ക്ഷേമ പെൻഷൻ അവസാനമായി ഉയർത്തിയത് ഒന്നാം പിണറായി സർക്കാരിൻ്റെ അവസാന ബജറ്റിൽ . 1600 രൂപ ആയിട്ടാണ് ഉയർത്തിയത്.
അതിന് ശേഷം ഒരു പുതുക്കിയ ബജറ്റ് ഉൾപ്പെടെ 4 ബജറ്റ് കെ.എൻ. അവതരിപ്പിച്ചെങ്കിലും ക്ഷേമ പെൻഷനിൽ ഒരു രൂപയുടെ പോലും വർധന വരുത്തിയിട്ടില്ല.
ഈ സർക്കാരിൻ്റെ അവസാന സമ്പൂർണ്ണ ബജറ്റിൽ ക്ഷേമ പെൻഷൻ തുകയിൽ 150 മുതൽ 400 രൂപയുടെ വർധന വരെ ഉണ്ടാകും എന്നാണ് സൂചന.
ക്ഷേമ പെൻഷൻ തുക ഘട്ടം ഘട്ടമായി ഉയർത്തി 2500 രൂപയാക്കുമെന്നായിരുന്ന പ്രകടന പത്രിക വാഗ്ദാനം. 2500 രൂപയാക്കണമെങ്കിൽ 900 രൂപ പെൻഷനിൽ വർദ്ധിപ്പിക്കണം. പ്രകടന പത്രികയൊക്കെ ജനങ്ങളെ കബളിപ്പിക്കാനുള്ള മാർഗം ആയിരിക്കുന്നു എന്ന് വ്യക്തം.
3 മാസത്തെ ക്ഷേമപെൻഷൻ കുടിശികയാണ്. 4800 രൂപ വീതം ഓരോ ക്ഷേമ പെൻഷൻകാരനും കുടിശിക ഉണ്ട്.
കേരളത്തിലെ ഓരോ വീട്ടിലും സർക്കാർ കുടിശിക ആക്കിയ രണ്ട് പേർ എങ്കിലും ഉണ്ടാകും എന്നതാണ് സ്ഥിതി. ക്ഷേമ പെൻഷൻ , ക്ഷേമനിധി ബോർഡ് പെൻഷൻ ക്ഷാമബത്ത, ക്ഷാമ ആശ്വാസം, കെട്ടിട നിർമ്മാണ തൊഴിലാളി പെൻഷനും ആനുകൂല്യങ്ങളും, കർഷക ആനുകൂല്യങ്ങൾ, വന്യ ജീവി ആക്രമണ നഷ്ടപരിഹാരം, കരാറുകാർ, തീരദേശ ആനുകൂല്യങ്ങൾ, ന്യൂനപക്ഷ സ്കോളർഷിപ്പ് എന്നിങ്ങനെ കുടിശികയുടെ ബാഹുല്യം കാണാം. ഒരു കോടിയിലധികം ജനങ്ങൾക്ക് കേരളത്തിൽ സർക്കാർ പല തരത്തിലുള്ള കുടിശിക നൽകാനുണ്ട് എന്നാണ് കണക്കുകൾ.
കേരള സർക്കാരിനെ അതത് കാലത്തെ മുഖ്യമന്ത്രിയുടെ പേരിലുള്ള സർക്കാർ എന്നാണ് പൊതുവെ അറിയപ്പെടുന്നത്. സർവ്വ രംഗത്തും കുടിശിക ആക്കിയതോടെ കുടിശിക സർക്കാർ എന്ന് അറിയപ്പെടാനാണ് പിണറായിക്ക് യോഗം.
കുടിശിക കുന്നു കൂടുമ്പോൾ അതിൻ്റെ ബാഹുല്യം കുറയ്ക്കാനായിരിക്കും ബാലഗോപാൽ അവസാന സമ്പൂർണ്ണ ബജറ്റിലൂടെ ശ്രമിക്കുന്നത്.