നിർമലയെ കടത്തിവെട്ടി ബാലഗോപാൽ; സംസ്ഥാന ബജറ്റിൽ വിമർശനം രൂക്ഷം

Nirmala Sitharaman and KN Balagopal Budget 2025

ധനമന്ത്രി കെ.എൻ. ബാലഗോപാൽ അദ്ദേഹത്തിന്റെ ആദ്യ ഭരണകാലഘട്ടത്തിലെ അവസാന സമ്പൂർണ്ണ ബജറ്റ് അവതരിപ്പിച്ചിരിക്കുന്നു. ജനപ്രിയമായ ബജറ്റ് പ്രതീക്ഷിച്ചിരുന്നിടത്ത് അതൊക്കെ അസ്ഥാനത്തായി എന്നതാണ് ബജറ്റിനെക്കുറിച്ചുള്ള രത്‌നച്ചുരുക്കം. ഏറെ പ്രതീക്ഷിച്ചിരുന്ന സർക്കാർ ജീവനക്കാർക്ക് കുടിശിക നൽകാനുണ്ടെന്നും നൽകുമെന്നുമുള്ള നിലപാടിലേക്ക് ധനമന്ത്രി എത്തിയെന്നുള്ളത് മാത്രമാണ് അവർക്കുള്ള ആശ്വാസം. ബാക്കി കിട്ടാനുള്ളതൊക്കെ അന്തരീക്ഷത്തിൽ തന്നെ നിൽക്കുന്ന അവസ്ഥയിലാണ് ബജറ്റ് അവതരണം അവസാനിച്ചത്.

കേന്ദ്ര അവഗണനയെക്കുറിച്ച് വിമർശനം പറയുന്ന ധനമന്ത്രി കെ.എൻ. ബാലഗോപാൽ അതിനെ അതിജീവിക്കുന്നതിനെക്കുറിച്ച് ഇപ്പോഴും വ്യക്തമായ ചിത്രത്തിലെത്തിയിട്ടില്ലെന്നതാണ് വസ്തുത. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ യൂണിയൻ ബജറ്റ് ഇത്തവണ പാർലമെന്റിൽ അവതരിപ്പിച്ചത് ഒന്നേകാൽ മണിക്കൂർ കൊണ്ടാണ്. കേരളത്തിന്റെ ബജറ്റ് അവതരണം ഇരട്ടി സമയമെടുത്ത് രണ്ടര മണിക്കൂർ നീണ്ടു. പ്രധാനപ്പെട്ടതു മാത്രം പറഞ്ഞാൽ മതിയെന്നു പറഞ്ഞ് സ്പീക്കർ തന്നെ ഒരുഘട്ടത്തിൽ ഇടപെട്ടുവെന്നതും ശ്രദ്ധേയമാണ്.

തദ്ദേശ സ്ഥാപനങ്ങളിലേക്ക് വരുന്ന തെരഞ്ഞെടുപ്പിനെ അവഗണിച്ചിട്ടില്ലെന്ന് ബജറ്റിന്റെ വായനയിൽ നിന്ന് മനസ്സിലാക്കാം. വരാൻ പോകുന്ന തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് പഞ്ചായത്തുകളെയും നഗരസഭകളെയും കേന്ദ്രീകരിച്ചുള്ള പ്രാദേശിക വികസന പദ്ധതി പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടായി. പ്രഖ്യാപനത്തിന് അപ്പുറത്തേക്ക് ഇതിനൊക്കെ വിഹിതവും കൃത്യമായ കർമപദ്ധതിയും എത്രത്തോളമുണ്ട് എന്ന ചോദ്യം ബാക്കിയാക്കി. ലൈഫ് പദ്ധതി, കാരുണ്യ പദ്ധതി, കെ-ഹോംസ്, ഉൾനാടൻ വർക്ക് സ്പേസ്, പഞ്ചായത്തുകളുടെയും മറ്റും ‘മിച്ച’ഭൂമി വിനിയോഗം എന്നിവക്കുള്ള പ്രത്യേക പരിഗണന തദ്ദേശ തെരഞ്ഞെടുപ്പിനെ ലക്ഷ്യമിട്ട് തന്നെയെന്ന് മനസ്സിലാക്കാം.

കേന്ദ്രത്തിന്റെ അവഗണനയെ നിശിതമായി വിമർശിക്കുന്നുണ്ട് ബജറ്റിൽ. അത് കേരളത്തിന്റെ പൊതുവായ പരാതിയുമാണ്. കേന്ദ്ര അവഗണനക്ക് ഊന്നൽ നൽകുമ്പോൾ തന്നെ, കേട്ടു തഴമ്പിച്ച പണഞെരുക്കമെന്ന സ്ഥിരം പല്ലവിക്ക് മാറ്റം വരികയാണെന്ന പ്രതീതി സൃഷ്ടിക്കാനാണ് ബജറ്റിന്റെ ആദ്യ വരികളിലൂടെ കെ.എൻ. ബാലഗോപാൽ ശ്രമിച്ചത്. പണഞെരുക്കം കേരളം അതിജീവിച്ചു തുടങ്ങിയെന്നും വരുംവർഷങ്ങളിൽ ധനസ്ഥിതി ഏറെ മെച്ചപ്പെടുമെന്നുമാണ് മന്ത്രി കെ.എൻ ബാലഗോപാൽ ഇപ്പോൾ വിശദീകരിക്കുന്നത്. എന്നാൽ, ശരിക്കും അതിജീവിച്ചു തുടങ്ങിയോ എന്ന് ചോദിച്ചാൽ ക്ഷേമപെൻഷൻ കുടിശിക പോലും കൊടുത്ത് തീർക്കാനുള്ള അവസ്ഥ എത്തിയിട്ടില്ലെന്ന് വ്യക്തമാണ്. 100 രൂപ പോലും വർദ്ധിപ്പിക്കാൻ സംസ്ഥാന സർക്കാരിന് സാധിച്ചിട്ടുമില്ല.

ക്ഷേമപെൻഷൻ വർധിപ്പിക്കുമെന്നൊരു പ്രതീതി സൃഷ്ടിക്കാൻ സംസ്ഥാന സർക്കാർ ശ്രമിച്ചിരുന്നു. എന്നാൽ അതുണ്ടായില്ല. പിണറായി സർക്കാറിന് രണ്ടാമൂഴം നൽകുന്നതിൽ പ്രധാന പ്രലോഭനമായി മാറിയ ഇനങ്ങളായിരുന്നു പെൻഷൻ, റേഷൻ കിറ്റ് എന്നിവയെന്ന വിമർശനം വ്യാപകമായിരുന്നു. മൂന്നാമൂഴത്തിനുള്ള പ്രലോഭന ഇനമായി പെൻഷൻ വർധന അടുത്ത വർഷത്തേക്ക് മാറ്റിവെച്ചിരിക്കുകയാണെന്ന് കരുതുന്നവർ ഏറെ. 12-ാം ശമ്പള കമീഷൻ ഇല്ലാതെ പോയത് ബജറ്റിന്റെ പോരായ്മയായി മുഴച്ചുനിൽക്കും.

ഭൂനികുതി, വാഹന നികുതി, കോടതി ഫീസ് തുടങ്ങിയവ വർധിപ്പിക്കുക വഴി അടുത്ത വർഷത്തെ അധിക വിഭവ സമാഹരണ ലക്ഷ്യം 366 കോടി രൂപയാണ്. റവന്യൂ കമ്മി അപ്പോഴും 27,125 കോടിയോളമുണ്ട്. റവന്യൂ വരവ് 1.52 ലക്ഷം കോടി, ചെലവ് 1.79 ലക്ഷം കോടി. പൊതു കടം 40,848 കോടി. നടപ്പു വർഷത്തെ പൊതുകടം അതിലും കുറവ്, 40,606 കോടിയാണ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments