കാരുണ്യയ്ക്കും മരുന്ന് വിതരണം കമ്പനികൾക്കും കുടിശിക 2273.96 കോടി
ആരോഗ്യ വകുപ്പിന് പണം കൊടുക്കാതെ ധനമന്ത്രി കെ.എൻ ബാലഗോപാൽ. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി, മരുന്ന് വിതരണം ചെയ്ത കമ്പനികൾ എന്നിവയ്ക്ക് പോലും ബാലഗോപാൽ പണം കൊടുക്കുന്നില്ല. കാരുണ്യക്കും മരുന്ന് വിതരണ കമ്പനിക്കും 2273. 96 കോടി കുടിശിക ഉണ്ടെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് നിയമസഭയിൽ വെളിപ്പെടുത്തി.
കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയിലെ കുടിശിക 1580.18 കോടിയാണ്. സർക്കാർ ആശുപത്രിക്ക് 1203. 59 കോടിയും സ്വകാര്യ ആശുപത്രിക്ക് 376.59 കോടിയും കുടിശിക തുക നൽകാനുണ്ടെന്ന് ജനുവരി 23 ന് നിയമസഭയിൽ നൽകിയ മറുപടിയിൽ വീണ ജോർജ് വ്യക്തമാക്കി.പദ്ധതിക്ക് 151.33 കോടി രൂപയാണ് കേന്ദ്ര വിഹിതമായി ലഭിക്കുന്നത്.
കേന്ദ്ര വിഹിതത്തിൽ കുടിശിക ഇല്ലെന്നും വീണ ജോർജ് പറഞ്ഞു.സർക്കാർ ആശുപത്രികൾക്ക് മരുന്ന് സംഭരിച്ച വകയിൽ 693.78 കോടി മരുന്ന് വിതരണം ചെയ്ത കമ്പനികൾക്ക് കുടിശിക നൽകാനുണ്ടെന്നും വീണ ജോർജ് കെ. ബാബു എം.എൽ എ ചോദ്യത്തിന് മറുപടി നൽകി.2020- 21 മുതൽ 2024- 25 വരെയുള്ള കുടിശികയാണിത്.
2020- 21 ൽ 6.93 കോടിയും 2021-21 ൽ 8.86 കോടിയും 2022-23 ൽ 9. 97 കോടിയും 2023 – 24 ൽ 284.74 കോടിയും 2024-25 ൽ 383.26 കോടിയും ആണ് മരുന്ന് വിതരണ കമ്പനികൾക്ക് കുടിശിക ഇനത്തിൽ വിതരണം ചെയ്യാൻ ഉള്ളത്.