
ജീവനക്കാർക്ക് വെറും 2021 ലെ ക്ഷാമബത്ത! ഐ.എ.എസുകാർക്കും ജഡ്ജിമാർക്കും ക്ഷാമബത്ത ഉടനടി; കെ.എൻ. ബാലഗോപാലിന് വിമർശനം
ക്ഷാമബത്തയും ക്ഷാമ ആശ്വാസവും ആണ് സംസ്ഥാനത്തെ ജീവനക്കാരുടേയും പെൻഷൻകാരുടേയും ഇടയിലെ പ്രധാന ചർച്ച വിഷയം. അനന്തമായി ക്ഷാമബത്ത കുടിശിക ഉയർന്നതാണ് പ്രധാന ചർച്ച വിഷയമായി മാറാൻ കാരണം.
ജീവനക്കാർക്കും പെൻഷൻകാർക്കും ലഭിക്കുന്നത് 2021 ജൂലൈ നിരക്കിലെ ക്ഷാമബത്തയും ക്ഷാമ ആശ്വാസവും ആണ്. മറുവശത്ത് ജഡ്ജി, ഐ.എ.എസ്, ഐ.പി.എസ് എന്നിവർക്ക് ക്ഷാമബത്ത കൃത്യമായി നൽകുന്നുണ്ട്. ഏറ്റവും അവസാനം കേന്ദ്രം പ്രഖ്യാപിച്ച 2024 ജൂലൈ പ്രാബല്യത്തിലുള്ള ക്ഷാമബത്തയും ഇവർക്ക് അനുവദിച്ചു. അതിൻ്റെ കുടിശിക പണമായി നൽകാനും ഉത്തരവിറങ്ങി.
2021 ൽ ജീവനക്കാർക്കും പെൻഷൻകാർക്കും പ്രഖ്യാപിച്ച 5 ശതമാനം ക്ഷാമബത്ത, ക്ഷാമ ആശ്വാസത്തിന് ആകട്ടെ കുടിശികയും നിഷേധിച്ചിരുന്നു.നിലവിൽ കേരളത്തിൽ 6 ഗഡുക്കൾ ആണ് ക്ഷാമബത്ത കുടിശിക. കേന്ദ്രം 2025 ൽ പ്രഖ്യാപിക്കുന്ന 2 ഗഡു ക്ഷാമബത്ത കൂടി കണക്കാക്കിയാൽ സംസ്ഥാനം നൽകാനുള്ള ക്ഷാമബത്ത കുടിശിക 8 ഗഡുക്കളായി ഉയരും. 2 ഗഡു ഒരു സാമ്പത്തിക വർഷം തരുമെന്നാണ് ധനമന്ത്രിയുടെ വാഗ്ദാനം. 6 ഗഡു സ്ഥിരം കുടിശികയായി നിലനിൽക്കും എന്ന് വ്യക്തം.
ഡി.എ കുടിശികയിൽ രാജ്യത്ത് ഒന്നാം സ്ഥാനത്താണ് കേരളം. ഡിഎയിലും ഡിഎ കുടിശ്ശികയിലുമായി ജീവനക്കാരിൽ നിന്നും ആകെ കവർന്നത് 1,76,830 രൂപ മുതൽ 12,83,304 രൂപ വരെയാണ്. 19% വരുന്ന ആറു ഗഡു ഡിഎ ജീവനക്കാർക്ക് കുടിശ്ശികയാണ്. പ്രതിമാസ നഷ്ടം 4,370 രൂപ മുതൽ 31,692 രൂപ വരെയാണ്.
ഫെബ്രുവരി 7 ലെ ബജറ്റിൽ ബാലഗോപാൽ എത്ര ഗഡു ഡി.എ പ്രഖ്യാപിക്കും എന്ന ആകാക്ഷയിലാണ് ജീവനക്കാരും പെൻഷൻകാരും. കഴിഞ്ഞ ബജറ്റിൽ ഒരു ഗഡു ഡി. എ ആണ് ബാലഗോപാൽ പ്രഖ്യാപിച്ചത്. തൊട്ട് പിന്നാലെ നടന്ന ലോകസഭ തെരഞ്ഞെടുപ്പിൽ ദയനീയമായി തോറ്റതോടെ ഒരു ഗഡു കൂടി അനുവദിച്ചു. തെരഞ്ഞെടുപ്പിൽ തോറ്റാൽ മാത്രമേ ക്ഷാമബത്ത അനുവദിക്കൂ എന്ന സ്ഥിതിയാണ് സംസ്ഥാനത്ത് ഉള്ളത്.