ജീവനക്കാർക്ക് വീണ്ടും 18% ക്ഷാമബത്ത കുടിശികയാകുന്നു.
കേന്ദ്ര- സംസ്ഥാന സർക്കാർ ജീവനക്കാരുടെ ഡി.എ വീണ്ടും കൂടും. 2025 ജനുവരി 1 മുതൽ ജൂൺ വരെ ബാധകമായ ക്ഷാമബത്തയിൽ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് 3%- വും സംസ്ഥാന സർക്കാർ ജീവനക്കാർ ക്ക് 2%-വും ക്ഷാമബത്ത വർദ്ധിക്കുമെന്ന് ഏറെക്കുറേ ഉറപ്പായി.
ക്ഷാമബത്തയെ കണക്കാക്കുന്ന ഏകകമായ ദേശീയ ഉപഭോക്തൃ വില സൂചികയുടെ 2024 ഡിസംബർ മാസത്തെ നിരക്ക് കേന്ദ്ര ലേബർ ബ്യൂറോ പ്രസിദ്ധീകരിച്ചിട്ടില്ലെങ്കിലും 2024 നവംബർ മാസം വരെയുള്ള കണക്കുകൾ പ്രകാരം തന്നെ കേന്ദ്ര ജീവനക്കാർക്കുള്ള ഡി.എ 3% ആയിരിക്കുമെന്ന് ഉറപ്പായി.
സംസ്ഥാന സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത കണക്കാക്കുന്നതിനുള്ള സമവാക്യ പ്രകാരം സംസ്ഥാന ജീവനക്കാർക്ക് 2025 ജനുവരി മുതൽ 2% ക്ഷാമബത്തയ്ക്കാണ് അർഹതയുണ്ടാകുക. കേന്ദ്ര സർക്കാർ ജീവനക്കാർക്ക് നിലവിൽ 53 % ആണ് ക്ഷാമബത്ത ലഭിക്കുന്നത്.
അടുത്ത മാസം പുതിയ ഗഡു കൂടി ലഭിക്കുന്നതോടെ ജീവനക്കാർക്ക് ആകെ 56% ക്ഷാമബത്ത ലഭിക്കും. സംസ്ഥാന സർക്കാർ ജീവനക്കാർക്ക് 2021 ജൂലൈ മാസം വരെയുള്ള 12% ക്ഷാമബത്തയാണ് നിലവിൽ ലഭിക്കുന്നത്. പുതിയ 2% കൂടി വരുന്നതോടെ ജീവനക്കാർക്കുള്ള ആകെ ഡി.എ 33% ആയും കുടിശ്ശിക ഡി.എ 21% ആയും ഉയരും.
2022 ജനുവരി മുതൽ 2025 ജനുവരി വരെയുള്ള 7 ഗഡു ക്ഷാമബത്തയാണ് ഇതോടെ സംസ്ഥാന സർക്കാർ ജീവനക്കാർക്ക് കുടിശ്ശിക ആകുന്നത്. ബഡ്ജറ്റിൽ ഒരു ഗഡു ഡി എ അനുവദിക്കുന്നതായി പ്രഖ്യാപിച്ച സാഹചര്യത്തിൽ കേരളത്തിലെ ജീവനക്കാരുടെ ക്ഷാമബത്ത കുടിശിക 18% ആയി കുറയും.