ധനമന്ത്രി കെ.എൻ. ബാലഗോപാല്‍ നിയമസഭയിൽ അവതരിപ്പിച്ച ബജറ്റ് ജീവനക്കാരുടെ അവസാന പ്രതീക്ഷയും തകർത്തു എന്ന് കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു.
പന്ത്രണ്ടാം ശമ്പള പരിഷ്കരണം, ലീവ് സറണ്ടർ എന്നിവയെ പറ്റി ബജറ്റിൽ ഒരു വാക്കുപോലുമില്ല. 1/4/2023ലും 1/9/2023 ലും അൺലോക്ക് ആക്കേണ്ട ഡിഎ അരിയർ തുക സാങ്കേതികമായി പിൻവലിക്കാൻ കഴിയില്ല. 1/4/2024 ലും 1/9/2024 ലേയും തുക കൂടി അൺലോക്ക് ചെയ്താൽ മാത്രമേ എജിക്കു തുക അനുവദിക്കാൻ കഴിയുകയുള്ളൂ. സ്പാർക്കിൽ നാലു ഗഡു ഡിഎ ഒരുമിച്ച് പിഎഫിൽ ലയിപ്പിച്ചത് കൊണ്ടാണ് ഈ പ്രശ്നം ഉണ്ടാകുന്നത്. സാങ്കേതികമായി നാലു ഗഡു അൺലോക്ക് ചെയ്താൽ മാത്രമേ ജീവനക്കാർക്ക് പണം ലഭിക്കുകയുള്ളൂ എന്നതാണ് യാഥാർത്ഥ്യം.
മെഡിസെപ്പിൽ സർക്കാർ വിഹിതം ഉറപ്പുവരുത്തിയിട്ടില്ല. കഴിഞ്ഞ ബജറ്റിൽ പറഞ്ഞ അശ്വർഡ് പെൻഷൻ പദ്ധതി ഈ ബജറ്റിലും ആവർത്തിച്ചതല്ലാതെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ദിവസവേതന കരാർ ജീവനക്കാരുടെ ശമ്പളം വർധിപ്പിക്കാനുള്ള തീരുമാനം പിൻവാതിൽ നിയമനങ്ങളെ ഈ സർക്കാർ എത്രമാത്രം പ്രോത്സാഹിപ്പിക്കുന്നുഎന്നതിന്റെ തെളിവാണ്.
പിൻവാതിൽ നിയമനങ്ങളുടെ പറുദീസയായ സിവിൽ സർവീസിൽ ദിവസവേതനക്കാരുടെ വേതനം അഞ്ചു ശതമാനം വർദ്ധിപ്പിക്കുമ്പോഴും പി എസ് സി വഴി സ്ഥിരം നിയമനം ലഭിച്ച ജീവനക്കാരുടെ ആനുകൂല്യങ്ങൾ ഒന്നൊന്നായി കവർന്നെടുത്തിരിക്കുകയാണ്.
ബജറ്റ് പ്രസംഗത്തിന്റെ തുടക്കത്തിൽ ജീവനക്കാർക്ക് എന്തൊക്കെയോ ആനുകൂല്യങ്ങൾ നൽകുന്നു എന്ന് പ്രതീതി സൃഷ്ടിച്ചു പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയാണ് ബജറ്റിലൂടെ ധനമന്ത്രി നടത്തിയിട്ടുള്ളത് എന്ന് കെ ജി ഓ യു സംസ്ഥാന പ്രസിഡന്റ് കെ സി സുബ്രഹ്മണ്യനും, ജനറൽ സെക്രട്ടറി വി എം ഷൈനും പ്രസ്താവിച്ചു.