാറുന്നുവെന്നും ഇതു തടയുന്നതിൽ മുഖ്യമന്ത്രി ബിരേൻ സിങ് പൂർണ്ണമായും പരാജയപ്പെട്ടുവെന്നും ആരോപിച്ചായിരുന്നു എൻപിപി ബിജെപിയ്ക്കുള്ള പിന്തുണ പിൻവലിച്ചത്. സംസ്ഥാന ഭരണത്തെ ബാധിച്ചില്ലെങ്കിലും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ മികച്ച ജനപിന്തുണയുള്ള എൻപിപി എൻഡിഎ വിട്ടത് ബിജെപിക്ക് തിരിച്ചടിയായിരുന്നു. പിന്നാലെ സഖ്യകക്ഷിയായ ജെഡിയുവും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ബിജെപിക്കുള്ള പിന്തുണ പിൻവലിച്ചു. ഇതോടെയാണു ബിജെപി കേന്ദ്രനേതൃത്വം ബിരേൻ സിങ് മുഖ്യമന്ത്രിയായി തുടരുന്നതിൽ പുനരാലോചന നടത്തിയത്.

അതേസമയം തങ്ങളുടെ എംഎൽഎമാർക്കെതിരെ ബിരേൻ സിങ് ഭീഷണി മുഴക്കിയതായി ആരോപിച്ച് കോൺഗ്രസ് രംഗത്തെത്തി. നിയമസഭയിൽ അവിശ്വാസം പ്രമേയം അവതരിപ്പിച്ചാൽ ജനം കോൺഗ്രസ് അംഗങ്ങളെ പിന്തുടരുമെന്നും അവരെ ജീവിക്കാൻ അനുവദിക്കില്ലെന്നുമായിരുന്നു ബിരേൻ സിങിന്റെ ഭീഷണിയെന്ന് കോൺഗ്രസ് നേതാവ് ഇബോബി സിങ് ആരോപിക്കുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാക്കൾ ഗവർണർ അജയ് കുമാർ ഭല്ലയെ സന്ദർശിച്ചു പരാതി നൽകിയിരുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments