ലണ്ടൻ സർവീസ് പുനരാരംഭിക്കും; എയർ ഇന്ത്യയുമായി ചർച്ച നടത്തി സിയാൽ

കേരളത്തിൽ നിന്നുള്ള ഏക യൂറോപ്യൻ സർവീസായ എയർ ഇന്ത്യ കൊച്ചി-ലണ്ടൻ വിമാനം മാസങ്ങൾക്കുള്ളിൽ പുനരാരംഭിച്ചേക്കും.

മാർച്ച് 28 മുതൽ സർവീസ് നിർത്തിവയ്ക്കാനുള്ള എയർ ഇന്ത്യയുടെ അറിയിപ്പിനെത്തുടർന്ന് സിയാൽ അധികൃതർ ബുധനാഴ്ച എയർ ഇന്ത്യയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ച ധാരണയായത്.

ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് കൊച്ചിയിൽ നിന്ന് ലണ്ടൻ ഗാറ്റ്‌വിക്കിലേക്ക് എയർ ഇന്ത്യ ഡ്രീംലൈനർ വിമാനം നിലവിൽ സർവീസ് നടത്തുന്നത്.

നിലവിലെ ശീതകാല ഷെഡ്യൂൾ അവസാനിക്കുന്നതോടെ, തിരക്കേറിയ ഈ സർവീസ്, മാർച്ച് 28 ന് നിർത്തുമെന്ന് എയർ ഇന്ത്യ അറിയിച്ചിരുന്നു.

സംസ്ഥാന സർക്കാർ നിർദേശപ്രകാരം മാനേജിങ് ഡയറക്ടർ എസ്.സുഹാസ് ബുധനാഴ്ച ഗുർഗാവിലെ ആസ്ഥാനത്ത് എയർ ഇന്ത്യ അധികൃതരുമായി ചർച്ച നടത്തി. എയർ ഇന്ത്യ ഗ്രൂപ്പ് ഹെഡ് പി.ബാലാജി, സിയാൽ എയർപോർട്ട് ഡയറക്ടർ മനു ജി. എന്നിവർ പങ്കെടുത്തു.

എയർ ഇന്ത്യയുടെ ലണ്ടൻ വിമാന സർവീസ്, ലാഭകരമാക്കാനുള്ള പാക്കേജ്, ചർച്ചയിൽ സിയാൽ അവതരിപ്പിച്ചു. സർവീസ് മുടങ്ങാതിരിക്കാൻ നടപ്പിലാക്കേണ്ട കാര്യങ്ങളെക്കുറിച്ചും ഏകദേശ ധാരണയായി.

ഇക്കാര്യത്തിൽ സാങ്കേതിക അനുമതിയ്ക്ക് ശേഷം, മാസങ്ങൾക്കുള്ളിൽ സർവീസ് പുനരാരംഭിക്കാനാകുമെന്നും വിമാനങ്ങളുടെ ലഭ്യത അനുസരിച്ച് ഈ റൂട്ടിൽ സർവീസുകളുടെ എണ്ണം വർധിപ്പിക്കാനാകുമെന്നും എയർ ഇന്ത്യ അറിയിച്ചു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments