News

ദേശാഭിമാനിക്ക് കിഫ്ബി നല്‍കിയത് 63 ലക്ഷം രൂപയുടെ പരസ്യം

കിഫ്ബി സിപിഎം മുഖപത്രമായ ദേശാഭിമാനിക്ക് 63 ലക്ഷം രൂപയുടെ പരസ്യം നൽകിയെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. 2018-19 ൽ ദേശാഭിമാനിക്ക് 3,53,430 രൂപയും 2020- 21 ൽ ദേശാഭിമാനി പബ്‌ളിക്കേഷൻസിന് 59,48,249 രൂപയും കിഫ്ബി പരസ്യ ഇനത്തിൽ നൽകിയിട്ടുണ്ട്.

പരസ്യ ഇനത്തിൽ കിഫ്ബി നൽകിയ തുകയുടെ വിശദാംശങ്ങൾ ബാലഗോപാൽ നിയമസഭയിൽ വെളിപ്പെടുത്തിയിരുന്നു. സർക്കാർ നികുതി വിഹിതമായും പ്രത്യേക സഹായമായും 22,113 കോടി രൂപ കിഫ്ബിക്ക് നൽകിയിട്ടുണ്ട്.

ജനങ്ങളുടെ നികുതി ഖജനാവിൽ എത്തി അതിന്റെ നിശ്ചിത വിഹിതം സർക്കാർ കിഫ്ബിക്ക് കൊടുക്കും. കിഫ്ബി ആ പണം പൂർണമായും വികസന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാതെ പാർട്ടി പത്രമായ ദേശാഭിമാനി അടക്കമുള്ളവർക്കും നൽകും. ഇതു കൂടാതെയാണ് കിഫ്ബി എടുത്ത കോടി കണക്കിന് രൂപയുടെ വായ്പ.

പല വായ്പകളും കൊള്ള പലിശക്കാണ് എടുത്തിരിക്കുന്നത്. മസാല ബോണ്ട് എടുത്തത് 9.723 ശതമാനം കൊള്ള പലിശക്കായിരുന്നു. 1,045 കോടിയോളം മസാല ബോണ്ടിന്റെ പലിശയായി മാത്രം കൊടുത്തത്. മസാല ബോണ്ട് അടക്കം 29,449 കോടിയുടെ വായ്പ കിഫ്ബി എടുത്തു. ഇതുവരെ തിരിച്ച് അടച്ചത് 5,940 കോടി രൂപ മാത്രം. 23,509 കോടി രൂപ വായ്പ ഇനത്തിൽ മാത്രം അടയ്ക്കാനുണ്ട്. പലിശ വേറെയും.

12 കൊല്ലം കൊണ്ട് തിരിച്ച് അടയ്‌ക്കേണ്ട വായ്പകളാണിവ. വരുന്ന സർക്കാരുകൾ മുന്നിലെ ഏറ്റവും വലിയ ബാധ്യത കിഫ്ബി ആകുമെന്ന് കണക്കുകളിൽ നിന്ന് വ്യക്തം.

KIIFB advertisement in Deshabhimani

സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യവികസന പദ്ധതികൾ നടപ്പിലാക്കാനാണ് കിഫ്ബി (കേരള ഇൻഫ്രാസ്ട്രക്ച്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ്) രൂപീകരിച്ചത്. ബജറ്റിന് അപ്പുറത്തേക്കുള്ള പദ്ധതി കേരള ഇൻഫ്രാസ്ട്രക്ച്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് നിയമം അനുസരിച്ച് 1999 നവംബർ 11നാണ് കിഫ്ബി ആരംഭിച്ചത്. 2016ൽ പിണറായി മുഖ്യമന്ത്രിയായും ഡോ.ടി.എം. തോമസ് ഐസക്ക് ധനമന്ത്രിയായും അധികാരമേറ്റെടുത്തപ്പോൾ കിഫ്ബിയുടെ ചട്ടങ്ങൾ പരിഷ്‌കരിച്ചു.

സാമ്പത്തിക മേഖലയിലെ മാന്ദ്യത്തെ ഫലപ്രദമായി പ്രതിരോധിക്കുക സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുക എന്നിവയായിരുന്നു ലക്ഷ്യങ്ങൾ. പക്ഷേ, ഇതിനെല്ലാം നേർവിപരീതമായ ഫലങ്ങളാണ് കിഫ്ബി സംസ്ഥാന സാമ്പത്തികാവസ്ഥയോട് ചെയ്ത് കൊണ്ടിരിക്കുന്നത്. നിർമ്മിക്കുന്ന റോഡുകൾക്ക് ടോൾ ഏർപ്പെടുന്നത് ഉൾപ്പെടെയുള്ള സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കുകയാണ് കിഫ്ബി ഇപ്പോൾ. കിഫ്ബി വഴി പണം കടമെടുക്കാൻ തുടങ്ങിയപ്പോഴും പദ്ധതികൾ നടപ്പിലാക്കാൻ തുടങ്ങിയപ്പോഴും യൂസർ ഫീ, ടോൾ പോലുള്ള കാര്യങ്ങൾ ചെയ്യില്ലെന്ന് പറഞ്ഞ തോമസ് ഐസക്ക് തന്നെ ഇപ്പോൾ കാര്യങ്ങൾ മാറ്റിപ്പറയുന്നു. കാലം മാറുമ്പോൾ വാക്കും മാറുന്നയാളായി പിണറായിയും കൂട്ടരും മാറിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *