പെൻഷൻകാർക്ക് ലഭിക്കേണ്ട ക്ഷാമ ആശ്വാസ പരിഷ്കരണത്തിൻ്റെ 2 ഗഡു കുടിശികയെ കുറിച്ച് ബജറ്റിൽ മൗനം. പതിനൊന്നാം പെൻഷൻ പരിഷ്കരണത്തിൻ്റെ ഭാഗമായുളള ക്ഷാമ ആശ്വാസ പരിഷ്കരണ കുടിശിക 4 ഗഡുക്കൾ ആയി കൊടുക്കുമെന്നായിരുന്നു 2021 ലെ ഉത്തരവിൽ പറഞ്ഞിരുന്നത്.
ഇതിൽ ആദ്യ രണ്ട് ഗഡുക്കൾ നൽകി. അവസാന രണ്ട് ഗഡുക്കൾ നീട്ടി വച്ചു. ബജറ്റിൽ അവസാന രണ്ട് ഗഡുക്കൾ ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ആറര ലക്ഷം പെൻഷൻകാർ. എന്നാൽ ഇക്കാര്യത്തിൽ ബജറ്റിൽ കെ.എൻ. ബാലഗോപാൽ മൗനം പാലിച്ചു.
2021 ന് ശേഷം ഇതുവരെ 1.60 ലക്ഷം പെൻഷൻകാരാണ് സംസ്ഥാനത്ത് മരണപ്പെട്ടത്. അതേ സമയം പെൻഷൻ പരിഷ്കരണ കുടിശികയുടെ അവസാന ഗഡു ഈ മാസം വിതരണം ചെയ്യുമെന്ന് കെ.എൻ. ബാലഗോപാൽ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. 600 കോടിയാണ് ഇതിന് വേണ്ടത്.
1.7.24 മുതൽ പ്രാബല്യത്തിൽ ലഭിക്കേണ്ട പന്ത്രണ്ടാം ശമ്പള പെൻഷൻ പരിഷ്കരണത്തിന് കമ്മീഷനെ ബജറ്റിൽ പ്രഖ്യാപിക്കാത്തത് ജീവനക്കാർക്കും പെൻഷൻകാർക്കു തിരിച്ചടിയാണ്.
19 ശതമാനം ക്ഷാമ ആശ്വാസം നിലവിൽ കുടിശികയാണ്. ഓരോ സർവീസ് പെൻഷൻകാരനും ഓരോ മാസവും അടിസ്ഥാന പെൻഷൻ്റെ 19 ശതമാനം വീതം ഇതുമൂലം നഷ്ടപ്പെടുകയാണ്. പ്രതിമാസം 2185 രൂപ മുതൽ 15846 രൂപ വരെ പെൻഷൻകാർക്ക് ഇതുമൂലം പ്രതിമാസ പെൻഷനിൽ നഷ്ടപ്പെടുകയാണ്.
സർക്കാർ 2021 ൽ പ്രഖ്യാപിച്ച 5 ശതമാനം ക്ഷാമ ആശ്വാസ കുടിശികയുടെ 79 മാസത്തെ കുടിശികയും പെൻഷൻകാർക്ക് നൽകിയില്ല. 19734 രൂപ മുതൽ 1,43,500 രൂപ വരെയാണ് ഇതുമൂലം പെൻഷൻകാർക്ക് നഷ്ടപ്പെട്ടത്.