രാജ്യത്തിന്റെ രാഷ്ട്രീയ ഗതി നിയന്ത്രിക്കുന്നതിൽ ഡൽഹി വഹിക്കുന്ന പങ്ക് വളരെ വലുതാണ്. അവിടത്തെ തിരഞ്ഞെടുപ്പ് ഫലത്തിന് അതിന്റേതായ പ്രാധാന്യവുമുണ്ട്. അവിടെയാണ് 27 വർഷത്തെ വനവാസത്തിന് ശേഷം ബിജെപി വീണ്ടും അധികാരത്തിലേക്ക് എത്തുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം പ്രഭ മങ്ങിയെന്ന് ആരോപിക്കപ്പെട്ടിരുന്ന മോദി ഇഫക്ടിന് ഒരു കോട്ടവും പറ്റിയിട്ടില്ലെന്ന് ഡൽഹി തെരഞ്ഞെടുപ്പ് ഫലം ഊട്ടിയുറപ്പിക്കുകയാണ്.
ഡൽഹി തെരഞ്ഞെടുപ്പ് ഫലം ഇന്ത്യയൊട്ടാകെയുള്ള രാഷ്ട്രീയത്തിൽ പ്രതിഫലിക്കും എന്നതാണ് അവസ്ഥ. സൗജന്യങ്ങളും വാഗ്ദാനങ്ങളും കൊണ്ടുമാത്രം അധിക കാലം ഭരണത്തിൽ നിലനിൽക്കാനാകില്ലെന്ന് ഡൽഹി തിരഞ്ഞെടുപ്പ് ഫലം വിളിച്ചുപറയുകയാണ്. ബിജെപിക്കെതിരെ രൂപീകരിക്കപ്പെട്ട ഇന്ത്യ മുന്നണി അവസാനിച്ചിരിക്കുന്നുവെന്നും ഡൽഹി ഫലം പറയുന്നു.
രാഷ്ട്രീയം കളിച്ച് ഭരിക്കാൻ മറന്ന ആം ആദ്മി പാർട്ടി
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഹിന്ദുത്വ കാർഡിറക്കി രംഗത്തിറങ്ങിയ ബിജെപി ഇത്തവണ മറ്റൊരു തന്ത്രമാണ് പ്രയോഗിച്ചത്. ഒരു സംസ്ഥാനത്തിന്റെ ഭരണം മാത്രമുള്ള ആം ആദ്മി പാർട്ടി നൽകുന്ന സൗജന്യ സൗകര്യങ്ങളുടെ വാഗ്ദാനങ്ങളെ കേന്ദ്രം ഭരിക്കുന്ന ബിജെപി അതിനേക്കാൾ വലിയ വാഗ്ദാനങ്ങൾ നൽകി മറികടക്കുകയായിരുന്നു.
ഈ തിരഞ്ഞെടുപ്പിൽ ഇരുപക്ഷങ്ങളും സൗജന്യ വൈദ്യുതി, വെള്ളം, സ്ത്രീകൾക്ക് ബസ് സേവനം എന്നിവയ്‌ക്കൊപ്പം, സ്ത്രീകൾക്കായി വരുമാന പിന്തുണ പദ്ധതികൾ നൽകുമെന്ന വാഗ്ദാനങ്ങൾ നൽകിയിരുന്നു. ആം ആദ്മി പാർട്ടി സർക്കാരിന് കീഴിൽ ലഭിച്ച സൗജന്യ സൗകര്യങ്ങൾ തുടരുമെന്ന് ഡൽഹിയിലെ വോട്ടർമാർക്ക് ബിജെപി ആവർത്തിച്ച് ഉറപ്പ് നൽകി. അതിനൊപ്പം കേന്ദ്ര ബജറ്റിൽ ആദായ നികുതി പരിധിയിൽ ഇളവ് പ്രഖ്യാപിച്ചതും സർക്കാർ ജീവനക്കാർക്ക് ശമ്പള പരിഷ്‌കരണ കമ്മീഷനെ പ്രഖ്യാപിച്ചതും കൂടിയായപ്പോൾ ബിജെപിയുടെ വഴിക്കാകുകയായിരുന്നു കാര്യങ്ങൾ.
സൗജന്യ സൗകര്യങ്ങൾ വാഗ്ദാനം ചെയ്ത് ഭരണത്തിലെത്തിയ പാർട്ടി അതിന് അപ്പുറത്തേക്ക് എങ്ങനെ ഭരിക്കുന്നുവെന്നും സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിൽ എത്രമാത്രം ശ്രദ്ധ പുലർത്തുവെന്നതും കൂടി വോട്ടർമാർ പരിഗണിക്കുന്നുവെന്നതിന്റെ ഉദാഹരണമാണ് ഡൽഹിയിൽ സംഭവിച്ചിരിക്കുന്നത്.
ഭരണപരാജയത്തിന് കാരണം കേന്ദ്ര ഇടപെടലാണെന്ന വാദം നിരന്തരം മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കെജ്രിവാൾ ഉന്നയിച്ചിരുന്നു. ഇത് വോട്ടർമാർക്കിടയിൽ അവമതിപ്പുണ്ടാക്കിയെന്നാണ് ഇപ്പോൾ തെളിയുന്നത്. മദ്യനയ അഴിമതി കേസിൽ അറസ്റ്റിലായ കെജ്രിവാൾ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാതെ ജയിലിൽ കഴിഞ്ഞതും തിരിച്ചടിയായി. രാഷ്ട്രീയ നേട്ടത്തിനുവേണ്ടി ഭരണത്തെ ബലിയാടാക്കുന്നുവെന്ന ചിന്തയാണ് ജനങ്ങളിൽ അരവിന്ദ് കെജ്രിവാളിന്റെ ജയിൽ വാസത്തിൽ ഉണ്ടായത്. മന്ത്രിസഭാ യോഗങ്ങൾ നടക്കാതിരിക്കുക, ഭരണ സ്ഥംഭനം തുടങ്ങിയവയായിരുന്നു ഡൽഹിയിൽ സംഭവിച്ചിരുന്നത്.
അസ്തമിച്ച ഇന്ത്യ മുന്നണി
ഡൽഹി ഫലം മാറ്റമുണ്ടാക്കുന്ന മറ്റൊരു രാഷ്ട്രീയ ചിത്രമാണ് ഇന്ത്യ മുന്നണി എന്ന പ്രതിപക്ഷ പാർട്ടി സഖ്യം. അതിന്റെ രാഷ്ട്രീയ നിലനിൽപ്പ് തന്നെ വെല്ലുവിളിയിലായിരിക്കുകയാണ് നിലവിൽ. ആം ആദ്മി പാർട്ടി തോറ്റ പല സീറ്റുകളിലും കോൺഗ്രസ് നേടിയ വോട്ടുകളെക്കുറിച്ചാണ് ചർച്ച ഉയരുന്നത്. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ മുസ്തഫാബാദ്, കെജ്രിവാളിന്റെ മണ്ഡലമായ ന്യൂഡൽഹി തുടങ്ങിയവ ഇതിന് ഉദാരണമാണ്. കെജ്രിവാളിന്റെ തോൽവിക്ക് കാരണമായ വോട്ടുകളും കോൺഗ്രസിന്റെ സന്ദീപ് ദീക്ഷിത്തിന്റെ വോട്ടുകളുടെ എണ്ണവും ഏറെക്കുറെ തുല്യമായിരുന്നു. ആം ആദ്മി പാർട്ടി കോൺഗ്രസ് രാഷ്ട്രീയ പോര് ഇനി പ്രത്യക്ഷത്തിൽ അരങ്ങേറാൻ പോകുന്നത് പഞ്ചാബിലാണ്. ഇന്ത്യ മുന്നണിയെന്ന ബാധ്യത ഇനി അതിന് ഒരു തടസ്സമാകില്ല.
കോൺഗ്രസും ഡിഎംകെയും കൈകോർത്ത് നിൽക്കുന്നുവെന്നത് ഇന്ത്യ മുന്നണിയുടെ ചിത്രമായി കാണാൻ കഴിയില്ല. കാരണം ഇക്കൂട്ടർ തമ്മിലുള്ള സഖ്യം പണ്ടേ ഉള്ളതാണ്. ഡൽഹിയിൽ അഖിലേഷ് യാദവിന്റെ സമാജ് വാദി പാർട്ടിയും മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസും ഡൽഹി തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ എതിർ ചേരിയിൽ ആം ആദ്മി പാർട്ടിക്കൊപ്പമാണ് നിലയുറപ്പിച്ചിരുന്നത്. മഹാരാഷ്ട്രയിലുള്ള മഹാ വികാസ് അഘാഡി അവിടത്തെ തെരഞ്ഞെടുപ്പ് പരാജയത്തോടെ തന്നെ തകർന്ന നിലയിലായിരുന്നു. ഇതോടുകൂടി ഇന്ത്യ മുന്നണിയെന്നത് ഇനിയൊരു ഭൂതകാല കുളിരായി മാത്രം പ്രതിപക്ഷത്തിന് കരുതാം.