News

നിർമ്മലയുടെ ബജറ്റിലൂടെ ഡൽഹിയിൽ ജയിച്ചുകയറി ബിജെപി!

ഫെബ്രുവരി ഒന്നിന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ തന്റെ ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ച ഏറ്റവും പ്രധാനകാര്യം ആദായ നികുതി ഇളവ് 12 ലക്ഷമാക്കി ഉയർത്തിയതായിരുന്നു. ഇത് ഏറ്റവും കൂടുതൽ സന്തോഷിപ്പിച്ചത് ഡൽഹിയുടെ ജീവനാഡിയായ സർക്കാർ ജീവനക്കാരെയും മധ്യവർഗ്ഗത്തെയുമാണ്.

10 ലക്ഷം വരെ ആദായ നികുതി ഇളവ് പ്രതീക്ഷിച്ചിരുന്നിടത്ത്, നൽകിയത് 12 ലക്ഷത്തിന്റെ നികുതി ഇളവ്. നാലാം ദിവസം ഫെബ്രുവരി അഞ്ചിന് ഡൽഹി നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഇക്കൂട്ടർ ബിജെപിക്ക് അനുകൂലമായി സമ്മതിദാനാവകാശം രേഖപ്പെടുത്താൻ കാരണമായതിൽ പ്രധാനം കേന്ദ്ര ബജറ്റിലെ ഈ പ്രഖ്യാപനമാണെന്നുള്ള വിലയിരുത്തലുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

ആദായ നികുതി ഇളവ് നിർമ്മല സീതാരാമൻ ബജറ്റിൽ പ്രഖ്യാപിച്ചപ്പോഴേ ഡൽഹി തെരഞ്ഞെടുപ്പ് കണ്ടാണ് എന്ന അഭിപ്രായം ഉയർന്നിരുന്നു. അത് ശരിവയ്ക്കുകയാണ് ഇന്ന് പുറത്തു വന്ന ഡൽഹി ഫലം. ഒപ്പം ബജറ്റിന് മുൻപ് കേന്ദ്ര സർക്കാർ ശമ്പള പരിഷ്‌കരണ കമ്മീഷനെയും പ്രഖ്യാപിച്ചു. ആദായ നികുതി ഇളവും ശമ്പള പരിഷ്‌കരണ കമ്മീഷനും കൂടിയായതോടെ ഡൽഹി ബി.ജെ.പിയുടെ കയ്യിൽ ആയി. തെരഞ്ഞെടുപ്പ് ജയം ഇലക്ഷൻ സ്ട്രാറ്റജി അനുസരിച്ചാണ്. ആ സ്ട്രാറ്റജി കൃത്യമായി ബജറ്റിൽ കളിച്ചതാണ് ബി.ജെ.പിയുടെ കയ്യിലേക്ക് ഡൽഹി ഭരണം എളുപ്പത്തിൽ എത്തിയത്.

നികുതി ഇളവ് മധ്യവർഗത്തിന്റെ ഉപഭോഗ ശക്തി വർദ്ധിപ്പിക്കുക മാത്രമല്ല, 2025 ലെ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടിംഗ് മുൻഗണനകളെ സ്വാധീനിക്കുകയും ചെയ്തിരിക്കുന്നു.

ഡൽഹിയിലെ 70 അസംബ്ലി സീറ്റുകളിൽ 44 സീറ്റുകളിൽ ഭാരതീയ ജനതാ പാർട്ടി (ബിജെപി) മുന്നിട്ടുനിൽക്കുമ്പോൾ നിലവിലെ ആം ആദ്മി പാർട്ടി (എഎപി) 26 സീറ്റുകളിൽ മാത്രമാണ് മുന്നിൽ. മുൻമുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഉൾപ്പെടെയുള്ള പാർട്ടിയുടെ പ്രമുഖർ തെരഞ്ഞെടുപ്പിൽ തോറ്റിരിക്കുന്നു.

ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി മാധ്യമപ്രവർത്തകരോട് സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്, ‘നമ്മുടെ രാജ്യത്തെ ദരിദ്രരെയും ഇടത്തരക്കാരെയും ലക്ഷ്മി ദേവി തുടർന്നും അനുഗ്രഹിക്കുകയും അനുഗ്രഹങ്ങൾ ചൊരിയുകയും ചെയ്യട്ടെ’ എന്നായിരുന്നു.

പാർലമെന്റ് സമ്മേളനത്തിന്റെ തുടക്കത്തിൽ സഭയെ അഭിസംബോധന ചെയ്ത രാഷ്ട്രപ്രതിയും മധ്യവർഗ്ഗത്തെ കേന്ദ്രീകരിച്ചായിരുന്നു പ്രസംഗം നടത്തിയത് എട്ടുതവണയെങ്കിലും മിഡിൽ ക്ലാസ് വിഭാഗത്തിലുള്ളവർ പരാമർശിക്കപ്പെട്ടു. ബജറ്റിന്റെ പിറ്റേദിവസം ‘മധ്യവർഗ സൗഹൃദ’ ബജറ്റിനെ പുകഴ്ത്തി ഡൽഹി തെരഞ്ഞെടുപ്പിനെക്കുറിച്ച് ബിജെപി പത്രപരസ്യം നൽകി. ഇതെല്ലാം ബിജെപിക്ക് വോട്ട് ഉയർത്താൻ സഹായകമായി എന്നാണ് കരുതുന്നത്.

Leave a Reply

Your email address will not be published. Required fields are marked *